| Tuesday, 15th September 2026, 4:25 pm

ഇസ്രഈല്‍ കുടിയേറ്റങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രസാധ്യതകളെ ദുര്‍ബലപ്പെടുത്തുന്നു: പോര്‍ച്ചുഗീസ് വിദേശകാര്യമന്ത്രി

ദേവിക ജയചന്ദ്രന്‍

ലിസ്ബണ്‍: വെസ്റ്റ് ബാങ്കിലെയും കിഴക്കന്‍ ജറുസലേമിലെയും ഇസ്രഈല്‍ കുടിയേറ്റങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തിന്റെ സാധ്യതകളെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് പോര്‍ച്ചുഗീസ് വിദേശകാര്യമന്ത്രി പൗലോ റാന്‍ഷെല്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രഈലിന്റെ ഇ1 സെറ്റില്‍മെന്റ് പദ്ധതി അങ്ങേയറ്റം ദോഷകരമാണെന്നു പറഞ്ഞ അദ്ദേഹം അത് വെസ്റ്റ് ബാങ്കിനെ വിഭജിക്കുകയും കിഴക്കന്‍ ജറുസലേമിനെ ഒറ്റപ്പെടുത്തുകയും ചെയ്യുമെന്ന് കൂട്ടിച്ചേര്‍ത്തു. മാത്രമല്ല ഇത് ദ്വിരാഷ്ട്ര പരിഹാരവുമായി പൊരുത്തപ്പെട്ടുപോവുകയുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഫലസ്തീനികളുടെ നികുതി വരുമാനം ഇസ്രഈല്‍ തടഞ്ഞുവെച്ചത് ഫലസ്തീന്‍ അതോറിറ്റിയുടെ സാമ്പത്തിക സ്ഥിതിയെ ക്രൂരമായി ശ്വാസം മുട്ടിക്കുന്നതിനു തുല്യമാണെന്നും ഇത് സമ്പദ് വ്യവസ്ഥ പ്രവര്‍ത്തിക്കുന്നത് തടയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലിസ്ബണില്‍ ഫലസ്തീന്‍ വിദേശകാര്യ മന്ത്രി വാര്‍സെന്‍ അഘബെക്കിയന്‍ ഷാഹിനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പൗലോ റാന്‍ഷലിന്റെ പ്രതികരണം.

2025ല്‍ പോര്‍ച്ചുഗല്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചിരുന്നു.

കിഴക്കന്‍ ജറുസലേമിലെ ക്രിസ്ത്യന്‍ സ്‌കൂളുകള്‍ അടച്ചത് സ്ഥിതിഗതികള്‍ വഷളാവുന്നതിന്റെ സൂചനയാണെന്നും പൗലോ റാന്‍ഷല്‍ പറഞ്ഞു. ഇസ്രഈലിനും ഫലസ്തീനും ഇടയിലെ സമാധാനപരമായ പ്രശ്‌നപരിഹാരത്തിന് ദ്വിരാഷ്ട്ര പരിഹാരം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇസ്രഈലി കുടിയേറ്റപ്രദേശങ്ങളിലേക്കുള്ള ഇറക്കുമതി തടയുമെന്ന യു.കെ, ഫ്രാന്‍സ്, കാനഡ എന്നീ രാജ്യങ്ങള്‍ തീരുമാനമെടുത്തതിനു മറുപടിയായി കിഴക്കന്‍ ജറുസലേമിലെ ബ്രിട്ടീഷ് കോണ്‍സുലേറ്റ് അടക്കുമെന്ന് കഴിഞ്ഞയാഴ്ച ഇസ്രഈല്‍ പ്രഖ്യാപിച്ചിരുന്നു.

Content Highlights: Portugal says Israel undermining Palestinian state through settlement expansion

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more