| Sunday, 7th June 2026, 3:58 pm

കളത്തിലിറങ്ങിയാല്‍ വല്യേട്ടന്‍ വീഴും; ചരിത്ര നിമിഷത്തിനരികെ റൊണാള്‍ഡോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

2026 ലോക ഫുട്‌ബോള്‍ മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ ലോകം. മെക്‌സിക്കോ, കാനഡ, യു.എസ്.എ തുടങ്ങിയ മൂന്ന് വ്യത്യസ്ത രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ഈ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവുമധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റാണ്. 48 രാജ്യങ്ങളാണ് ഇത്തവണ കിരീടത്തിനായി പോരാട്ടത്തിനിറങ്ങുന്നത്.

ഇതുവരെ തന്റെ കരിയറില്‍ സ്വന്തമാക്കാന്‍ സാധിക്കാത്ത ലോക കിരീടം പോര്‍ച്ചുഗലിനോപ്പം സ്വന്തമാക്കാനായിരിക്കും റൊണാള്‍ഡോ ഇത്തവണ ലക്ഷ്യം വെക്കുക. ഈ ലോകകപ്പില്‍ റൊണാള്‍ഡോക്ക് ഒരു ചരിത്രനേട്ടം സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.

ക്രിസ്റ്റ്യാനോ റൊണാൾഡോ

ഈ നേട്ടം സ്വന്തമാക്കാന്‍ ഗോളോ അസിസ്റ്റോ ഒന്നും പോര്‍ച്ചുഗീസ് ഇതിഹാസത്തിനു ആവശ്യമില്ല കളത്തിലിറങ്ങിയാല്‍ മാത്രം മതി. ലോകകപ്പില്‍ പോര്‍ച്ചുഗലിനായി കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടമാണ് റൊണാള്‍ഡോ ലക്ഷ്യം വെക്കുന്നത്. തന്റെ 41ാം വയസിലാണ് റൊണാള്‍ഡോ ലോകം കീഴടക്കാനെത്തുന്നത്.

നിലവില്‍ ഈ നേട്ടം പെപെയുടെ പേരിലാണ്. 2022 ഖത്തര്‍ ലോകകപ്പില്‍ 39 വയസും 283 ദിവസവും പ്രായമുള്ളപ്പോഴാണ് പെപെ ലോകകപ്പിലിറങ്ങിയത്. റൊണാള്‍ഡോ ആദ്യ മത്സരത്തില്‍ ഇറങ്ങിയാല്‍ ഈ റെക്കോഡ് തകരും.

പെപ്പെ

2006, 2010, 2014, 2018, 2022 എന്നീ ടൂര്‍ണമെന്റുകളില്‍ കളത്തിലിറങ്ങിയ റൊണാള്‍ഡോ ആറാം ലോകകപ്പിനാണ് ഒരുങ്ങുന്നത്. നിലവില്‍ തന്റെ 41ാം വയസിലും പ്രായം തളര്‍ത്താത്ത പോരാട്ടവീര്യമാണ് റൊണാള്‍ഡോ നടത്തിക്കൊണ്ടിരിക്കുന്നത്. ലോകകപ്പിലും റൊണാള്‍ഡോയുടെ കാലുകളില്‍ നിന്നും അത്ഭുതങ്ങള്‍ പിറക്കുമെന്നാണ് ഫുട്‌ബോള്‍ ലോകം ഉറച്ചുവിശ്വസിക്കുന്നത്.

ലോകകപ്പില്‍ ഗ്രൂപ്പ് കെ.യിലാണ് പറങ്കിപ്പട ഇടം നേടിയിട്ടുള്ളത്. കൊളംബിയ, ഉസ്ബക്കിസ്ഥാന്‍, ഡി.ആര്‍. കോംഗോ എന്നിവരാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ജൂണ്‍ 17ന് ഡി.ആര്‍. കോംഗോക്കെതിരെയാണ് റൊണാള്‍ഡോയുടെയും സംഘത്തിന്റെയും ആദ്യ മത്സരം.

2022 ലോകകപ്പില്‍ പോര്‍ച്ചുഗലിന് ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ മാത്രമേ എത്താന്‍ സാധിച്ചുള്ളൂ. ക്വാര്‍ട്ടറില്‍ മൊറോക്കോയോട് പരാജയപ്പെട്ടാണ് പോര്‍ച്ചുഗല്‍ പുറത്തായത്. അതുകൊണ്ട് തന്നെ ഇത്തവണ വിശ്വകിരീടം ചൂടി മടങ്ങാനാവും റൊണാള്‍ഡോ ലക്ഷ്യം വെക്കുക.

Content Highlight: Portugal legend Cristiano Ronaldo set to history in 2026 world cup

We use cookies to give you the best possible experience. Learn more