| Saturday, 20th September 2025, 12:17 pm

ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ പോര്‍ച്ചുഗലും; തീരുമാനം 15 വർഷം നീണ്ട ചർച്ചകൾക്ക് ശേഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലിസ്ബണ്‍: ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ യൂറോപ്യന്‍ രാജ്യമായ പോര്‍ച്ചുഗലും. ഗസക്കെതിരെയായ ഇസ്രാഈല്‍ യുദ്ധം ചര്‍ച്ചചെയ്യാന്‍ ചേരുന്ന യു.എന്‍ ജനറല്‍ അസ്സംബ്ലിക്ക് മുന്നോടിയായി സെപ്റ്റംബര്‍ 21ന് ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കും. കഴിഞ്ഞ ദിവസമാണ് പോര്‍ച്ചുഗല്‍ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

‘പോര്‍ച്ചുഗല്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിക്കുന്നു. അടുത്തയാഴ്ച നടക്കുന്ന യു.എന്നിലെ ഉന്നതതല കോണ്‍ഫറന്‍സിന് മുന്നോടിയായി സെപ്റ്റംബര്‍ 21, ഞായറാഴ്ച ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കും,’ വിദേശകാര്യ മന്ത്രാലയം അവരുടെ വെബ്സൈറ്റില്‍ കുറിച്ചു.

15 വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് വിരാമമിട്ടാണ് പോര്‍ച്ചുഗല്‍ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാന്‍ ഒരുങ്ങുന്നത്. 2011ല്‍ രാജ്യത്തെ ഇടതുപാര്‍ട്ടികളാണ് ഈ നിര്‍ദേശം ആദ്യമായി മുന്നോട്ടുവെച്ചത്. ഇസ്രഈല്‍ ഫലസ്തീന്റെ ഭൂമി പിടിച്ചെടുക്കുന്നെന്നും സംഘര്‍ഷം ആശങ്കാജനകമെന്നും ജൂലൈയില്‍ പോര്‍ച്ചുഗല്‍ പറഞ്ഞിരുന്നു.

പോര്‍ച്ചുഗല്‍ മധ്യ വലതുപക്ഷ പ്രധാനമന്ത്രി ലൂയിസ് മോണ്ടിനെഗ്രോ, പ്രസിഡന്റും പാര്‍ലമെന്റുമായും ചര്‍ച്ചകള്‍ നടത്തിയതിന് ശേഷമാണ് ഈ തീരുമാനത്തിലെത്തിയതെന്ന് പോര്‍ച്ചുഗല്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഈ പ്രഖ്യാപനത്തോടെ, പോര്‍ച്ചുഗല്‍ സെപ്റ്റംബറില്‍ യു.എന്നില്‍ ഫലസ്തീനെ അംഗീകരിക്കാന്‍ പദ്ധതിയിടുന്ന രാജ്യങ്ങളുടെ ഭാഗമായി. ഓസ്‌ട്രേലിയ, കാനഡ, ഫ്രാന്‍സ്, യുണൈറ്റഡ് കിങ്ഡം എന്നിവരാണ് പലസ്തീനെ അംഗീകരിക്കുന്ന മറ്റ് രാജ്യങ്ങള്‍.

പോര്‍ച്ചുഗലിന്റെ അയല്‍ രാജ്യമായ സ്‌പെയിന്‍ അയര്‍ലണ്ടിനും നോര്‍വെയ്ക്കുമൊപ്പം 2024 മെയ് മാസം തന്നെ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചിരുന്നു. എന്നാല്‍, ഈ വിഷയത്തില്‍ ആദ്യം യൂറോപ്യന്‍ യൂണിയനുമായി ഒരു പൊതു നിലപാട് രൂപപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു പോര്‍ച്ചുഗലിന്റെ നിലപാട് .

അതേസമയം, ഇസ്രയേല്‍ ഫലസ്തീനില്‍ നടത്തുന്ന വംശഹത്യ രണ്ട് വര്‍ഷത്തിനോട് അടുക്കുകയാണ്. ആക്രമണങ്ങളില്‍ 68000ലധികം ഫലസ്തീനികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതില്‍ അന്താരാഷ്ട്ര സമൂഹത്തില്‍ ഇസ്രഈലിനെതിരെ പ്രതിഷേധം ശക്തമാവുന്നതിനിടെയിലാണ് പോര്‍ച്ചുഗലും ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നത്.

Content Highlight: Portugal is to officially recognize Palestine State

Latest Stories

We use cookies to give you the best possible experience. Learn more