ലിസ്ബണ്‍: ഇറാന്‍-യു.എസ് യുദ്ധത്തിനിടെ പോര്‍ച്ചുഗലിലെ ലാജസ് വ്യോമതാവളം യു.എസ് സൈന്യം ഉപയോഗിച്ചതിനെതിരെ പോര്‍ച്ചുഗീസ് പ്രൊസിക്യൂട്ടര്‍മാര്‍ അന്വേഷണം ആരംഭിച്ചു. ആഭ്യന്തര-അന്തര്‍ദേശീയ നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ ബ്ലോക്ക് ഏപ്രിലില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പോര്‍ച്ചുഗല്‍ മെയിന്‍ലാന്‍ഡില്‍ നിന്നും 1600 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി അറ്റ്‌ലാന്റിക് സമുദ്രത്തിലെ അസോഴ്‌സ് ദ്വീപസമൂഹത്തിലാണ് വ്യോമതാവളം സ്ഥിതിചെയുന്നത്.
പോര്‍ച്ചുഗലും യു.എസും തമ്മിലുള്ള പഴയൊരു കരാര്‍ പ്രകാരം, സമാധാനകാലത്ത് മുന്‍കൂര്‍ അനുമതിയില്ലാതെ തന്നെ യു.എസ് സൈന്യത്തിന് വ്യോമതാവളം ഉപയോഗിക്കാം. എന്നാല്‍ യുദ്ധകാലത്ത് ഉപയോഗിക്കാന്‍ പോര്‍ച്ചുഗല്‍ സര്‍ക്കാരിന്റെ അനുമതി വേണം.
ഒന്നുകില്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര നിയമങ്ങളും പോര്‍ച്ചുഗീസ് നിയമങ്ങളും ലംഘിച്ചു, അല്ലെങ്കില്‍ നിയമവിരുദ്ധമായ ഒന്നില്‍ നിന്ന് സ്വയം പിന്മാറാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടായില്ല എന്ന് ലെഫ്റ്റ് ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ജോസ് മാനുവേല്‍ പുരേസ പറഞ്ഞിരുന്നു.
എന്നാല്‍ വ്യോമതാവളം സംബന്ധിച്ചുള്ള കരാറിന്റെയോ അന്താരാഷ്ട്ര നിയമത്തിന്റെയോ ലംഘനം പോര്‍ച്ചുഗീസ് വിദേശകാര്യമന്ത്രി പൗലോ റാങ്കേല്‍ നിഷേധിച്ചിരുന്നു.
യുദ്ധത്തില്‍ ലാജസ് ഉപയോഗിക്കാന്‍ അനുമതി നല്‍കിയത് ഇറാനെ ലക്ഷ്യമിട്ടുള്ള എല്ലാ ആക്രമണങ്ങളും പ്രതിരോധപരവും ആവശ്യമായതുമാണെന്ന് യു.എസ് ഉറപ്പുനല്‍കിയതിന് ശേഷമാണെന്നും വിദേശകാര്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സൈനികകേന്ദ്രങ്ങളില്‍ മാത്രം ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ മാത്രമാണ് ലാജസ് വഴി നടത്തിയതെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ ഇത് വിശ്വസിക്കില്ലെന്നും ലാജസ് യുദ്ധാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെന്ന് പറയുന്നത് സത്യമല്ലെന്നും ജോസ് മാനുവേല്‍ പുരേസ പറഞ്ഞു.
അന്വേഷണത്തിന്റ നിഗമനങ്ങള്‍ക്കായി കാത്തിരിക്കേണ്ടത് അനിവാര്യമാണെന്നും നടപടി സ്വീകരിച്ചത് പാര്‍ട്ടി നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസ് അംഗീകരിക്കുന്നുണ്ടെന്നതിന്റെ തെളിവാണെന്നും പുരേസ പറഞ്ഞു.
Content Highlight: Portugal investigates US use of Lajes Air Base ahead of Iran war.