2026 ഫിഫ ലോകകപ്പിന് പന്തുരുളാന്‍ മാസങ്ങളുടെ വ്യത്യാസം മാത്രമാണുള്ളത്. ടൂര്‍ണമെന്റ് അടുക്കുമ്പോള്‍ തന്നെ ആരായിരിക്കും ഇത്തവണത്തെ ചാമ്പ്യന്മാര്‍ എന്ന ചോദ്യവും അന്തരീക്ഷത്തില്‍ ഉയരുന്നുണ്ട്. പതിവുപോലെ ബ്രസീല്‍, അര്‍ജന്റീന, പോര്‍ച്ചുഗല്‍ എന്നീ തുടങ്ങിയ ടീമുകള്‍ ആരാധകര്‍ തങ്ങള്‍ തന്നെ കിരീടം ഉയര്‍ത്തുമെന്ന പ്രതീക്ഷയാണ് പങ്കുവെക്കുന്നത്.
ഈ ലോകകപ്പിന് കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് മെസിയെത്തുന്നത്. അതേസമയം, താരത്തിന്റെ എതിരാളി റൊണാള്‍ഡോ ആദ്യ കിരീടം തേടിയാണ് ഇറങ്ങുന്നത്. അങ്ങനെ താരത്തിന് കിരീടം നേടാനായാല്‍ റോണോയുടെ കരിയറിന്റെ തികഞ്ഞ അവസാനമായിരിക്കുമെന്ന് മുന്‍ പോര്‍ച്ചുഗല്‍ താരം നാനി പറഞ്ഞിരുന്നു.
നാനി. Photo: Football on TNT Sports/x.com
2026ല്‍ വരാനിരിക്കുന്ന ഫുട്ബോള്‍ ലോകകപ്പ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. 2024 ല്‍ കവേഴ്സിന് നല്‍കിയ അഭിമുഖത്തിലാണ് നാനി റൊണാള്‍ഡോയെ കുറിച്ച് സംസാരിച്ചത്.
‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഈ ലോകകപ്പ് വളരെ പ്രധാനപ്പെട്ടതാണ്. അവിടെ മികച്ച പ്രകടനം കാഴ്ചവെച്ച് കിരീടം ഉയര്‍ത്താന്‍ സാധിച്ചാല്‍ അത് അദ്ദേഹത്തിന്റെ കരിയറിന്റെ തികഞ്ഞ അവസാനമായിരിക്കും. എപ്പോഴും ചെയ്യുന്നത് പോലെ തന്റെ രാജ്യത്തിനായി അവന്‍ തന്റെ മികച്ച പ്രകടനം തന്നെ നടത്തും.
ലോകകപ്പിനായി റൊണാള്‍ഡോ കഠിന പരിശ്രമം നടത്തും. അവന്‍ എത്ര മികച്ച രീതിയിലാണ് കളിക്കുന്നതെന്ന് കാണാന്‍ നമുക്ക് സാധിക്കും. അതിനാല്‍ തന്നെ അവന് ഇത് മികച്ച സീസണായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്,’ നാനി പറഞ്ഞു.
ക്രിസ്റ്റ്യാനോ റൊണാൾഡോ. Photo: TCR/x.com
2024ല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ച നാനി റൊണാള്‍ഡോയ്ക്കൊപ്പം പന്ത് തട്ടിയിട്ടുണ്ട്. പോര്‍ച്ചുഗലിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും വേണ്ടിയാണ് ഇരുവരും ഒരുമിച്ച് കളത്തില്‍ ഇറങ്ങിയത്.
അതേസമയം, ജൂണ്‍ 11 മുതലാണ് 2026 ഫിഫ ലോകകപ്പ് തുടങ്ങുന്നത്. ജൂലൈ 19 ടൂര്‍ണമെന്റിന്റെ കലാശപ്പോര്. ലോകകകപ്പില്‍ ഗ്രൂപ്പ് കെയിലാണ് പോര്‍ച്ചുഗല്‍ ഇടം പിടിച്ചിട്ടുള്ളത്.
Content Highlight: Portugal footballer Nani said that 2026 FIFA World Cup is crucial for Cristiano Ronaldo