| Monday, 9th February 2026, 8:46 am

പോര്‍ച്ചുഗലിന് സോഷ്യലിസ്റ്റ് പ്രസിഡന്റ്; തീവ്ര വലത് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി സെഗ്യൂറോ അധികാരത്തിലേക്ക്

ആദര്‍ശ് എം.കെ.

ലിസ്ബണ്‍: 20 വര്‍ഷത്തിന് ശേഷം പോര്‍ച്ചുഗലിന് ഇടതുപക്ഷ പ്രസിഡന്റ്. രണ്ടാം വട്ട തെരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ സ്ഥാനാര്‍ത്ഥിയും ചേഗ പാര്‍ട്ടി നേതാവുമായ ആന്ദ്രേ വെഞ്ചൂറയെ പരാജയപ്പെടുത്തി സോഷ്യലിസ്റ്റ് നേതാവ് അന്റോണിയോ ജോസ് സെഗ്യൂറോ വിജയിച്ചു.

ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 66 ശതമാനത്തിലധികം വോട്ടുകള്‍ നേടി ലാന്‍ഡ് സ്ലൈഡ്‌ വിക്ടറിയാണ് സെഗ്യൂറോ സ്വന്തമാക്കിയത്. 34 ശതമാനം വോട്ട് വെഞ്ചൂറ സ്വന്തമാക്കി.

അന്റോണിയോ ജോസ് സെഗ്യൂറോ. Photo: x.com

സോഷ്യലിസ്റ്റുകള്‍ക്ക് പുറമേ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങളുടേയും പിന്തുണ 63കാരനായ സെഗ്യൂറോക്ക് ലഭിച്ചിരുന്നു. മാഴ്‌സലോ റെബെലോ ഡിസൂസയുടെ പിന്‍ഗാമിയായിട്ടാവും സെഗ്യൂറോ അധികാരത്തിലെത്തുക.

കഴിഞ്ഞമാസം നടന്ന ആദ്യവട്ട വോട്ടെടുപ്പിലും സെഗ്യൂറോ തന്നെയാണ് ഒന്നാമതെത്തിയത്. 31.1 ശതമാനം വോട്ടുകളാണ് അദ്ദേഹം നേടിയത്. വെഞ്ചൂറ രണ്ടാമതും. എന്നാല്‍ ആര്‍ക്കും 50 ശതമാനത്തിലധികം വോട്ടുകള്‍ നേടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വോട്ടെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് നീണ്ടത്.

40 വര്‍ഷത്തിനിടെ ആദ്യമായാണ് പോര്‍ച്ചുഗല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാം റൗണ്ടിലേക്ക് നീണ്ടത് എന്നതും ശ്രദ്ധേയമാണ്.

പരാജയപ്പെട്ടെങ്കിലും, പോര്‍ച്ചുഗലില്‍ ഒരു തീവ്ര വലതുപക്ഷ സ്ഥാനാര്‍ത്ഥി ആദ്യമായാണ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലേക്ക് എത്തിയത് എന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനേക്കാള്‍ മികച്ച മുന്നേറ്റമുണ്ടാക്കാനും തീവ്ര വലത് സ്ഥാനാര്‍ത്ഥിക്ക് സാധിച്ചു. അന്ന് 22.8 ശതമാനം വോട്ടുകളാണ് വെഞ്ചൂറയുടെ ചേഗ പാര്‍ട്ടി നേടിയത്.

ആന്ദ്രേ വെഞ്ചൂറ. Photo: Wikipedia

കനത്ത മഴയെയും പ്രളയത്തെയും അവഗണിച്ചും വോട്ടര്‍മാര്‍ വലിയ തോതില്‍ പോളിങ് ബൂത്തിലെത്തി. പ്രളയക്കെടുതിയെത്തുടര്‍ന്ന് ചിലയിടങ്ങളില്‍ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന വെഞ്ചുറയുടെ ആവശ്യം അധികൃതര്‍ തള്ളിയിരുന്നു.

താന്‍ ഒരു ‘ആധുനിക മിതവാദി’ (മോഡേണ്‍ ആന്‍ഡ് മോഡറേറ്റ്) ആണെന്നും ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുമെന്നും സെഗ്യൂറോ പ്രചാരണ വേളയില്‍ വാഗ്ദാനം ചെയ്തിരുന്നു.

യൂറോപ്പില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ക്ക് സ്വാധീനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ തെരഞ്ഞെടുപ്പ് ഫലം ഏറെ ശ്രദ്ധേയമാണ്. കുടിയേറ്റ വിരുദ്ധ നിലപാടുകളും പ്രകോപനപരമായ പ്രസംഗങ്ങളും ഉയര്‍ത്തിപ്പിടിച്ച വെഞ്ചുറയെ തള്ളിക്കളഞ്ഞ പോര്‍ച്ചുഗല്‍ ജനത സെഗ്യൂറോയെ പിന്തുണയ്ക്കുകയായിരുന്നു.

യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ സെഗ്യൂറോയെ അഭിനന്ദിക്കുകയും യൂറോപ്യന്‍ മൂല്യങ്ങള്‍ക്കൊപ്പം പോര്‍ച്ചുഗലിന്റെ ശബ്ദം ഇനിയും ശക്തമായി ഉണ്ടാകുമെന്ന് വ്യക്തമാക്കുകയും ചെയ്തു.

നിലവിലെ പ്രസിഡന്റ് മാഴ്‌സലോ റെബെലോ ഡിസൂസ സ്ഥാനമൊഴിയുന്നതിനെത്തുടര്‍ന്ന് മാര്‍ച്ച് ആദ്യവാരമായിരിക്കും സെഗ്യൂറോ പുതിയ പ്രസിഡന്റായി ചുമതലയേല്‍ക്കുക.

രാജ്യത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളില്‍ ഇടപെടുന്നത് പ്രധാനമന്ത്രിയാണെന്നതിനാല്‍ തന്നെ പോര്‍ച്ചുഗലില്‍ പ്രസിഡന്റ് പദവി പ്രധാനമായും അലങ്കാരമാണ്, എങ്കിലും പ്രത്യേക സാഹചര്യങ്ങളില്‍ പാര്‍ലമെന്റ് പിരിച്ചുവിടാനും നേരത്തെ തെരഞ്ഞെടുപ്പ് വിളിക്കാനും പ്രസിഡന്റിന് അധികാരമുണ്ട്. ന്യൂനപക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ അധികാരത്തിന് വലിയ പ്രാധാന്യമുണ്ടെന്നതും ശ്രദ്ധേയമാണ്.

Content Highlight: Portugal elects Socialist Party’s Antonio Jose Seguro as president in landslide

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more