| Thursday, 11th June 2026, 8:27 am

റൊണാള്‍ഡോയുടെ 'അവസാന' മത്സരത്തില്‍ ജയിച്ചുകയറി പോര്‍ച്ചുഗല്‍; പോരാട്ടം ഇനി ലോകകപ്പില്‍

Sudev A

2026 ഫിഫ ലോകകപ്പിന് മുന്നോടിയായുള്ള അവസാന സൗഹൃദ മത്സരത്തില്‍ പോര്‍ച്ചുഗലിന് തകര്‍പ്പന്‍ ജയം. പറങ്കിപ്പടയുടെ തട്ടകമായ ലിസ്ബണില്‍ നടന്ന മത്സരത്തില്‍ നൈജീരിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ വീഴ്ത്തിയത്.

ലോകകപ്പിന് മുമ്പുള്ള രണ്ട് സൗഹൃദ മത്സരങ്ങളും വിജയിച്ചാണ് പോര്‍ച്ചുഗല്‍ ടൂര്‍ണമെന്റിനെത്തുന്നത്. ഇതിന് മുമ്പ് ചിലിയെയും പോര്‍ച്ചുഗല്‍ പരാജയപ്പെടുത്തിയിരുന്നു.

മത്സരം തുടങ്ങി 23 മിനിറ്റില്‍ തന്നെ പെഡ്രോ നെറ്റോയിലൂടെ പോര്‍ച്ചുഗലാണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍ 37 മിനിറ്റില്‍ അകോര്‍ ആഡംസിലൂടെ നൈജീരിയ തിരിച്ചടിച്ചു. ഒടുവില്‍ ആദ്യ പകുതി പിന്നിട്ടപ്പോള്‍ ഇരു ടീമുകളും സമനിലയില്‍ പിരിയുകയായിരുന്നു. രണ്ടാം പകുതിയില്‍ 75 മിനിറ്റില്‍ ഫ്രാന്‍സിസ്‌കോ കോണ്‍സീസാവോയിലൂടെ പോര്‍ച്ചുഗല്‍ വിജയഗോള്‍ നേടുകയായിരുന്നു.

മത്സരത്തില്‍ സര്‍വാധിപത്യവും പോര്‍ച്ചുഗലിന്റെ കൈകളിലായിരുന്നു. 62 ശതമാനം ബോള്‍ പൊസഷന്‍ നിലനിര്‍ത്തിയ പോര്‍ച്ചുഗല്‍ 13 ഷോട്ടുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് ഉതിര്‍ത്തത്. ഇതില്‍ ഏഴ് ഷോട്ടുകളും ഓണ്‍ ടാര്‍ഗറ്റിലേക്ക് ആയിരുന്നു. മറുവശത്ത് അഞ്ച് ഷോട്ടുകളില്‍ രണ്ട് ഷോട്ടുകളാണ് നൈജീരിയ പോര്‍ച്ചുഗല്‍ പോസ്റ്റിലെത്തിച്ചത്.

മത്സരത്തില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കളത്തിലിറങ്ങിയിരുന്നു. പോര്‍ച്ചുഗലിലെ റൊണാള്‍ഡോയുടെ അവസാന ഇന്റര്‍നാഷണല്‍ മത്സരമാണിതെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ലോകകപ്പിന് ശേഷം ഇതിഹാസ താരം ക്രിസ്റ്റ്യാനോ ഇന്റര്‍നാഷണല്‍ ഫുട്ബോളില്‍ നിന്നും വിരമിക്കുകയാണെങ്കില്‍ ഈ മത്സരമായിരിക്കും സ്വന്തം മണ്ണിലെ റൊണാള്‍ഡോയുടെ അവസാന പോരാട്ടം.

ക്രിസ്റ്റ്യാനോ റൊണാൾഡോ

ലോകകപ്പ് കഴിഞ്ഞാല്‍ പിന്നീട് പോര്‍ച്ചുഗല്‍ സ്വന്തം മണ്ണില്‍ കളത്തിലിറങ്ങുക നേഷന്‍സ് ലീഗിലായിരിക്കും. ഒക്ടോബര്‍ നാലിന് ബെനിഫിക്കയില്‍ നോര്‍വേയാണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍. ലോകകപ്പിന് ശേഷം റൊണാള്‍ഡോ തന്റെ വിരമിക്കലിനെക്കുറിച്ചുള്ള നിര്‍ണായക തീരുമാനമെടുക്കുമോയെന്നും കണ്ടുതന്നെ അറിയണം.

ഇതുവരെ തന്റെ കരിയറില്‍ സ്വന്തമാക്കാന്‍ സാധിക്കാത്ത ലോക കിരീടം പോര്‍ച്ചുഗലിനോപ്പം നേടാനാവും റൊണാള്‍ഡോ ഇത്തവണ ലക്ഷ്യം വെക്കുക. 2006, 2010, 2014, 2018, 2022 എന്നീ ടൂര്‍ണമെന്റുകളില്‍ കളത്തിലിറങ്ങിയ റൊണാള്‍ഡോ ആറാം ലോകകപ്പിനാണ് ഒരുങ്ങുന്നത്.

ലോകകപ്പില്‍ ഗ്രൂപ്പ് കെ-യിലാണ് പറങ്കിപ്പട ഇടം നേടിയിട്ടുള്ളത്. കൊളംബിയ, ഉസ്ബക്കിസ്ഥാന്‍, ഡി.ആര്‍. കോംഗോ എന്നിവരാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ജൂണ്‍ 17ന് ഡി.ആര്‍. കോംഗോക്കെതിരെയാണ് റൊണാള്‍ഡോയുടെയും സംഘത്തിന്റെയും ആദ്യ മത്സരം.

Content Highlight: Portugal beat Nigeria in friendly match ahead 2026 world cup

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more