2026 ഫിഫ ലോകകപ്പിന് മുന്നോടിയായുള്ള അവസാന സൗഹൃദ മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ് പോര്‍ച്ചുഗല്‍. ജൂണ്‍ പത്തിന് നടക്കുന്ന മത്സരത്തില്‍ ആഫ്രിക്കന്‍ കരുത്തരായ നൈജീരിയയാണ് പറങ്കിപ്പടയുടെ എതിരാളികള്‍. പോര്‍ച്ചുഗലിന്റെ തട്ടകമായ ലിസ്ബണിലാണ് മത്സരം.
ഈ പോരാട്ടത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ലോകകപ്പിന് ശേഷം ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിക്കുകയാണെങ്കില്‍ ഈ മത്സരമായിരിക്കും സ്വന്തം മണ്ണിലെ റൊണാള്‍ഡോയുടെ അവസാന പോരാട്ടം.
ലോകകപ്പിന് ശേഷം റൊണാള്‍ഡോ ഈ നിര്‍ണായക തീരുമാനമെടുക്കുമോയെന്നും കണ്ടുതന്നെ അറിയണം. ലോകകപ്പ് കഴിഞ്ഞാല്‍ പിന്നീട് പോര്‍ച്ചുഗല്‍ സ്വന്തം മണ്ണില്‍ കളത്തിലിറങ്ങുക നേഷന്‍സ് ലീഗിലായിരിക്കും. ഒക്ടോബര്‍ നാലിന് ബെനിഫിക്കയില്‍ നോര്‍വേയാണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍.
ഇതുവരെ തന്റെ കരിയറില്‍ സ്വന്തമാക്കാന്‍ സാധിക്കാത്ത ലോക കിരീടം പോര്‍ച്ചുഗലിനോപ്പം നേടി കരിയര്‍ അവസാനിപ്പിക്കാനാവും റൊണാള്‍ഡോ ഇത്തവണ ലക്ഷ്യം വെക്കുക. 2006, 2010, 2014, 2018, 2022 എന്നീ ടൂര്‍ണമെന്റുകളില്‍ കളത്തിലിറങ്ങിയ റൊണാള്‍ഡോ ആറാം ലോകകപ്പിനാണ് ഒരുങ്ങുന്നത്. നിലവില്‍ തന്റെ 41ാം വയസിലും പ്രായം തളര്‍ത്താത്ത പോരാട്ടവീര്യമാണ് റൊണാള്‍ഡോ നടത്തിക്കൊണ്ടിരിക്കുന്നത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ
പറങ്കിപ്പടക്ക് വേണ്ടി 226 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ റൊണാള്‍ഡോ 143 ഗോളുകളും 46 അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്. ദേശീയ ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരവും റൊണാള്‍ഡോ തന്നെയാണ്. ലോകകപ്പിലും റൊണാള്‍ഡോയുടെ കാലുകളില്‍ നിന്നും അത്ഭുതങ്ങള്‍ പിറക്കുമെന്നാണ് ഫുട്ബോള്‍ ലോകം ഉറച്ചുവിശ്വസിക്കുന്നത്.
ലോകകപ്പില്‍ ഗ്രൂപ്പ് കെ-യിലാണ് പറങ്കിപ്പട ഇടം നേടിയിട്ടുള്ളത്. കൊളംബിയ, ഉസ്ബക്കിസ്ഥാന്‍, ഡി.ആര്‍. കോംഗോ എന്നിവരാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ജൂണ്‍ 17ന് ഡി.ആര്‍. കോംഗോക്കെതിരെയാണ് റൊണാള്‍ഡോയുടെയും സംഘത്തിന്റെയും ആദ്യ മത്സരം.
2022 ലോകകപ്പില്‍ പോര്‍ച്ചുഗലിന് ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ മാത്രമേ എത്താന്‍ സാധിച്ചുള്ളൂ. ക്വാര്‍ട്ടറില്‍ മൊറോക്കോയോട് പരാജയപ്പെട്ടാണ് പോര്‍ച്ചുഗല്‍ പുറത്തായത്. അതുകൊണ്ട് തന്നെ ഇത്തവണ റൊണാള്‍ഡോക്ക് വിശ്വകിരീടം ചൂടാനാവുമെന്നാണ് ഫുട്‌ബോള്‍ ലോകം വിശ്വസിക്കുന്നത്.
Content Highlight: Portugal and Cristiano Ronaldo set to play the last friendly match ahead world cup