ലിസ്ബണ്‍: ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച് പോര്‍ച്ചുഗലും. കാനഡ. ബ്രിട്ടന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ക്ക് പുറമെയാണ് പോര്‍ച്ചുഗലും ഫലസ്തീനെ അംഗീകരിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ഫലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നതായി പോര്‍ച്ചുഗല്‍ വിദേശകാര്യ മന്ത്രി പൗലോ റാഞ്ചല്‍ അറിയിച്ചു. ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണച്ചുകൊണ്ടായിരുന്നു റാഞ്ചലിന്റെ പ്രഖ്യാപനം.
ദ്വിരാഷ്ട്ര പരിഹാരം ശാശ്വതമായ സമാധാനത്തിലേക്കുള്ള ഏക മാര്‍ഗമാണെന്നും പൗലോ റാഞ്ചല്‍ പറഞ്ഞു. ഇത്തരത്തിലൊരു പരിഹാരമുണ്ടാകുന്നതോടെ ഇസ്രഈലിനും ഫലസ്തീനുമിടയില്‍ സഹവര്‍ത്തിത്തം പ്രോത്സാഹിപ്പിക്കപ്പെടുമെന്നും മന്ത്രി പ്രതികരിച്ചു.
ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുക എന്നത് സ്ഥിരതയുള്ളതും വ്യാപകമായി അംഗീകരിക്കപ്പെട്ടതുമായ ഒരു നയത്തിന്റെ പൂര്‍ത്തീകരണമാണെന്നും റാഞ്ചല്‍ ചൂണ്ടിക്കാട്ടി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് പോര്‍ച്ചുഗല്‍ മന്ത്രിയുടെ പ്രതികരണം.
കഴിഞ്ഞ ദിവസം ഫലസ്തീനെ അംഗീകരിക്കുമെന്ന് പോര്‍ച്ചുഗല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. 15 വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് വിരാമമിട്ടാണ് പോര്‍ച്ചുഗല്‍ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചത്.
2011ല്‍ രാജ്യത്തെ ഇടതുപാര്‍ട്ടികളാണ് ഈ നിര്‍ദേശം ആദ്യമായി മുന്നോട്ടുവെച്ചത്. ഇസ്രഈല്‍ ഫലസ്തീന്‍ ഭൂമി പിടിച്ചെടുക്കുകയാണെന്നും സംഘര്‍ഷം ആശങ്കാജനകമെന്നും ജൂലൈയില്‍ പോര്‍ച്ചുഗല്‍ പറഞ്ഞിരുന്നു.
പോര്‍ച്ചുഗലിന്റെ അയല്‍ രാജ്യമായ സ്പെയ്ന്‍, അയര്‍ലണ്ടിനും നോര്‍വെയ്ക്കുമൊപ്പം 2024 മെയ് മാസം തന്നെ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചിരുന്നു.
എന്നാല്‍ ഫലസ്തീനെ അംഗീകരിക്കുന്നതില്‍ ആദ്യം യൂറോപ്യന്‍ യൂണിയനുമായി ഒരു പൊതുനിലപാട് രൂപപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു പോര്‍ച്ചുഗല്‍ അറിയിച്ചിരുന്നത്.
ഇന്നലെ (ഞായര്‍) കാനഡ, ബ്രിട്ടന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ ഫലസ്തീനെ ഔദ്യോഗികമായി അംഗീകരിക്കുന്നുവെന്ന് അറിയിച്ചിരുന്നു. പിന്നാലെയാണ് പോര്‍ച്ചുഗലിന്റെ പ്രഖ്യാപനവും ഉണ്ടാകുന്നത്.
ഇന്ന് (തിങ്കള്‍) ന്യൂയോര്‍ക്കില്‍ ആരംഭിക്കാനിരിക്കുന്ന യു.എന്‍ സമ്മേളനത്തില്‍ ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഫലസ്തീനെ അംഗീകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫലസ്തീനെ അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഗസക്കെതിരായ ഇസ്രഈല്‍ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കാനഡയ്ക്കും ബ്രിട്ടനുമൊപ്പം ഫ്രാന്‍സ് സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇസ്രഈല്‍ സൈനിക നടപടി തുടര്‍ന്നാല്‍ ഉപരോധം അടക്കം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു.
Content Highlight: Portugal also recognizes Palestine as an independent state