| Saturday, 14th February 2026, 1:35 pm

സത്യന്‍ അന്തിക്കാട് കാണിച്ചുതന്ന നന്മയുടെ വിളനിലമായ ഗ്രാമമല്ല, പെണ്ണും പൊറാട്ടില്‍ അമ്പരപ്പിച്ച പട്ടട ഗ്രാമം

അമര്‍നാഥ് എം.

മലയാളസിനിമ ഒരുകാലത്ത് ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു കഥകള്‍ പറഞ്ഞിരുന്നത്. ഗ്രാമത്തിന്റെ നിഷ്‌കളങ്കതയും നന്മയും വരച്ചുകാണിച്ച സത്യന്‍ അന്തിക്കാടിന്റെയും ലോഹിതദാസിന്റെയും രഞ്ജിത്തിന്റെയും ചിത്രങ്ങള്‍ ഇന്നും പലരുടെയും ഫേവറെറ്റാണ്. എന്നാല്‍ ഗ്രാമങ്ങളെന്ന് വെച്ചാല്‍ നന്മയുടെ വിളനലം മാത്രമല്ലെന്ന് തിരുത്തിയെഴുത്താണ് പുതിയ സിനിമകളില്‍ വരച്ചുകാണിക്കുന്നത്.

വരത്തന്‍ Photo: Jiohotstar

നാട്ടിന്‍പുറത്തെ ആളുകളുടെ കപട സദാചാര ചിന്തകളെ കൃത്യമായി വരച്ചുകാട്ടിയ ചിത്രമായിരുന്നു അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തന്‍. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്നത് തങ്ങളുടെ ജന്മാവകാശമാണെന്ന് പറയാതെ പറയുന്ന ഒരുകൂട്ടം കഥാപാത്രങ്ങള്‍ വരത്തനിലുണ്ടായിരുന്നു. ആ ലിസ്റ്റിലെ പുതിയ എന്‍ട്രിയാണ് രാജേഷ് മാധവന്‍ സംവിധാനം ചെയ്ത പെണ്ണും പൊറാട്ടും.

ഹ്യൂമറിന്റെ പശ്ചാത്തലത്തിലാണ് രാജേഷ് മാധവന്‍ തന്റെ ആദ്യ സംവിധാന സംരംഭത്തില്‍ കഥ പറയുന്നത്. പട്ടട എന്ന സാങ്കല്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. പട്ടട ഗ്രാമവും അവിടുത്തെ സംസാരം ക്ലബ്ബുമെല്ലാം കഥയില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും പറഞ്ഞ് രസിക്കുന്ന തൊഴിലില്ലാത്ത ഒരുകൂട്ടം ആളുകളാണ് ക്ലബ്ബിലെ സ്ഥിരം അംഗങ്ങള്‍.

പെണ്ണും പൊറാട്ടും Photo: Screen grab/ 123 Musix

ഇതിന് നേതൃത്വം നല്‍കുന്നത് നാട്ടില്‍ എല്ലാവര്‍ക്കും വലിയ കാര്യമുള്ള സുജാതന്‍ മാഷാണ്. മാഷ് എന്ന വിളിയിലെ ബഹുമാനം ആസ്വദിക്കുകയും എന്നാല്‍ അന്യരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കാന്‍ വലിയ താത്പര്യവുമുള്ള ആളാണ് സുജാതന്‍. ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന അക്രമവാസന അയാള്‍ക്ക് എങ്ങനെയെങ്കിലും പുറത്തെടുക്കണമെന്ന് സിനിമയില്‍ പല സീനുകളിലായി കാണിക്കുന്നുണ്ട്.

നാട്ടില്‍ ഒരു പട്ടി ചങ്ങല പൊട്ടിച്ച് ഓടിയെന്ന് കേള്‍ക്കുമ്പോള്‍ തന്നെ അതിന് പേയിളകിയതാണെന്ന് പറഞ്ഞുപരത്തുന്ന സുജാതന്‍ മാഷ് ക്ലബ്ബിലെ അംഗങ്ങളെയെല്ലാം പട്ടിയുടെ പിന്നാലെ ഓടിച്ചുവിടുന്നുണ്ട്. പട്ടി കോഴിഫാമില്‍ കയറിയെന്ന് അറിയുമ്പോള്‍ ആ കോഴികളെയെല്ലാം കൊല്ലണമെന്നാണ് സുജാതന്‍ പറയുന്നത്. ഇത്തരത്തില്‍ അങ്ങേയറ്റം വയലന്റായ ഒരു കഥാപാത്രമായാണ് സുജാതനെ ചിത്രീകരിച്ചിരിക്കുന്നത്.

പെണ്ണും പൊറാട്ടും Photo: Screen grab/ 123 Musix

നാട്ടില്‍ വയറിങ്ങും മറ്റ് ഇലക്ട്രിക്കല്‍ വര്‍ക്കുകളുമായി നടക്കുന്ന ഒരു പെണ്‍കുട്ടിയെക്കുറിച്ച് ഇല്ലാക്കഥ പുറത്തുവരുമ്പോള്‍ അത് എല്ലാവരിലേക്കും എത്തിക്കാന്‍ മുന്നില്‍ നില്‍ക്കുന്നതും സുജാതന്‍ ‘മാഷ്’ തന്നെയാണ്. ഒരു പാവം പെണ്ണിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞുപരത്തുന്നത് എന്തിനാണെന്ന് സുജാതനോട് ഒരാള്‍ ചോദിക്കുമ്പോള്‍ ‘സ്വന്തമായി പെങ്ങളുള്ളവനേ ഇത്തരം വേദന അറിയുള്ളൂ’ എന്നാണ് മറുപടി നല്‍കുന്നത്.

‘അതിന് മാഷിന് സ്വന്തമായി കുടുംബം പോലുമില്ലല്ലോ’ എന്ന് തിരിച്ച് ചോദിക്കുമ്പോള്‍ സുജാതന്‍ മറുപടിയില്ലാതെ ഇരിക്കുന്നുണ്ട്. സ്വന്തം കുടുംബത്തെക്കുറിച്ച് ആലോചിക്കാതെ അടുത്തയാളുടെ കുടുംബം ഇല്ലാതാക്കുക, അവിടെ പരമാവധി പ്രശ്‌നമുണ്ടാക്കുക എന്ന് മാത്രമാണ് സുജാതന്റെ ചിന്ത. അതിനായി അയാള്‍ തന്റെ നല്ലപിള്ള ഇമേജ് കളയാതെ പരമാവധി കുത്തിത്തിരുപ്പിന് ശ്രമിക്കുന്നുമുണ്ട്.

പെണ്ണും പൊറാട്ടും Photo: Screen grab/ 123 Musix

സുജാതനെപ്പോലെ എക്‌സെന്‍ട്രിക്കായ ഒരുപാട് കഥാപാത്രങ്ങളെ പട്ടട ഗ്രാമത്തില്‍ കാണാന്‍ സാധിക്കും. ഗ്രാമത്തിന്റെ നന്മകളും സ്‌നേഹവും മാത്രം കണ്ടുവളര്‍ന്ന ആളുകള്‍ക്ക് പട്ടട ഗ്രാമം ദഹിച്ചെന്ന് വരില്ല.

Content Highlight: Portraying village in Pennum Porattum movie by Rajesh Madhavan

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more