| Friday, 17th July 2026, 6:41 pm

ഇന്ത്യന്‍ സംവിധായകരായിരുന്നെങ്കില്‍ നാലഞ്ച് ശ്ലോകം ബി.ജി.എം ആക്കി അവതരിപ്പിച്ചേനെ, ഒഡീസിയില്‍ നോളന്‍ മനുഷ്യരെപ്പോലെ കാണിച്ച ഗ്രീക്ക് ദൈവങ്ങള്‍

അമര്‍നാഥ് എം.

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒഡീസി തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഹോമര്‍ രചിച്ച ഒഡീസിക്ക് ലോകസിനിമയിലെ അതികായനായ ക്രിസ്റ്റഫര്‍ നോളന്‍ എങ്ങനെ ചലച്ചിത്രഭാഷ്യമൊരുക്കുമെന്നറിയാനാണ് പലരും കാത്തിരുന്നത്. പൂര്‍ണമായും ഐമാക്‌സ് ഫിലിം ക്യാമറയില്‍ ചിത്രീകരിച്ച ഒഡീസി സിനിമാപ്രേമികള്‍ക്ക് ലൈഫ്‌ടൈം എക്‌സ്പീരിയന്‍സാണെന്ന് സംശയമില്ലാതെ പറയാം.

ട്രോജന്‍ യുദ്ധത്തിന് ശേഷം തന്റെ നാടായ ഇത്താക്കയിലേക്ക് മടങ്ങുന്ന ഒഡീസിയസ് രാജാവിന്റെ കഥയാണ് ചിത്രം പറയുന്നത്. യുദ്ധം വിജയിച്ചെങ്കിലും പല വിനാശങ്ങളുടെയും ട്രോമ ഉള്ളില്‍ പേറുന്ന ഒഡീസിയസിന് വഴിനീളെ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ വളരെ ഗംഭീരമായി കാണിച്ചിട്ടുണ്ട്. പത്തുവര്‍ഷത്തോളം ഒഡീസിയസ് നേരിട്ട പ്രശ്‌നങ്ങളെ അതിഗംഭീരമായി ചിത്രീകരിക്കാന്‍ നോളന് സാധിച്ചിട്ടുണ്ട്.

ഒഡീസിയിലെ പോസിറ്റീവുകളെക്കുറിച്ച് പറയുമ്പോള്‍ എടുത്തുപറയേണ്ട കാര്യമാണ് ഗ്രീക്ക് ദൈവങ്ങളെ സംവിധായകന്‍ അവതരിപ്പിച്ച രീതി. അതീന, കലിപ്‌സോ തുടങ്ങിയ ഗ്രീക്ക് പുരാണത്തിലെ ദൈവങ്ങള്‍ ഒഡീസിയസിന്റെ യാത്രക്കിടെ വന്നുപോകുന്നുണ്ട്. ഈ ദൈവങ്ങളെ നോളന്‍ മനുഷ്യരെപ്പോലെയാണ് അവതരിപ്പിച്ചിട്ടുള്ളത്.

അതീനയെ സെന്‍ഡയയും കലിപ്‌സോയെ ഷാര്‍ലിസ് തെറോണുമാണ് അവതരിപ്പിച്ചിട്ടുള്ളത്. ഫാന്റസി മിത്തോളജി ഴോണറായതിനാല്‍ ഈ രണ്ട് കഥാപാത്രങ്ങളെയും സൂപ്പര്‍പവര്‍ നല്‍കി അവതരിപ്പിക്കാനുള്ള സ്‌കോപ്പ് ഉണ്ടായിട്ടും നോളന്‍ അത് വേണ്ടെന്ന് വെച്ചത് ധീരമായ പരീക്ഷണമാണ്. സെന്‍ഡയയെ അതീനയായി കാസ്റ്റ് ചെയ്തത് റിലീസിന് മുമ്പ് വലിയ വിമര്‍ശനത്തിന് വഴിവെക്കുകയും ചെയ്തു.

എന്നാല്‍ എന്തുകൊണ്ട് സെന്‍ഡയ എന്നതിന് വെറും ഒരൊറ്റ ഷോട്ട് കൊണ്ട് നോളന്‍ മറുപടി നല്‍കിയിട്ടുണ്ട്. അതുപോലെ കലിപ്‌സോ ഒഡീസിയസിന്റെ യാത്രയില്‍ ഉണ്ടാക്കുന്ന ഇംപാക്ടും ഗംഭീരമാണ്. ഒരുപക്ഷേ, ഇന്ത്യന്‍ സിനിമയിലായിരുന്നെങ്കില്‍ ഈ രണ്ട് കഥാപാത്രങ്ങളെയും എപ്രകാരമാകും അവതരിപ്പിക്കുക എന്ന് വെറുതെ ചിന്തിച്ചു.

ദൈവമായതുകൊണ്ട് തന്നെ നാലഞ്ച് ശ്ലോകവും സ്ലോ മോഷനും പിന്നെ കണ്ണഞ്ചിപ്പിക്കുന്ന വിഷ്വല്‍ ഇഫക്ടിന്റെയുമെല്ലാം അകമ്പടിയോടെയല്ലാതെ ഒരു സംവിധായകനും ഇത്തരം സീനുകളെ സമീപിക്കില്ല. രാമായണത്തെ ഊറ്റിയെടുത്ത് ജീവിക്കുന്ന ബോളിവുഡിലെയും ടോളിവുഡിലെയും സിനിമകള്‍ അതിന് ഉദാഹരണമാണ്. മണിരത്‌നത്തിന്റെ രാവണന്‍ മാത്രമാണ് ഇതിനൊരു അപവാദം.


നോളന്‍ എന്ന മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്‍ വ്യത്യസ്തനാകുന്നത് ഇവിടെയാണ്. മിത്തോളജിയും ഫാന്റസിയുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന ഒഡീസിയെ സി.ജി.ഐ പരമാവധി കുറച്ച് ഉപയോഗിച്ച് ഓരോ സിനിമാപ്രേമിക്കും മറക്കാനാകാത്ത എക്‌സ്പീരിയന്‍സ് സമ്മാനിച്ചെന്ന് തന്നെ പറയാം.

Content Highlight: Portrayal of Greek gods in Odyssey movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more