| Saturday, 7th November 2026, 10:16 pm

ഇന്ത്യയുടെ അഭിമാനം കൂടിയാണ് ബി.ജെ.പി നശിപ്പിക്കുന്നത്: ബിസ്മില്ല ഖാന്റെ കുടുംബ വീടിന്റെ ഭാഗം പൊളിച്ചു നീക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

റെന്വര്‍ പി

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ വാരണാസിയില്‍ വിഖ്യാത ഷെഹനായി കലാകാരന്‍ ഉസ്താദ് ബിസ്മില്ല ഖാന്റെ കുടുംബ വീടിന്റെ ഒരു ഭാഗം സംസ്ഥാന ഭരണകൂടം പൊളിച്ചുമാറ്റിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഈ നടപടിയില്‍ സമാജ് വാദി പാര്‍ട്ടിയും (എസ്.പി) കോണ്‍ഗ്രസും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം അറിയിച്ചു.

ബിസ്മില്ല ഖാന്റെ വീടിന്റെ ഒരു ഭാഗം പൊളിച്ചുനീക്കിയ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടു. ‘ഷെഹ്നായിയുടെ നാദം കേള്‍ക്കത്തവരില്‍ നിന്ന് ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാനാണ്?’ അഖിലേഷ് എക്‌സ് പോസ്റ്റില്‍ കുറിച്ചു. ഇന്ത്യയുടെ അഭിമാനം കൂടിയാണ് ബി.ജെ.പി നശിപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ബി.ജെ.പിയും അവരുടെ സങ്കുചിത ചിന്താഗതിക്കാരായ സഖ്യകക്ഷികളും എപ്പോഴും കലയ്ക്കും കലാകാരന്മാര്‍ക്കും എതിരാണ്. ഇത്തരക്കാര്‍ക്ക് വളരെ ഇടുങ്ങിയ കാഴ്ചപ്പാടാണുള്ളത്. സര്‍ഗ്ഗാത്മകതയുള്ള ആളുകളാണ് സാമൂഹിക മാറ്റത്തിനുള്ള അടിത്തറ പാകുകയും അതിനായുള്ള സാഹചര്യങ്ങള്‍ ഒരുക്കുകയും ചെയ്യുന്നത്.

നല്ല കല സഹാനുഭൂതിയും സഹിഷ്ണുതയും വളര്‍ത്തുന്നു. അതുകൊണ്ടാണ് അവര്‍ എല്ലാത്തരം കലകളെയും തങ്ങളുടെ അജണ്ടയ്ക്ക് തടസ്സമായി കാണുന്നത്. അല്ലെങ്കില്‍, കലയെ തങ്ങളുടെ സ്വന്തം അജണ്ടയ്ക്കായി ഉപയോഗപ്പെടുത്തി അതിനെ നെഗറ്റീവാക്കി മാറ്റാന്‍ അവര്‍ ശ്രമിക്കുന്നു,’ അഖിലേഷ് കുറിച്ചു.

ഭാരതരത്‌നം ലഭിച്ച ഒരു വ്യക്തിയുടെ പൊതു പൈതൃകം നശിപ്പിക്കുന്നതിവലൂടെ അവരുടെ അന്തസ്സും അഭിമാനവും മാത്രമല്ല, ഇന്ത്യയുടെ അഭിമാനം കൂടിയാണ് ബി.ജെ.പി നശിപ്പിക്കുന്നതെന്നും അഖിലേഷ് പറഞ്ഞു. വിദ്വേഷത്തിന്റെ തീയില്‍ എരിയുന്ന ബി.ജെ.പി രാജ്യത്തിന് ദോഷം വരുത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍, ഭാരതരത്‌നം ബിസ്മില്ല ഖാന്റെ സംഗീത പൈതൃകം സംരക്ഷിക്കുന്നതിനായി ഒരു ‘ലിസണിംഗ് മ്യൂസിയം’ നിര്‍മ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയും സംഭവത്തെ അപലപിച്ചു. പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നീ മൂന്ന് പത്മ പുരസ്‌കാരങ്ങളും, ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നയും ഒരേസമയം ലഭിച്ച അപൂര്‍വ്വ ബഹുമതിക്ക് ഉടമയാണ് ഉസ്താദ് ബിസ്മില്ല ഖാന്‍. എന്നിട്ടും, ഇത്രയും മഹത്തായ പാരമ്പര്യമുണ്ടായിരുന്നിട്ടും, വാരണാസിയിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ തറവാട് വീട് പൊളിച്ചുനീക്കപ്പെടുന്നതില്‍ നിന്ന് രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് പവന്‍ ഖേര എക്‌സില്‍ കുറിച്ചു.

ബിസ്മില്ല സാഹിബിന്റെ വീട് വെറുമൊരു വീടായിരുന്നില്ല. അതൊരു സജീവമായ ദേശീയ പൈതൃകമായിരുന്നു. ഓര്‍മ്മകളുടെ കലവറയും, നാം പങ്കിടുന്ന സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗവുമായിരുന്നു അത്. ചരിത്രത്തെ നെഞ്ചിലേറ്റിയ, ഒരു ദേശീയ സമ്പത്തായി സംരക്ഷിക്കപ്പെടേണ്ടിയിരുന്ന ആ ചുവരുകള്‍ ഇന്ന് വെറും അവശിഷ്ടങ്ങളായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘തലമുറകളോളം നിലനില്‍ക്കുന്ന സംഗീത പാരമ്പര്യമാണ് ഉസ്താദ് ബിസ്മില്ല ഖാന്‍ ഇന്ത്യയ്ക്ക് സമ്മാനിച്ചത്. അദ്ദേഹത്തിന്റെ വീടും അത്രത്തോളം ആദരവോടെ സംരക്ഷിക്കപ്പെടേണ്ടതായിരുന്നു. ബിസ്മില്ല സാഹിബിന് നൂറു വണക്കങ്ങള്‍. ബി.ജെ.പിക്ക് നാണമുണ്ടോ,’ പവന്‍ ഖേര കുറിച്ചു.

Content Highlight: Portion of Bismillah Khan’s house demolished. Akhilesh Yadav and Pavan Khewra Condemns

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more