ന്യൂദല്‍ഹി: ഐ.ടി നിയമങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിന് നോട്ടീസ് അയച്ച് കേന്ദ്ര സര്‍ക്കാര്‍. പ്ലാറ്റ്ഫോമില്‍ എ.ഐ സംവിധാനങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച അശ്ലീല ദൃശ്യങ്ങളും വീഡിയോകളും പങ്കുവെക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. ഐ.ടി മന്ത്രാലയത്തിന്റേതാണ് നടപടി.
72 മണിക്കൂറിനുള്ളില്‍ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കാനും നിര്‍ദേശമുണ്ട്.
നിയമങ്ങളും നിര്‍ദേശങ്ങളും ലംഘിക്കുന്ന അക്കൗണ്ടുകള്‍ മരവിപ്പിക്കുകയോ റദ്ദാക്കുകയോ ചെയ്യണം. നിലവില്‍ പ്ലാറ്റ്ഫോമിലുള്ള അശ്ലീല ഉള്ളടക്കങ്ങള്‍ ഉടന്‍ നീക്കം ചെയ്യണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ദുരുപയോഗം ചെയ്യപ്പെടരുതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന നിര്‍ദേശം. എക്സിലെ അശ്ലീല ഉള്ളടക്കങ്ങള്‍ക്ക് എതിരെ ശിവസേന എം.പി പ്രിയങ്ക ചതുര്‍വേദിയാണ് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചത്.
ഗ്രോക്ക് ഉള്‍പ്പെടെയുള്ള എ.ഐ ടൂളുകള്‍ ഉപയോഗിച്ച് സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന ദൃശ്യങ്ങളാണ് എക്സില്‍ പ്രചരിക്കുന്നതെന്ന് പ്രിയങ്ക കേന്ദ്രത്തെ അറിയിച്ചിരുന്നു.
സ്ത്രീ സുരക്ഷയെ മുന്‍നിര്‍ത്തി ഈ വിഷയത്തില്‍ നടപടി എടുക്കണമെന്നാണ് പ്രിയങ്ക ആവശ്യപ്പെട്ടിരുന്നത്. വ്യാജ അക്കൗണ്ടുകള്‍ മുഖേനെയാണ് ഇത്തരം പ്രചാരണം നടക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് പ്രിയങ്ക കത്തയക്കുകയായിരുന്നു.
എക്‌സ് എ.ഐ വികസിപ്പിച്ചെടുത്ത ഒരു ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ടാണ് ഗ്രോക്ക്. ഡിജിറ്റല്‍ ലോകത്ത് വലിയ രീതിയില്‍ ട്രെന്‍ഡുണ്ടാക്കിയ ചാറ്റ്‌ബോട്ട് കൂടിയാണിത്.
എന്നാല്‍ സ്ത്രീ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും ഗ്രോക്ക് വെല്ലുവിളിയാകുമെന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച് ഒന്നിലധികം പാര്‍ലമെന്റ് അംഗങ്ങളില്‍ നിന്നുള്‍പ്പെടെ പരാതി ലഭിച്ചിട്ടുണ്ടെന്നാണ് കേന്ദ്രം എക്സിനെ അറിയിച്ചിരിക്കുന്നത്.
Content Highlight: Pornographic content using AI; Central government sends notice to X