തിരുവനന്തപുരം: തലസ്ഥാനത്ത് യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ വിദ്യാർത്ഥികൾക്ക് നേരെ അരങ്ങേറിയത് പൊലീസിനെ കൂട്ടുപിടിച്ചുള്ള ആസൂത്രിത ഗുണ്ടാ കടന്നാക്രമണമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
സംസ്ഥാനത്ത് നിലനിൽക്കുന്ന സ്പോൺസർഷിപ്പ് രാജിനെയും പൊലീസ് രാജിനെയും ചെറുത്തുതോൽപ്പിക്കാൻ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നുവരുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെപ്പോലും കാണാൻ ഭയപ്പെടുന്ന വി.ഡി. സതീശനെ സംരക്ഷിക്കാനും പ്രതിസന്ധികൾ മറച്ചുവെക്കാനുമാണ് ഭരണനേതൃത്വം ബോധപൂർവം ഈ ഗൂഢാലോചന നടത്തിയത്. ഒരു ഫാസിസ്റ്റ് കടന്നാക്രമണത്തിന്റെ തനിസ്വരൂപമാണ് തലസ്ഥാനത്ത് ദൃശ്യമായതെന്ന് അദ്ദേഹം വിമർശിച്ചു.
എസ്.എഫ്.ഐ പ്രവർത്തകർ വാഹനം തല്ലിപ്പൊളിച്ചെന്നും അക്രമം നടത്തിയെന്നുമുള്ള കെ.എസ്.യു-യൂത്ത് കോൺഗ്രസ് ആരോപണങ്ങൾ ശുദ്ധ അസംബന്ധമാണ്. അത്തരമൊരു സംഭവം നടന്നിട്ടുണ്ടെങ്കിൽ അതിന്റെ തെളിവ് പുറത്തുവിടാൻ കോൺഗ്രസ് നേതൃത്വത്തെ അദ്ദേഹം വെല്ലുവിളിച്ചു.
വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് യാതൊരു പ്രകോപനവും ഉണ്ടായിട്ടില്ല. യൂത്ത് കോൺഗ്രസുകാർ കല്ലും വടിയും കത്തുന്ന തീപ്പന്തങ്ങളും ഹോസ്റ്റലിലേക്കും യൂണിവേഴ്സിറ്റി കോമ്പൗണ്ടിലേക്കും വലിച്ചെറിയുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.
തീ ആളിക്കത്തുന്ന സന്ദർഭത്തിൽ സ്ഥിതിഗതികൾ ശാന്തമാക്കാൻ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ച് എത്തിയ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയെ ഉൾപ്പെടെ പോലീസ് ക്രൂരമായി മർദ്ദിച്ചു അദ്ദേഹം പറഞ്ഞു.
കന്റോൺമെന്റ് സ്റ്റേഷനിലെ സി.ഐയും എസ്.ഐയും അടക്കമുള്ള ഉദ്യോഗസ്ഥർ ക്രിമിനലുകളെപ്പോലെയാണ് പെരുമാറിയത്. ഹോസ്റ്റലിനകത്തേക്ക് പിൻവാങ്ങിയ വിദ്യാർത്ഥികളെ പിന്തുടർന്ന് തലയ്ക്കടിക്കുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ ഹോസ്റ്റലിൽ കയറി അക്രമം കാട്ടിയ ഈ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, പൊലീസിന്റെ ഗുണ്ടാ–ക്രിമിനൽ സ്വഭാവം വച്ചുപൊറുപ്പിക്കില്ലെന്നും എം.വി. ഗോവിന്ദൻ മുന്നറിയിപ്പ് നൽകി.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പോലും അനുവദിക്കാതെ ആംബുലൻസ് തടയുകയും അതിനകത്തുള്ളവരെ ആക്രമിക്കുകയും ചെയ്തത് കൊടും ക്രൂരതയാണ്. ചികിത്സ പോലും നിഷേധിക്കുന്ന കാടത്തപരമായ സമീപനമാണ് പൊലീസും കോൺഗ്രസ് നേതൃത്വവും സ്വീകരിച്ചത് എന്ന് അദ്ദേഹം വിമർശിച്ചു.
നാലുമാസം കൊണ്ട് ജനങ്ങളിൽ നിന്ന് പൂർണമായി ഒറ്റപ്പെട്ട സർക്കാരാണ് കേരളം ഭരിക്കുന്നത്. വിദ്യാർത്ഥി തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ ചരിത്ര വിജയം നേടിയതിന്റെ പകപോക്കലാണ് ഇപ്പോൾ നടക്കുന്നത്. ലാത്തിച്ചാർജും കണ്ണീർവാതകവും ഉപയോഗിച്ച് എസ്.എഫ്.ഐയെ മെരുക്കാമെന്ന് ആരും കരുതേണ്ട. വിദ്യാർത്ഥികളെ വേട്ടയാടി രക്ഷപ്പെടാമെന്ന് വി.ഡി. സതീശൻ അടക്കമുള്ളവർ വ്യാമോഹിക്കേണ്ടെന്നും, ഭരണകൂട ഭീകരതയ്ക്കെതിരെ ശക്തമായ ചെറുത്തുനിൽപ്പുമായി ഇടതുപക്ഷം മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlight:Popular resistance will rise to counter the ‘police raj’ and ‘sponsorship raj’: M.V. Govindan.