കോഴിക്കോട്: ഹാദിയ കേസുമായി ബന്ധപ്പെട്ട എന്‍.ഐ.എ അന്വേഷണത്തെ വഴിതിരിച്ചുവിടാനുള്ള സംഘപരിവാര ഇടപെടലിന്റെ ഭാഗമാണ് മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി പി.കെ അബ്ദുല്‍ ലത്തീഫ് പറഞ്ഞു.
ഹാദിയ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ പ്രാഥമിക നടപടികള്‍ ആരംഭിക്കുന്നതിനു മുമ്പേ അന്വേഷണ റിപോര്‍ട്ടെന്ന നിലയില്‍ അടിസ്ഥാനരഹിതമായ വിവരങ്ങള്‍ പ്രചരിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. ദേശീയതലത്തില്‍ മാധ്യമങ്ങളിലുള്ള സ്വാധീനം ഉപയോഗപ്പെടുത്തിയാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത്. മതംമാറ്റവുമായി ബന്ധപ്പെട്ട് പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ, എസ്.ഡി.പി.ഐ, സത്യസരണി തുടങ്ങിയവയ്ക്കെതിരേ കഴിഞ്ഞദിവസം ഏതാനും മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ഇതിന്റെ ഭാഗമാണെന്നും പോപ്പുലര്‍ ഫ്രണ്ട് പറയുന്നു. കൃത്യമായ ശ്രോതസ് വ്യക്തമാക്കാതെ, എന്‍.ഐ.എ വൃത്തങ്ങളെ ഉദ്ധരിച്ചാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യ, കേരള കൗമുദി, കൈരളി പീപ്പിള്‍, ദൂള്‍ ന്യൂസ്, ജന്മഭൂമി തുടങ്ങിയ മാധ്യമങ്ങളിലാണ് പ്രസ്തുത വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ഈമാസം 16നാണ് ഹാദിയ കേസില്‍ എന്‍.ഐ.എ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടത്. റിട്ട.ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത എന്‍.ഐ.എ, അന്വേഷണത്തിന്റെ പ്രാരംഭ നടപടിക്രമങ്ങള്‍ ആരംഭിച്ച ഘട്ടത്തിലാണ്, അന്വേഷണ റിപോര്‍ട്ടെന്ന നിലയില്‍ എന്‍.ഐ.എ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത പ്രചരിച്ചിരിക്കുന്നതെന്നും പോപ്പുലര്‍ ഫ്രണ്ട് ചൂണ്ടിക്കാണിക്കുന്നു.
അന്വേഷണത്തിന് ഉത്തരവിട്ട സുപ്രീംകോടതിക്കോ, മേല്‍നോട്ടം വഹിക്കുന്ന ജഡ്ജിക്കോ ലഭിക്കാത്ത വിവരങ്ങളാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. അന്വേഷണം നിഷ്പക്ഷവും സുതാര്യവുമാവണമെന്ന സുപ്രീംകോടതിയുടെ താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് റിട്ട.ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം പ്രഖ്യാപിച്ചത്. ഈ താല്‍പ്പര്യത്തെ അട്ടിമറിക്കുന്ന വിധത്തിലുള്ള വിവരങ്ങളാണ് ഇപ്പോള്‍ മാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നതെന്നും പ്രസ്താവനയില്‍ പോപ്പുലര്‍ ഫ്രണ്ട് വ്യക്താക്കുന്നു.
അന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യതയും നിഷ്പക്ഷതയും ചോദ്യം ചെയ്യപ്പെടുന്ന നിലയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ബാഹ്യഇടപെടല്‍ നടന്നിട്ടുള്ളതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. എന്‍.ഐ.എ പോലുള്ള ഏജന്‍സികള്‍ അന്വേഷണം പൂര്‍ത്തിയാവും മുമ്പ് ഈവ്വിധം വാര്‍ത്തകള്‍ നല്‍കാറില്ലെന്നത് മറച്ചുവെച്ചാണ് തല്‍പരകക്ഷികള്‍ വ്യാജപ്രചാരണം നടത്തുന്നത്. വ്യാജവാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പി കെ അബ്ദുല്‍ ലത്തീഫ് പ്രസ്താവനയില്‍ അറിയിച്ചു.
ഹാദിയ (അഖില) ആതിര (ആയിഷ) കേസുകളില്‍ മതംമാറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട വ്യക്തിയാണെന്ന ആരോപണവുമായി എന്‍.ഐ.എ. എന്നായിരുന്നു വാര്‍ത്ത. ടൈംസ് ഓഫ് ഇന്ത്യയായിരുന്നു എന്‍.ഐ.എ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത നല്‍കിയത്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു എന്ന തരത്തില്‍ ഡൂള്‍ ന്യൂസും വാര്‍ത്ത നല്‍കിയിരുന്നു.