കൊച്ചി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയ നടപടി റദ്ദാക്കി എന്‍.ഐ.എ കോടതി. പാര്‍ട്ടിയെ നിരോധിച്ചതിന് പിന്നാലെ കണ്ടുകെട്ടിയ 10 സ്വത്തുക്കള്‍ക്ക് മേലുള്ള നടപടിയാണ് കോടതി റദ്ദാക്കിയത്. എന്‍.ഐ.എ പ്രത്യേക കോടതിയുടേതാണ് നടപടി.
ട്രസ്റ്റി ഭാരവാഹികളും സ്വത്തുടമകളും നല്‍കിയ അപ്പീലുകള്‍ പരിഗണിച്ചാണ് എന്‍.ഐ.എ കോടതി നടപടി റദ്ദാക്കിയത്. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനനങ്ങള്‍ക്കായി സ്വത്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന എന്‍.ഐ.എയുടെ വാദത്തെ തുടര്‍ന്നാണ് കണ്ടുകെട്ടല്‍ നടന്നത്.
നിലവില്‍ മലപ്പുറത്തെ ഗ്രീന്‍ വാലി ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ള 10.27 ഹെക്ടര്‍ ഭൂമിയും ഒരു കെട്ടിടവും, ആലപ്പുഴയിലെ ആലപ്പി സോഷ്യല്‍ കള്‍ച്ചറല്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സ്വത്ത്, മണ്ണഞ്ചേരിയിലെ ഷാഹുല്‍ ഹമീദ് എന്നയാളുടെ പേരിലുള്ള സ്വത്ത്, കരുനാഗപ്പള്ളിയിലെ കാരുണ്യ ഫൗണ്ടേഷന്‍, പന്തളം എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ്, ചാവക്കാട്ടെ മൂന്ന് വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍, മാനന്തവാടിയിലെ ഇസ്‌ലാമിക് സെന്റര്‍ ട്രസ്റ്റിന്റെ കീഴിലുള്ള ഭൂമി, ആലുവയിലെ അബ്ദുല്‍ സത്താര്‍ ഹാജി മൂസാ സേട്ട് പള്ളിയുടെ പരിസരത്തുള്ള ഓഫീസ്, പട്ടാമ്പിയിലെ ഒരു ഷോപ്പിങ് കോംപ്ലക്‌സ്, കോഴിക്കോട് മീഞ്ചന്തയിലെ കെട്ടിടം എന്നിവയാണ് കണ്ടുകെട്ടലില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ ട്രസ്റ്റ് അംഗങ്ങളാണ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്നതെന്ന ആരോപണത്തിലാണ് മഞ്ചേരിയിലെ ഗ്രീന്‍ വാലി ഫൗണ്ടേഷന്‍ കണ്ടുകെട്ടിയത്. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ട് രൂപീകരിക്കുന്നതിനും മുമ്പ് 1993ലാണ് ഗ്രീന്‍ വാലി ഫൗണ്ടേഷന്‍ സ്ഥാപിതമായതെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ കോടതിയില്‍ പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ടിന്റെ കേഡര്‍മാരെ താമസിപ്പിക്കാനും സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും നിര്‍മിക്കാനും ഉപയോഗിക്കുന്നതിനും പരിശീലനം നടത്താനുമാണ് ഗ്രീന്‍ വാലി ഉപയോഗിക്കുന്നതെന്നായിരുന്നു എന്‍.ഐ.എയുടെ പ്രധാന ആരോപണം.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അതോറിറ്റിയാണ് ഈ സ്വത്തുക്കളെല്ലാം കണ്ടുക്കെട്ടിയത്. 2022 മുതലാണ് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചത്. എന്‍.ഐ.എയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു കണ്ടുക്കെട്ടല്‍ നടപടികള്‍.
Content Highlight: The confiscation of Popular Front’s assets has been cancelled