| Wednesday, 25th July 2012, 3:40 pm

പോപ്പുലര്‍ ഫ്രണ്ടിന് സിമി ബന്ധമുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന് സിമി ബന്ധമുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. പോപ്പുലര്‍ ഫ്രണ്ടിന്റെ ഫ്രീഡം പരേഡിന് അനുമതി നല്‍കാനാവില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സ്വാതന്ത്ര്യദിന പരേഡിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്. []

പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനം രാജ്യസുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 27 രാഷ്ട്രീയ കൊലക്കേസുകളില്‍ സംഘടനയ്ക്ക് ബന്ധമുണ്ട്.  പോപ്പുലര്‍ ഫ്രണ്ടിന്റെ ഇപ്പോഴത്തെ ഭാരവാഹികള്‍ സിമി മുന്‍ ഭാരവാഹികളാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

ഇന്റലിജന്‍സ് എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്ത് മൂന്നിടങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്താനിരുന്ന സ്വാതന്ത്ര്യദിന പരേഡിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെയാണ് പോപ്പുലര്‍ ഫ്രണ്ട് ഹരജി നല്‍കിയത്. ഈരാറ്റുപേട്ട, കൊല്ലം, പൊന്നാനി, കൊയിലാണ്ടി എന്നിവിടങ്ങളില്‍ പരേഡ് നടത്താനാണ് പോപ്പുലര്‍ ഫ്രണ്ട് അനുമതി തേടിയത്.

നേരത്തെ സംസ്ഥാനത്ത് തീവ്രവാദ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം കേരളസന്ദര്‍ശനത്തിനിടെ പറഞ്ഞിരുന്നു. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ ഇക്കാര്യം സമ്മതിക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more