| Sunday, 11th May 2025, 4:15 pm

ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലില്‍ സന്തോഷമെന്ന് പുതിയ മാര്‍പാപ്പ ലിയോ പതിനാലാമന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വത്തിക്കാന്‍ സിറ്റി: ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലില്‍ സന്തോഷമെന്ന് പുതിയ മാര്‍പാപ്പ ലിയോ പതിനാലാമന്‍.

പുതിയ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിന്‌ പിന്നാലെ ആദ്യമായി വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു വെടിനിര്‍ത്തലിനെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ പ്രതികരണം പുറത്ത് വന്നത്. കൂടുതല്‍ ചര്‍ച്ചകളിലൂടെ ഇന്ത്യ-പാക് പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ഇതിന് പുറമെ ലോകത്തെ പല ഭാഗങ്ങളിലുമുള്ള സംഘര്‍ഷങ്ങള്‍ക്കും അയവ് വരട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമാധാനത്തിന്റെ സന്ദേശം ലോകം മുഴുവന്‍ പരക്കട്ടെയെന്നും തനിക്ക് പ്രിയപ്പെട്ട ഉക്രൈനിലും ഇസ്രഈല്‍-ഗസയിലും സമാധാനം പുലരട്ടെയെന്നും അദ്ദേഹം ആശംസിച്ചു. യുദ്ധഭൂമിയില്‍ നിന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വീടുകളിലേക്ക് തിരിച്ച് പോവാന്‍ കഴിയട്ടെയെന്നും ബന്ദികളാക്കപ്പെട്ടവര്‍ക്ക് മോചനം ലഭിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലക്ഷക്കണക്കിന് ആളുകളാണ് അദ്ദേഹത്തിന്റെ ആദ്യ അഭിസംബോധന കേള്‍ക്കാനായി സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഒത്തുകൂടിയത്.

ഇന്ത്യയുമായി പലപ്പോഴും അടുത്ത ബന്ധം സൂക്ഷിച്ചിരുന്നയാളായിരുന്നു ലിയോ പതിനാലാമന്‍. മാര്‍പാപ്പയാകുന്നതിന് മുമ്പ് അദ്ദേഹം രണ്ട് തവണയായാണ് ഇന്ത്യ സന്ദര്‍ശിച്ചത്. കേരളത്തിലും അദ്ദേഹം എത്തിയിരുന്നു.

2004ലും 2006ലുമായിരുന്നു അദ്ദേഹം ഇന്ത്യയില്‍ എത്തിയത്. 2004ലെ സന്ദര്‍ശത്തിനിടയാണ് അദ്ദേഹം കേരളത്തിലെത്തിയത്. അന്നദ്ദേഹം കേരളത്തിലെ ആലുവ മരിയാപുരം, ഇടക്കൊച്ചി എന്നിവിടങ്ങളിലും സന്ദര്‍ശിച്ചു.

മെയ് എട്ടിനാണ് അദ്ദേഹത്തെ മാര്‍പാപ്പയായി തെരഞ്ഞെടുത്തത്. അമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയാണ് ഇദ്ദേഹം. കത്തോലിക്ക സഭയുടെ 267ാം മാര്‍പാപ്പയാണ് ലിയോ പതിനാലാമന്‍. റോബര്‍ട്ട് ഫ്രാന്‍സിസ്പ്രവോസ്റ്റ് എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ നാമം.

Content Highlight:  Pope Leo XIV says he is happy with the ceasefire between India and Pakistan

We use cookies to give you the best possible experience. Learn more