| Wednesday, 14th October 2026, 8:22 am

ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ അര്‍ബുദം: ശസ്ത്രക്രിയ പൂര്‍ത്തിയായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വത്തിക്കാന്‍ സിറ്റി: ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് അദ്ദേഹത്തിന്റെ വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി മെഡിക്കല്‍ ബുള്ളറ്റിനില്‍ വത്തിക്കാന്‍ അറിയിച്ചു.

71 കാരനായ ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ 90 മിനിറ്റ് നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതായി മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ചൊവ്വാഴ്ചയായിരുന്നു ശസ്ത്രക്രിയ. പള്‍മണറി അഡിനോകാര്‍സിനോമ എന്ന തരം അര്‍ബുദമാണ് അദ്ദേഹത്തിന് സ്ഥിരീകരിച്ചത്.

ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും സങ്കീര്‍ണതകളൊന്നും ഉണ്ടായില്ലെന്നും വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം പാപ്പാ സാധാരണ നിലയില്‍ ഉണരുകയും, അല്പനേരത്തെ നിരീക്ഷണത്തിന് ശേഷം തന്റെ ആശുപത്രി മുറിയിലേക്ക് മടങ്ങുകയും ചെയ്തുവെന്നും വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചു. ഒക്ടോബര്‍ 20 വരെയുള്ള പോപ്പിന്റെ ഔദ്യോഗിക പരിപാടികള്‍ ഇതിനകം ഒഴിവാക്കിയിട്ടുണ്ട്.

റുട്ടീന്‍ ചെക്കപ്പിലാണ് അര്‍ബുദം കണ്ടെത്തിയത്. ശസ്ത്രക്രിയക്ക് ശേഷം ഒരാഴ്ചയോളം മാര്‍പാപ്പ ആശുപത്രിയില്‍ തുടരുമെന്നാണ് കരുതുന്നത്. അര്‍ബുദം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇതിനായി കൂടുതല്‍ പരിശോധനകള്‍ നടക്കുന്നുണ്ടെന്ന് എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ശ്വാസകോശത്തില്‍ മുഴയുള്ളതായി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ചത്തെ ശസ്ത്രക്രിയയിലാണ് അത് അര്‍ബുദമാണെന്ന് സ്ഥിരീകരിച്ചതെന്നും വത്തിക്കാന്‍ വ്യക്തമാക്കി. ശ്വാസകോശത്തിലെ മുഴകള്‍ സാധാരണമാണെന്നും അവ എല്ലായ്‌പ്പോഴും അര്‍ബുദമാകണമെന്നമെന്നില്ലെന്നും വത്തിക്കാന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ആരോഗ്യവാനായി കണക്കാക്കപ്പെടുന്ന മാര്‍പ്പാപ്പയ്ക്ക് അണുബാധയുടെയോ രോഗത്തിന്റെയോ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

ശസ്ത്രക്രിയയ്ക്കു മുന്നോടിയായുള്ള പരിശോധനകളില്‍ ഡോക്ടര്‍മാര്‍ക്കുണ്ടായിരുന്ന സംശയം ശസ്ത്രക്രിയയ്ക്കിടെ നടത്തിയ ടിഷ്യൂ പരിശോധനകളില്‍ സ്ഥിരീകരിക്കുകയായിരുന്നെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. രോഗം പൂര്‍ണ്ണമായി ഭേദമാക്കുക എന്ന ലക്ഷ്യത്തോടെ, വീഡിയോ-അസിസ്റ്റഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കം ചെയ്‌തെന്ന് മാര്‍പ്പാപ്പയുടെ മുഖ്യ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. സ്റ്റെഫാനോ മാര്‍ഗരിറ്റോറയും വ്യക്തിഗത ഡോക്ടറായ ഡോ. ലൂയിജി കാര്‍ബോണും പ്രസ്താവനയില്‍ അറിയിച്ചു.

മാര്‍പ്പാപ്പയുടെ രോഗാവസ്ഥ കൃത്യമായി വിലയിരുത്തുന്നതിന് മുഴയുടെ വലിപ്പവും അര്‍ബുദം ലിംഫ് നോഡുകളിലേക്ക് പടര്‍ന്നിട്ടുണ്ടോ എന്ന വിവരവും ആവശ്യമാണെന്ന് ഒരു മെഡിക്കല്‍ വിദഗ്ധന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ വത്തിക്കാന്‍ ഈ വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ലെന്നും റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

നവംബര്‍ ആദ്യം ലാറ്റിന്‍ അമേരിക്കന്‍ പര്യടനം പോപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിനാലാണ് ഇപ്പോള്‍ പെട്ടെന്ന് ശസ്ത്രക്രിയ നടത്താന്‍ അദ്ദേഹം തീരുമാനിച്ചതെന്നാണ് വിവരം. വിശ്രമത്തിന് ശേഷം അടുത്ത മാസത്തോടെ ലാറ്റിന്‍ അമേരിക്കയിലേക്ക് യാത്ര ചെയ്യാന്‍ പോപ്പിന് സാധിക്കുമെന്നാണ് കരുതുന്നത്. ലിയോ പതിനാലാമന്‍ വര്‍ഷങ്ങളോളം മിഷനറിയായും പിന്നീട് ബിഷപ്പായും സേവനമനുഷ്ഠിച്ച പെറു അടക്കമുള്ള രാജ്യങ്ങളാണ് ലാറ്റിനമേരിക്കന്‍ പര്യടനത്തില്‍ ഉള്‍പ്പെടുന്നത്.

നവംബര്‍ ആറ് മുതല്‍ 17 വരെയാണ് മാര്‍പാപ്പയുടെ ലാറ്റിന്‍ അമേരിക്കന്‍ പര്യടനം. പെറുവിന് പുറമെ ഉറുഗ്വേ, അര്‍ജന്റീന എന്നിവിടങ്ങളും അദ്ദേഹം സന്ദര്‍ശിക്കും.

നേരത്തെ മാര്‍പാപ്പയെ പ്രവേശിപ്പിച്ച ജെമെല്ലി ആശുപത്രിക്ക് പുറത്ത് വലിയൊരു ജനക്കൂട്ടം പാപ്പായെ കാണാനായി മണിക്കൂറുകളോളം കാത്തുനിന്നിരുന്നു. അദ്ദേഹം ആശുപത്രിയിലേക്ക് വരുമ്പോള്‍ ജനക്കൂട്ടം അഭിവാദ്യങ്ങളും ആശംസകളും നേര്‍ന്നു. കാറിന്റെ പിന്‍വശത്തെ ജനല്‍ താഴ്ത്തി മാര്‍പാപ്പ അവര്‍ക്ക് നേരെ കൈവീശുകയും പുഞ്ചിരിക്കുകയും ചെയ്തു.

Content Highlight: Pope Leo diagnosed with cancer as doctors remove part of lung, Vatican says

We use cookies to give you the best possible experience. Learn more