| Friday, 17th April 2026, 8:28 am

യുദ്ധത്തെ ന്യായീകരിക്കാൻ ബൈബിൾ വചനങ്ങളെ കൂട്ടുപിടിക്കുന്നു; ട്രംപ് ഭരണകൂടത്തിനെതിരെ വിമർശനവുമായി മാർപ്പാപ്പ

മുഹമ്മദ് നബീല്‍

വാഷിങ്ടൺ: ട്രംപ് ഭരണകൂടത്തെ വിമർശിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പ. ഇറാനുമായുള്ള അമേരിക്ക – ഇസ്രഈൽ യുദ്ധത്തെ ന്യായീകരിക്കാൻ ബൈബിൾ വചനങ്ങളെ കൂട്ടുപിടിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെയാണ് വിമർശനം.

‘സ്വന്തം സൈനികവും സാമ്പത്തികവും രാഷ്ട്രീയവുമായ നേട്ടങ്ങൾക്കായി മതത്തെയും ദൈവനാമത്തെയും ദുരുപയോഗം ചെയ്യുന്നത് കഷ്ടമാണ്, അവർ വിശുദ്ധമായതിനെ ഇരുട്ടിലേക്കും അശുദ്ധിയിലേക്കും വലിച്ചിഴയ്ക്കുകയാണ്,’ തന്റെ കാമറൂൺ സന്ദർശന വേളയിലെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് മാർപ്പാപ്പ എക്സിൽ കുറിച്ചു.

അതേസമയം വാഷിങ്ടൺ ഡി.സി.യിൽ യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് മാധ്യമപ്രവർത്തകർക്ക് നേരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു. ബൈബിളിലെ പരീശന്മാരോടാണ് അദ്ദേഹം മാധ്യമപ്രവർത്തകരെ ഉപമിച്ചത്. യേശുക്രിസ്തു പ്രവർത്തിച്ച അത്ഭുതങ്ങൾ നേരിട്ട് കണ്ടിട്ടും വിശ്വസിക്കാൻ തയ്യാറാകാത്തവരാണ് പരീശന്മാർ എന്നാണ് ക്രൈസ്തവ വിശ്വാസം. ഈ ചരിത്ര പശ്ചാത്തലം മുൻനിർത്തിയായിരുന്നു ഹെഗ്സെത്തിന്റെ വിമർശനം.

യു.എസ് സൈന്യം നടത്തിയ മൂവായിരത്തോളം വരുന്ന കൊലകളെയാണ് പീറ്റ് ഹെഗ്സെത്ത് അത്ഭുതമായി മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.

തന്റെ വാർത്താ സമ്മേളനങ്ങളിൽ ഹെഗ്സെത്ത് ആവർത്തിച്ച് ദൈവനാമം ഉപയോഗിക്കുന്നുണ്ട്. ഈ യുദ്ധം അമേരിക്കയുടെ ഒരു ദൈവിക ദൗത്യത്തിന്റെ ഭാഗമാണെന്നാണ് അദ്ദേഹം പറയുന്നത്.

യുദ്ധത്തിനെതിരെ നിലപാടെടുക്കുന്ന പോപ്പ് ലിയോയുടെ വാദങ്ങൾക്ക് തീർത്തും വിരുദ്ധമാണിത്.

സാധാരണഗതിയിൽ വത്തിക്കാന്റെ ഭാഗത്തുനിന്നുള്ള ഇത്തരം നിലപാടുകൾ അത്ര ശ്രദ്ധിക്കപ്പെടാറില്ല. എന്നാൽ, അമേരിക്കയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായാണ് മാർപ്പാപ്പ പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ലിയോ പതിനാലാമനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി.

തങ്ങൾ ഉയർത്തിപ്പിടിക്കുന്ന ദേശീയ താത്പര്യങ്ങൾക്ക് മാർപ്പാപ്പ തടസം നിൽക്കുന്നു എന്നാണ് ട്രംപിന്റെ ആരോപണം. അമേരിക്കയിൽ നിന്നുള്ള പോപ്പ്തന്നെ യു.എസ് ഭരണകൂടത്തിനെതിരെ നിലപാടെടുത്തതാണ് ട്രംപിനെ ചൊടിപ്പിക്കുന്നത്.

മാർപ്പാപ്പയുമായുള്ള തർക്കം മൂർച്ഛിച്ചതിനെത്തുടർന്ന് കഴിഞ്ഞ ആഴ്ച ട്രംപ് സ്വയം യേശുക്രിസ്തുവായി ചിത്രീകരിക്കുന്ന ഒരു എ.ഐ. ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

ഞായറാഴ്ച പോസ്റ്റ് ചെയ്ത ഈ ചിത്രം വലിയ പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും വഴിതെളിച്ചു. ഇതോടെ തിങ്കളാഴ്ച അദ്ദേഹം ചിത്രം പിൻവലിക്കുകയും ചെയ്തു.

Content Highlight: Pope criticizes Trump administration for using Bible verses to justify war

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more