വത്തിക്കാന്‍: ആയുധം കൊണ്ട് സമാധാനം സ്ഥാപിക്കാനാകില്ലെന്ന് മാര്‍പാപ്പ. പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കണമെന്നും മാര്‍പാപ്പ പറഞ്ഞു.
ഇറാനിലും ഗള്‍ഫ് രാജ്യങ്ങളിലും തുടരുന്ന സംഘര്‍ഷത്തില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടാണ് മാര്‍പാപ്പയുടെ പ്രതികരണം. ഇന്ന് (ഞായര്‍) ആഞ്ചലസില്‍ നടന്ന പ്രാര്‍ത്ഥനക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീഷണി ഉയര്‍ത്തിയും മരണം വിതയ്ക്കുന്ന ആയുധങ്ങള്‍ ഉപയോഗിച്ചും സമാധാനം സ്ഥാപിക്കാന്‍ കഴിയില്ലെന്നും മാര്‍പാപ്പ പറഞ്ഞു. ആധികാരികവും ഉത്തരവാദിത്തമുള്ളതുമായ ചര്‍ച്ചകളാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിലെ അക്രമങ്ങള്‍ തുടര്‍ന്നാല്‍ വലിയ ദുരന്തമുണ്ടാകുമെന്നും മാര്‍പാപ്പ മുന്നറിയിപ്പ് നൽകി. സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ധാര്‍മിക ഉത്തരവാദിത്തം ബന്ധപ്പെട്ട കക്ഷികള്‍ ഏറ്റെടുക്കണം. സമാധാനം പുലരുന്നതിനായി രാഷ്ട്രങ്ങള്‍ ചര്‍ച്ചയിലേക്ക് മടങ്ങിവരാന്‍ പ്രാര്‍ത്ഥിക്കുന്നു. നയതന്ത്രം അതിന്റെ പങ്ക് വീണ്ടെടുക്കണമെന്നും മാര്‍പാപ്പ പ്രതികരിച്ചു.
അതേസമയം ഇറാനും ഇസ്രഈലും തമ്മിലുള്ള ആക്രമണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. യു.എസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ഗള്‍ഫ് രാജ്യങ്ങളിലെ ആക്രമണങ്ങള്‍ ഇറാനും ശക്തമാക്കി.
ഇന്നലെ (ഞായര്‍) രാവിലെയോടെയാണ് ഇറാനില്‍ യു.എസും ഇസ്രഈലും സംയുക്തമായി ആക്രമണം ആരംഭിച്ചത്. 200ലധികം ആളുകളാണ് ഇസ്രഈലിന്റെ ആക്രമണത്തില്‍ ഇറാനില്‍ കൊല്ലപ്പെട്ടത്. മിനാബില്‍ നടന്ന ആക്രമണത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറിലധികം പേര്‍ കൊല്ലപ്പെട്ടു.
പക വീട്ടുമെന്നാണ് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്റെ സംഘര്‍ഷത്തിന് പിന്നാലെയുള്ള ആദ്യ പ്രതികരണം. അമേരിക്കയും ഇസ്രഈലും നടത്തുന്ന ആക്രമണം മുസ്‌ലിങ്ങൾക്കെതിരായ തുറന്ന യുദ്ധ പ്രഖ്യാപനമാണെന്നും പെസസ്‌കിയാന്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്‌ലാമിക ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പരീക്ഷണമാണ് ഈ ദാരുണമായ സംഭവമെന്ന് ഖാംനഇയുടെ കൊലപാതകത്തെ അപലപിച്ചും പെസസ്‌കിയാന്‍ പറഞ്ഞു. പ്രതികാരം, അവകാശം, ഉത്തരവാദിത്തം എന്നതാണ് ഇറാന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാര്‍ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണമെന്ന് യു.എസും യു.കെയും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Content Highlight: Pope calls for end to conflict in West Asia; lay down arms