റോം: പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ വീണ്ടും ആഹ്വാനവുമായി മാര്‍പാപ്പ. ആയുധങ്ങള്‍ ഉപേക്ഷിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് മാര്‍പാപ്പ പറഞ്ഞു. ഇന്ന് (ഞായര്‍) സെന്റ് പീറ്റേഴ്സില്‍ നടന്ന പ്രാര്‍ത്ഥനയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറാനില്‍ നിന്നും പശ്ചിമേഷ്യയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ അസ്വസ്ഥത ഉളവാക്കുന്നുവെന്നും മാര്‍പാപ്പ പറഞ്ഞു. വിദ്വേഷം സംഘര്‍ഷത്തിന്റെയും ഭയത്തിന്റെയും ആക്കം കൂട്ടുന്നു. ലെബനന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ സംഘര്‍ഷത്തിലേക്ക് വലിച്ചിഴക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകത്ത് ബോംബുകളുടെ ശബ്ദം നിലയ്ക്കാന്‍ യേശുവിനോട് പ്രാര്‍ത്ഥിക്കാമെന്നും മാര്‍പാപ്പ പറഞ്ഞു. ഇറാനിലെ യു.എസ്-ഇസ്രഈല്‍ ആക്രമണം ഒമ്പത് ദിവസം പിന്നിട്ട സാഹചര്യത്തിലാണ് മാര്‍പാപ്പയുടെ പ്രതികരണം.
ഇത് രണ്ടാം വട്ടമാണ് ഇറാനിലെ സംഘര്‍ഷത്തില്‍ മാര്‍പാപ്പ പ്രതികരിക്കുന്നത്. ഭീഷണി ഉയര്‍ത്തിയും മരണം വിതയ്ക്കുന്ന ആയുധങ്ങള്‍ ഉപയോഗിച്ചും സമാധാനം സ്ഥാപിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
നിലവിലെ അക്രമങ്ങള്‍ തുടര്‍ന്നാല്‍ വലിയ ദുരന്തമുണ്ടാകുമെന്നും മാര്‍പാപ്പ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആധികാരികവും ഉത്തരവാദിത്തമുള്ളതുമായ ചര്‍ച്ചകളാണ് ആവശ്യം. സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ധാര്‍മിക ഉത്തരവാദിത്തം ബന്ധപ്പെട്ട കക്ഷികള്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
നിലവില്‍ ഇറാനിലും ലെബനനിലും ഒരേസമയമാണ് ഇസ്രഈല്‍ ആക്രമണം നടത്തുന്നത്. തെക്കന്‍ ലെബനനിലെ ഫലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പിലാണ് ഇസ്രഈല്‍ ഏറ്റവും ഒടുവില്‍ ആക്രമണം നടത്തിയത്.
ഡിഡോണിലെ ഐന്‍ അല്‍-ഹില്‍വേ ക്യാമ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്. ലെബനനിലെ ഏറ്റവും വലിയ ഫലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പാണ് ഐന്‍ അല്‍-ഹില്‍വേ.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ യു.എസിന്റെ നാല് മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തതായി ഐ.ആര്‍.ജി.സി പറഞ്ഞു. ഇറാനെതിരായ ആക്രമണം കൂടുതല്‍ ശക്തമാക്കുമെന്നാണ് ഇസ്രഈല്‍ സേനയായ ഐ.ഡി.എഫിന്റെ നിലപാട്.
Content Highlight: Pope calls for end to bombings in middle east