| Thursday, 8th October 2026, 3:06 pm

അവൻ ഒരു പാർടൈം ബൗളറല്ല; വെളിപ്പെടുത്തലുമായി ചേതേശ്വർ പൂജാര

അഞ്ജലി പി.കെ.

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ മികച്ച ബൗളിങ് കാഴ്ചവെച്ച നമൻ ധീറിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ചേതേശ്വർ പൂജാര. നമൻ ഒരു പാർട്ട് ടൈം ബൗളർ മാത്രമല്ലെന്ന് കഴിഞ്ഞ പ്രകടനത്തിലൂടെ തെളിയിച്ചുവെന്നും പൂജാര പറഞ്ഞു.

എന്നിരുന്നാലും, എല്ലാ മത്സരങ്ങളിലും ഓഫ് സ്‌പിന്നരായ ധീർ നാല് ഓവർ വീതം എറിയുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജിയോ ഹോട്ട്സ്റ്റാറിൻ്റെ ഗെയിം പ്ലാൻ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ചേതേശ്വർ പൂജാര.

‘അവൻ മികച്ച രീതിയിൽ പന്തെറിയുന്നത് കാണുന്നത് സന്തോഷമുള്ള കാര്യമാണ്. അതിനുമുമ്പ് അവൻ വിക്കറ്റുകൾ നേടിയതും ഒരു സിക്സ് അടിയേറ്റ ശേഷമായിരുന്നു. ഓരോ തവണയും ലൈനും ലെങ്തും മാറ്റാൻ അവൻ ശ്രമിക്കുന്നുണ്ടായിരുന്നു. വേഗതയിൽ കൃത്യമായ വ്യതിയാനങ്ങൾ വരുത്താനും അവന് സാധിച്ചു. ഒരു വെറും പാർട്ട് ടൈം ബൗളർക്ക് ഇതൊന്നും എളുപ്പത്തിൽ ചെയ്യാൻ കഴിയില്ല, അതിന് പ്രത്യേക കഴിവുതന്നെ വേണം. താനൊരു മികച്ച ബൗളറാണെന്ന് നമൻ ധീർ തെളിയിച്ചുകഴിഞ്ഞു.

നമൻ ധീർ

എല്ലാ മത്സരങ്ങളിലും അവൻ നാല് ഓവർ വീതം എറിയുമെന്ന് കരുതാനാകില്ല. എങ്കിലും അവൻ മികച്ച രീതിയിൽ പുരോഗമിക്കുന്നുണ്ട്. ഒരു വെറും പാർട്ട് ടൈം ബൗളരെക്കാൾ  ടി-20 ഫോർമാറ്റിൽ അത്യാവശ്യം നല്ലൊരു ബൗളറാകാൻ അവന് കഴിയും.

ലഖ്‌നൗവിലെ പിച്ചിൽ നിന്ന് ബൗളർമാർക്ക് അല്പം ആനുകൂല്യം ലഭിച്ചിരുന്നു എന്നത് സത്യമാണ്. ഫ്ലാറ്റ് പിച്ചുകളിൽ എങ്ങനെ പന്തെറിയണമെന്ന് അവൻ ഇനിയും പഠിക്കേണ്ടതുണ്ട്. അത് പരിചയസമ്പത്തിലൂടെ മാത്രമേ വരൂ, എങ്കിലും അവനെ സംബന്ധിച്ച് ഇതൊരു നല്ല തുടക്കമായിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

നമൻ ധീർ

ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വമ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 172 റൺസിന്റെ വിജയലക്ഷ്യം ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ സെഞ്ച്വറി കരുത്തിൽ 32 പന്ത് ബാക്കിനിൽക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.

ഇന്ത്യയ്ക്കായി നമന്‍ ധിര്‍ മൂന്ന് വിക്കറ്റുകളാണ് നേടിയത്. അക്‌സര്‍ പട്ടേലും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതവും അര്‍ഷ്ദീപ് സിങ്, മായങ്ക് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. ഒക്ടോബർ ഒമ്പതിന് റാഞ്ചിയിൽ നടക്കുന്ന അഞ്ച് മത്സര പരമ്പരയിലെ രണ്ടാം മത്സരത്തിലും മികച്ചപ്രകടനം നമന്‍ ധിര്‍ കാഴ്‌ചവെക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Content Highlights ; Poojara Talks About Naman Dheer Bowling in T20

അഞ്ജലി പി.കെ.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്നി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദവും മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും നേടി.

Latest Stories

We use cookies to give you the best possible experience. Learn more