മലയാളത്തിലും തെലുങ്കിലും ഒരുപോലെ വമ്പന്‍ ഫാന്‍ബേസ് സൃഷ്ടിച്ച നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. മഹാനടിയില്‍ ജെമിനി ഗണേശനെ അവതരിപ്പിച്ചുകൊണ്ടാണ് ദുല്‍ഖര്‍ തെലുങ്കില്‍ അരങ്ങേറിയത്. ആദ്യചിത്രത്തിലെ പ്രകടനത്തിലൂടെ തന്നെ തെലുങ്ക് പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കാന്‍ ദുല്‍ഖറിന് സാധിച്ചു. ടോളിവുഡില്‍ മികച്ച സിനിമകളുടെ ഭാഗമായ ദുല്‍ഖര്‍ ഓരോ സിനിമയിലൂടെയും തന്റെ സ്റ്റാര്‍ഡം ഉയര്‍ത്തി.
തെലുങ്കിലെ വമ്പന്‍ താരങ്ങള്‍ക്ക് പോലും നേടാന്‍ സാധിക്കാത്ത 100 കോടി എന്ന സ്വപ്‌നനേട്ടം ലക്കി ഭാസ്‌കറിലൂടെ ദുല്‍ഖര്‍ സ്വന്തമാക്കുകയും ചെയ്തു. താരത്തിന്റെ പുതിയ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ട് അടുത്തിടെ ആരംഭിച്ചിരുന്നു. നവാഗതനായ രവി നെലകുഡിടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.
സൗത്ത് ഇന്ത്യയിലെ മികച്ച താരങ്ങളിലൊരാളായ പൂജ ഹെഗ്‌ഡേയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയാകുന്നത്. ഡി.ക്യു 41 എന്ന് താത്കാലികമായി ടൈറ്റിലിട്ടിരിക്കുന്ന ചിത്രത്തിന്റെ സെറ്റില്‍ പൂജ ജോയിന്‍ ചെയ്തതിന്റെ വീഡിയോയാണ് പുറത്തുവിട്ടത്. പൂജയും ദുല്‍ഖറും തമ്മിലുള്ള കെമിസ്ട്രിയാണ് വീഡിയോയുടെ ഹൈലൈറ്റ്.
ഇതാദ്യമായാണ് പൂജ ഹെഗ്‌ഡേയും ദുല്‍ഖറും ഒന്നിക്കുന്നത്. മുമ്പ് സീതാ രാമം എന്ന ചിത്രം ഇരുവരെയും വെച്ച് ചെയ്യാനായിരുന്നു പ്ലാന്‍ ചെയ്തത്. എന്നാല്‍ രാധേ ശ്യാം എന്ന ചിത്രത്തിന്റെ തിരക്ക് കാരണം പൂജ സീതാ രാമം ഒഴിവാക്കുകയായിരുന്നു. അന്ന് മിസ്സായ കോമ്പോ ഇത്തവണ ഒന്നിക്കുന്നു എന്നതാണ് ഡി.ക്യൂ 41ന്റെ ഹൈലൈറ്റ്.
ദസറ, പാരഡൈസ് എന്നീ ചിത്രങ്ങളൊരുക്കിയ എസ്.എല്‍.വി സിനിമാസാണ് ഡി.ക്യൂ 41ന്റെ നിര്‍മാതാക്കള്‍. പ്രണയചിത്രമാണ് ഇതെന്ന് പുറത്തുവന്ന അപ്‌ഡേറ്റുകള്‍ സൂചന നല്‍കുന്നുണ്ട്. നിലവില്‍ തെലുങ്കില്‍ വമ്പന്‍ മാര്‍ക്കറ്റുള്ള ദുല്‍ഖറിന്റെ കരിയറിലെ മികച്ച ചിത്രമാകും ഇതെന്നാണ് ആരാധകര്‍ കരുതുന്നത്. 2026ലാകും ചിത്രം തിയേറ്ററുകളിലെത്തുക.
നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐ ആം ഗെയിമിന്റെ സെറ്റില്‍ ഈ മാസം പകുതിയോടെ ദുല്‍ഖര്‍ ജോയിന്‍ ചെയ്യും. തമിഴിലും തെലുങ്കിലുമായി ഒരുങ്ങിയ കാന്താ, തെലുങ്ക് ചിത്രം ആകാസം ലോ ഒക്ക താര എന്നിവയാണ് താരത്തിന്റെ ലൈനപ്പിലെ മറ്റ് ചിത്രങ്ങള്‍. പാന്‍ ഇന്ത്യന്‍ താരമായി വളരുന്ന ദുല്‍ഖര്‍ വരും സിനിമകളിലൂടെ സ്റ്റാര്‍ഡം ഉയര്‍ത്തുമെന്ന് ഉറപ്പാണ്.
Content Highlight: Pooja Hegde on board on Dulquer Salmaan’s new Telugu movie