| Wednesday, 16th July 2025, 8:50 pm

സൗബിന്റെ ഡാന്‍സിന് ഞാന്‍ കണ്ട ഏറ്റവും വലിയ പ്രത്യേകതയാണത്, വളരെ സ്വീറ്റാണ് അദ്ദേഹം: പൂജ ഹെഗ്‌ഡേ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിലവില്‍ സോഷ്യല്‍ മീഡിയയില്‍ റീലുകളായി നിറഞ്ഞുനില്‍ക്കുന്ന പാട്ടാണ് ‘മോണിക്ക’ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയിലെ രണ്ടാമത്തെ ഗാനമായാണ് ‘മോണിക്ക’ പുറത്തിറങ്ങിയത്. അനിരുദ്ധ് ഈണമിട്ട ഗാനം വളരെ വേഗത്തില്‍ വൈറലായി സകല പ്ലാറ്റ്‌ഫോമുകളിലും ചാര്‍ട്ബസ്റ്ററായി മാറിയിരിക്കുകയാണ്.

പൂജ ഹെഗ്‌ഡേയുടെ സാന്നിധ്യമാണ് ഗാനരംഗത്തിന്റെ പ്രത്യകത. ഈയൊരു ഗാനരംഗത്തില്‍ മാത്രമാണ് പൂജ പ്രത്യക്ഷപ്പെടുന്നത്. പൂജയെക്കാള്‍ സോഷ്യല്‍ മീഡിയയെ ഒന്നടങ്കം അത്ഭുതപ്പെടുത്തിയത് ഒപ്പം ചുവടുവെച്ച മലയാളികളുടെ സ്വന്തം സൗബിന്‍ ഷാഹിറാണ്. താരത്തിന്റെ ചുവടുകള്‍ പാട്ടിന്റെ പ്രധാന ആകര്‍ഷണമായി മാറിയിരിക്കുകയാണ്. ഭാഷാതിര്‍ത്തികള്‍ കടന്ന് സൗബിനെ പ്രശംസിക്കുകയാണ് സോഷ്യല്‍ മീഡിയ.

സൗബിന്‍ ഷാഹിറിനൊപ്പമുള്ള ഡാന്‍സിന്റെ അനുഭവം പങ്കുവെക്കുകയാണ് പൂജ ഹെഗ്‌ഡേ. വളരെ സ്വീറ്റായിട്ടുള്ള വ്യക്തിയാണ് സൗബിനെന്ന് പൂജ പറഞ്ഞു. അയാളുടെ ഡാന്‍സിന് വല്ലാത്ത യൂണീക്‌നെസ്സുണ്ടെന്നും അത് തന്നെ വല്ലാതെ ആകര്‍ഷിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു. അയാളുടെ ഡാന്‍സ് കണ്ടുനില്‍ക്കാന്‍ തന്നെ രസമാണെന്നും പൂജ പറയുന്നു. അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട ബി.ടി.എസ്. വീഡിയോയില്‍ സംസാരിക്കുകയായിരുന്നു പൂജ ഹെഗ്‌ഡേ.

‘ഈ പാട്ട് ആദ്യം കേട്ടപ്പോള്‍ തന്നെ അതിന്റെ ബീറ്റുകള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു. നല്ല മോഡേണായിട്ടുള്ള പാട്ടാണെന്ന് മനസിലായി. ചുവന്ന ഗൗണ്‍ ധരിക്കാമെന്ന ആശയം ലോകേഷ് സാറിന്റേതാണ്. ഒരു പോര്‍ട്ടില്‍ വെച്ചാണ് പാട്ട് ഷൂട്ട് ചെയ്തത്. ഒരുപാട് പൊടിയായിരുന്നു അവിടെ മുഴുവന്‍. അതിന്റെ കൂടെ കാറ്റും കൂടിയായപ്പോള്‍ വല്ലാതെ കഠിനമായി.

ഈ പാട്ട് ആദ്യം കേട്ടപ്പോള്‍ തന്നെ എനിക്ക് ഇഷ്ടമായി. വൈറലാകാനുള്ള എല്ലാ എലമെന്റുകളും ഈ പാട്ടിനുണ്ടെന്ന് ആദ്യ കേള്‍വിയില്‍ മനസിലായി. സൗബിന്‍… അയാള്‍ക്ക് അയാളുടേതായ യൂണിക് സ്റ്റൈലാണ് ഡാന്‍സ് ചെയ്യുമ്പോള്‍. മറ്റാര്‍ക്കും ആ രീതിയില്‍ ഡാന്‍സ് ചെയ്യാനാകില്ല. എന്താ പറയുക, വളരെ സ്വീറ്റായിട്ടുള്ള വ്യക്തിയാണദ്ദേഹം,’ പൂജ ഹെഗ്‌ഡേ പറയുന്നു.

ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ താരനിരയിലാണ് കൂലി ഒരുങ്ങുന്നത്. തുടര്‍ച്ചയായ രണ്ട് ഇന്‍ഡസ്ട്രിയല്‍ ഹിറ്റുകള്‍ക്ക് ശേഷം ലോകേഷ് അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ രജിനികാന്താണ് നായകന്‍. തെലുങ്ക് താരം നാഗാര്‍ജുന വില്ലനായെത്തുന്ന ചിത്രത്തില്‍ കന്നഡ താരം ഉപേന്ദ്ര, തമിഴ് താരങ്ങളായ സത്യരാജ്, ശ്രുതി ഹാാസന്‍ എന്നിവരും വേഷമിടുന്നു. ഓഗസ്റ്റ് 14ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Pooja Hegde about Soubin Shahir’s dance in Coolie movie

We use cookies to give you the best possible experience. Learn more