| Tuesday, 12th August 2025, 8:25 pm

ഗ്ലാമര്‍ വേഷത്തില്‍ മാത്രം ടൈപ്കാസ്റ്റ് ചെയ്യപ്പെട്ട സമയത്ത് എനിക്ക് വ്യത്യസ്തമായ വേഷം തന്നത് അദ്ദേഹം: പൂജ ഹെഗ്‌ഡേ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിഷ്‌കിന്‍ സംവിധാനം ചെയ്ത മുഖംമൂടിയിലൂടെ സിനിമാജീവിതം ആരംഭിച്ച നടിയാണ് പൂജ ഹെഗ്‌ഡേ. ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കാന്‍ പൂജക്ക് സാധിച്ചു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ മികച്ച സിനിമകളുടെ ഭാഗമായ പൂജ വളരെ വേഗത്തില്‍ മുന്‍നിരയില്‍ സ്ഥാനം പിടിക്കുകയും ചെയ്തു.

പൂജ നായികയായി ഈ വര്‍ഷം തിയേറ്ററുകളിലെത്തിയ ചിത്രമാണ് റെട്രോ. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ സൂര്യയാണ് നായകനായി വേഷമിട്ടത്. ഇതുവരെ കാണാത്ത തരത്തിലുള്ള കഥാപാത്രമായിരുന്നു റെട്രോയിലെ രുക്മിണി. റെട്രോയെക്കുറിച്ചും തന്റെ കഥാപാത്രത്തെക്കുറിച്ചും സംസാരിക്കുയാണ് പൂജ ഹെഗ്‌ഡേ.

‘ഹിന്ദി ഇന്‍ഡസ്ട്രിയില്‍ ഞാന്‍ ഗ്ലാമറസ് റോളുകളില്‍ തളച്ചിടപ്പെട്ടിട്ടുണ്ടെന്നാണ് വിശ്വാസം. പ്രേക്ഷകരുടെ കുഴപ്പമല്ല. സംവിധായകരാണ് എന്നെ ആ തരത്തില്‍ കാസ്റ്റ് ചെയ്തത്. സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ ഞാന്‍ ചെയ്തതിന്റെ ചെറിയൊരു അംശം മാത്രം കണ്ടിട്ടാണ് അവര്‍ എല്ലാ സിനിമകളിലും എനിക്ക് ഗ്ലാമര്‍ റോളുകള്‍ തന്നത്.

അതില്‍ നിന്ന് വ്യത്യസ്തമായി ചിന്തിച്ചത് തമിഴ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജാണ്. രുക്മിണി എന്ന കഥാപാത്രം ഞാന്‍ കരിയറില്‍ ഇതുവരെ ചെയ്യാത്ത ഒന്നായിരുന്നു. അദ്ദേഹത്തിന്റെ ആ ചിന്ത എനിക്ക് ഒരുപാട് ഇഷ്ടമായി. കാരണം, രുക്മിണിയായി ഞാന്‍ എന്നെ സങ്കല്പിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം എന്നെ ആ കഥാപാത്രമായി മനസില്‍ കണ്ടു. അതിന് കാര്‍ത്തിക് സുബ്ബരാജിനോട് നന്ദിയുണ്ട്.

ഒരു നല്ല ഫിലിംമേക്കറിന് വേണ്ട ഗുണമാണ് അത്. എന്തുകൊണ്ട് എന്നെ രുക്മിണിയായി കാസ്റ്റ് ചെയ്തു എന്ന ചോദ്യത്തിന് അദ്ദേഹം തന്ന മറുപടി എനിക്ക് ഇഷ്ടമായി. ‘രാധേ ശ്യാം എന്ന സിനിമയിലെ രണ്ടുമൂന്ന് സീന്‍ എനിക്കിഷ്ടമായി. ആ സീനുകള്‍ കാരണമാണ് രുക്മിണിയെന്ന കഥാപാത്രമായി നിങ്ങളെ തെരഞ്ഞെടുത്തത്’ എന്നായിരുന്നു കാര്‍ത്തികിന്റെ മറുപടി,’ പൂജ ഹെഗ്‌ഡേ പറയുന്നു.

കങ്കുവയുടെ വന്‍ പരാജയത്തിന് ശേഷം തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു റെട്രോ. 1990കളില്‍ നടക്കുന്ന കഥയാണ് ചിത്രം പറഞ്ഞത്. സൂര്യ, പൂജ ഹെഗ്‌ഡേ, ജോജു ജോര്‍ജ് തുടങ്ങിയവരുടെ മികച്ച പെര്‍ഫോമന്‍സ് ഉണ്ടായിരുന്നെങ്കിലും തിരക്കഥ ശക്തമല്ലാതായതിനാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ തിളങ്ങിയില്ല.

Content Highlight: Pooja Hedge about Karthik Subbaraj and Retro movie

We use cookies to give you the best possible experience. Learn more