| Thursday, 8th May 2025, 12:51 pm

പൊന്നിയിൻ സെൽവനിലെ കോപ്പിയടി വിവാദം; എ. ആര്‍. റഹ്‌മാനും നിര്‍മാതാക്കളും രണ്ട് കോടി കെട്ടിവെക്കണമെന്ന ഉത്തരവിന് സ്റ്റേ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൊന്നിയിന്‍ സെല്‍വന്‍ 2 ചിത്രത്തിലെ ഗാനം കോപ്പിയടിയാണെന്ന ആരോപണത്തില്‍ എ. ആര്‍. റഹ്‌മാനും നിര്‍മാതാക്കളും രണ്ടു കോടി രൂപ കെട്ടിവെക്കണമെന്നുള്ള കോടതി ഉത്തരവ് സ്റ്റേ ചെയ്ത് ദല്‍ഹി ഹൈക്കോടതി.

പ്രശസ്ത ധ്രുപത് സംഗീതജ്ഞരായ നാസിര്‍ ഫയാസുദ്ദീന്‍ ദാഗറും സഹോദരനായ സഹൈറുദ്ദീന്‍ ദാഗറും ഒരുമിച്ച് ചിട്ടപ്പെടുത്തിയ ശിവ സ്തുതി എന്ന ഗാനത്തിന്റെ പകര്‍പ്പാണ് പൊന്നിയിന്‍ സെല്‍വന്‍ 2 ചിത്രത്തിലെ വീര രാജ വീര എന്ന ഗാനമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് എ. ആര്‍. റഹ്‌മാനോടും നിര്‍മാതാക്കളോടും രണ്ടു കോടി കെട്ടിവെക്കാന്‍ ദൽഹി കോടതി ആവശ്യപ്പെട്ടത്.

സിംഗിള്‍ ബഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് എ. ആര്‍. റഹ്‌മാന്‍ ദല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഉത്തരവ് സ്റ്റേ ചെയ്തത്. 2023ലാണ് പൊന്നിയിന്‍ സെല്‍വന്‍ 2 വിലെ ഗാനം കോപ്പിയടിയാണെന്ന് ആരോപിച്ച് നാസിര്‍ ഫയാസുദ്ദീന്റെ മകന്‍ കോടതിയെ സമീപിച്ചത്. കോടതി ഹരജി പരിഗണിക്കുകയും ഗാനം കോപ്പിയടിയാണെന്ന് നീരീക്ഷിക്കുകയും ആയിരുന്നു.

എല്ലാ ഒടിടി, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും ഗാനത്തിനൊപ്പം നിലവിലുള്ള ക്രെഡിറ്റ് സ്ലൈഡ് മാറ്റാനും കോടതിച്ചെലവായി രണ്ട് ലക്ഷം രൂപ ഫയാസ് വസിഫുദ്ദീന്‍ ദാഗറിന് നല്‍കണമെന്നുമായിരുന്നു കോടതി നിർദ്ദേശം. ഇതും ദൽഹി ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.

പൊന്നിയിന്‍ സെല്‍വന്‍ 2

മണിരത്നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വൻ്റെ രണ്ടാം ഭാഗമാണ് പൊന്നിയിന്‍ സെല്‍വന്‍ 2. 2013ലാണ് ചിത്രം പുറത്തിറങ്ങിയത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം പുറത്തിറങ്ങിയത്. ഐശ്വര്യ റായ്, വിക്രം, തൃഷ, ജയം രവി, ജയറാം, പ്രകാശ് രാജ് തുടങ്ങി വലിയൊരു താര നിര തന്നെയായിരുന്നു ചിത്രത്തിന് വേണ്ടി അണിനിരന്നത്. എ. ആര്‍. റഹ്‌മാന്‍ ആണ് ചിത്രത്തിന് സംഗീതം നിർവഹിച്ചത്.

Content Highlight: Ponniyin Selvan 2: Stay on order requiring A. R. Rahman and producers to deposit Rs 2 crore

We use cookies to give you the best possible experience. Learn more