2025 ല്‍ സിനിമാപ്രേക്ഷര്‍ ഏറെ ചര്‍ച്ച ചെയ്ത സിനിമയാണ് നവാഗത സംവിധായകന്‍ ജോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത് ബേസില്‍ ജോസഫും സജിന്‍ ഗോപുവും പ്രധാനവേഷത്തിലെത്തിയ പൊന്മാന്‍. ജി.ആര്‍ ഇന്ദുഗോപന്റെ നാലഞ്ചു ചെറുപ്പക്കാര്‍ എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം ഒ.ടി.ടി റിലീസിന് ശേഷം രാജ്യമൊട്ടാകെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ക്ലബ് എഫ്.എം സംഘടിപ്പിച്ച ഡയറക്ടേഴ്‌സ് റൗണ്ട് ടേബിളില്‍ പങ്കെടുത്ത പൊന്മാന്‍ സംവിധായകന്‍ ജോതിഷ് ശങ്കറിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. സിനിമ തിയേറ്ററില്‍ കാണാന്‍ ആഗ്രഹിക്കുന്ന ആളാണ് താനെന്നും പൊന്മാന്‍ സിനിമ ആളുകള്‍ തിയേറ്ററില്‍ കാണണമെന്നാണ് താനാഗ്രഹിച്ചിരുന്നതെന്നും പറയുകയാണ് സംവിധായകന്‍.
പൊന്മാന്‍. Photo: Jio hotstar
‘ഒരു ഫിലിംമേക്കര്‍ എന്ന നിലയില്‍ സിനിമ എപ്പോഴും ഒ.ടി.ടി യില്‍ കാണാനുള്ളതാണെന്നാണ് എന്റെ അഭിപ്രായം. തീര്‍ച്ചയായും ഒ.ടി.ടി.യില്‍ വരുമ്പോള്‍ മറ്റ് ഭാഷയിലുള്ള പ്രേക്ഷകരിലേക്കും സിനിമ എത്തുന്നു. ഇത് സന്തോഷമുള്ള കാര്യമാണ്. പക്ഷേ ഒരു സംവിധായകനെന്ന നിലയില്‍ തിയേറ്റര്‍ ആസ്വാദനത്തിന് വേണ്ടിയാണ് സിനിമയെ മോള്‍ഡ് ചെയ്‌തെടുക്കുന്നത്. ഇതില്‍ എങ്ങനെ ആസ്വാദകനെ പരമാവധി തിയേറ്ററിലേക്ക് കൊണ്ടുവരാം എന്നാണ് നോക്കാറുള്ളത്.
മോഹന്‍ലാല്‍ നായകനായ തുടരും സിനിമയിലൂടെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിക്ക് ഇത് മനോഹരമായി ചെയ്യാനായി. ലാലേട്ടന്റെ പടം കാണാന്‍ ആഗ്രഹമുള്ള മാറി നിന്ന ഒരുപാട് പേരെ തിയേറ്ററിലേക്ക് കൊണ്ടുവരാന്‍ തരുണിനായി. എന്റെ ചെറിയ സിനിമയിലൂടെ ഇത് തന്നെ ചെയ്യാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. തിയേറ്ററെന്ന ആ കുടുസ്സു മുറിയിലിരുന്ന് നൂറുകണക്കിന് ആള്‍ക്കാരുടെ കൂടെ കാണുന്നതാണ് സിനിമ. അപ്പോഴാണ് സിനിമയുടെ ലോകത്തേക്ക് നിങ്ങള്‍ എത്തുന്നത്,’ ജോതിഷ് പറഞ്ഞു.
ലോകത്ത് ഏറ്റവും കൂടുതല്‍ കച്ചവടമുള്ള വസ്തു ആര്‍ട് ആണെന്നും നല്ല ആര്‍ട്ടിന് എപ്പോഴും കച്ചവടസാധ്യതയുണ്ടെന്നാണ് താന്‍ കരുതുന്നതെന്നും പറഞ്ഞ ജോതിഷ് പൊന്മാനെ മികച്ച ആര്‍ട്ടായിട്ടാണ് കാണുന്നതെന്നും അത് തിയേറ്ററില്‍ ഇത്ര ആളുകള്‍ കാണുമോ ഒ.ടി.ടി യില്‍ ഇത്ര ആളുകള്‍ കാണുമോ എന്നൊന്നും താന്‍ ചിന്തിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.
ജോതിഷ് ശങ്കര്‍. Photo: bhavna studios/ facebook.com. wikipedia
ഭ്രമയുഗം, പത്തേമാരി, കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ കലാസംവിധായകനായ് പ്രവര്‍ത്തിച്ചിട്ടുള്ള ജോതിഷ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പൊന്മാന്‍. 2020 ല്‍ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്‌സ്, 2022 ല്‍ പുറത്തിറങ്ങിയ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ന്നാ താന്‍ കേസ് കൊട് തുടങ്ങിയ ചിത്രങ്ങളിലൂടെ രണ്ട് തവണ മികച്ച കലാസംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ജോതിഷ് കരസ്ഥമാക്കിയിട്ടുണ്ട്.
Content Highlight: ponman director jyotish shankar talks about difference between theatre release and ott release