| Monday, 7th July 2025, 7:49 am

ബീഹാറിലെ വോട്ടർപട്ടിക തീവ്രപരിശോധന: ജനരോഷം ഭയന്ന് നയത്തിൽ നിന്നും പിന്മാറി തെ​ര​ഞ്ഞെ​ടു​പ്പ് കമ്മീഷൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്ന: ബീഹാറിൽ ​പൗ​ര​ത്വ രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള വോ​ട്ട​ർ​പ​ട്ടി​ക തീ​വ്ര പ​രി​ശോ​ധ​നക്കെ​തി​രെ പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​തോ​ടെ നടപടികൾ ലഘൂകരിക്കാനൊരുങ്ങി തെ​ര​ഞ്ഞെ​ടു​പ്പ് കമ്മീഷൻ.

ബീഹാർ ഉൾപ്പടെ ആറ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ നിന്ന് വിദേശ അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കാനുള്ള നടപടി നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിരുന്നു. ഇതിനായി 2003 ന് ശേഷം വോട്ടർ പട്ടികയിൽ ചേർന്ന എല്ലാ പേരുകളും വീണ്ടും സ്ഥിരീകരിക്കണമെന്നും അവർ തങ്ങളുടെ ജനന വിവരങ്ങൾ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റുകൾ സമർപ്പിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഈ നയത്തിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ ലഘൂകരിക്കാൻ തീരുമാനിച്ചത്. ഇതോടെ വോട്ടർമാർക്ക് രേഖകളില്ലാതെ ഫോം സമർപ്പിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നയത്തിനെതിരെ വിമർശനം ഉയരുന്നതിന് പിന്നാലെ പത്രപരസ്യത്തിലൂടെയായിരുന്നു നയത്തിലെ മാറ്റം തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്.

‘വോട്ടറുടെ കൈവശം ആവശ്യമായ രേഖകൾ ഉണ്ടെങ്കിൽ, അത് അപേക്ഷ എളുപ്പത്തിൽ പ്രോസസ്സ് ചെയ്യാൻ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറെ സഹായിക്കും. വോട്ടറുടെ കൈവശം ആവശ്യമായ രേഖകൾ ഇല്ലെങ്കിൽ, പ്രാദേശിക അന്വേഷണത്തിന്റെയോ മറ്റ് അനുബന്ധ തെളിവുകളുടെയോ അടിസ്ഥാനത്തിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് ഫോം പൂരിപ്പിക്കാൻ,’ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരസ്യത്തിൽ പറയുന്നു.

 2003 ലെ വോട്ടർ പട്ടികയിൽ പേരില്ലാത്തവർ ലിസ്റ്റുചെയ്ത 11 രേഖകളിൽ ഒന്ന് സമർപ്പിക്കണമെന്നതും 2003 ന് ശേഷം വോട്ടർ പട്ടികയിൽ ചേർന്ന എല്ലാ പേരുകളും വീണ്ടും സ്ഥിരീകരിക്കണമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർബന്ധമാക്കിയിരുന്നു. പക്ഷേ ഈ 11 രേഖകളുടെ പട്ടികയിൽ ആധാർ കാർഡ്, പാൻ കാർഡ് എന്നിവയൊന്നും അതിൽ ഉൾപ്പെടുത്തിയിട്ടില്ല.

കൂടാതെ വോട്ടർമാർ സ്വന്തം ജനനത്തീയതിയും ജനന സ്ഥലവും മാത്രമല്ല, മാതാപിതാക്കളുടെ ജനനത്തീയതിയും സ്ഥിരീകരിക്കുന്ന രേഖകൾ നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർബന്ധമാക്കിയിരുന്നു. നിരവധി പ്രതിപക്ഷ പാർട്ടികളിൽ നിന്ന് ഈ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.

പിന്നാലെ നടപടികളിയിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പിന്മാറുകയായിരുന്നു. 2003 ജനുവരി ഒന്ന് മുതൽ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള വോട്ടർമാർ ഫോമിനൊപ്പം രേഖകളും സമർപ്പിക്കേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

2003 ലെ വോട്ടര്‍പട്ടികയിൽ 4.96 കോടി വോട്ടര്‍മാരായിരുന്നു ബിഹാറില്‍ ഉണ്ടായിരുന്നത്. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച പട്ടികയില്‍ 7.89 കോടി വോട്ടര്‍മാരായിരുന്നു ഉണ്ടായിരുന്നത്.

ഇതില്‍ നിന്ന് 4.96 കോടി വോട്ടര്‍മാരെ ഒഴിവാക്കി. ബാക്കി 2.93 കോടി വോട്ടര്‍മാര്‍ ജനനതീയതി , ജനനസ്ഥലരേഖകള്‍ അടക്കം ഹാജരാക്കണമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വോട്ടര്‍പട്ടികയില്‍ ഒഴിവാക്കലുകളും കൂട്ടിച്ചേര്‍ക്കലുകളും വരുത്താനുള്ള നടപടികള്‍ ഇക്കഴിഞ്ഞ ശനിയാഴ്ച ആരംഭിച്ചിരുന്നു. സെപ്റ്റംബര്‍ 30ന് പുതിയ വോട്ടര്‍ പട്ടിക പ്രഖ്യാപിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലക്ഷ്യമിടുന്നത്.

Content Highlight: Poll body eases voter list rules in Bihar, documents can be submitted later

We use cookies to give you the best possible experience. Learn more