മോളിവുഡിലെ ഏറ്റവും ഹൈപ്പേറിയ പ്രൊജക്ടായി ഒരുങ്ങിയ പേട്രിയറ്റ് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളസിനിമയുടെ നെടുംതൂണുകളായ മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തിയ പ്രൊജക്ട് സംവിധാനം ചെയ്തിരിക്കുന്നത് മഹേഷ് നാരായണനാണ്. മാസ് മസാല എന്റര്‍ടൈനര്‍ പ്രതീക്ഷിച്ച് പോയ ഇരുതാരങ്ങളുടെയും ആരാധകര്‍ പേട്രിയറ്റില്‍ നിരാശരാണ്.
വളരെ ശക്തമായൊരു പ്രമേയം ഗംഭീര ടെക്‌നിക്കല്‍ ക്വാളിറ്റിയില്‍ അണിയിച്ചൊരുക്കാന്‍ മഹേഷ് നാരായണന് സാധിച്ചിട്ടുണ്ട്. മലയാളത്തില്‍ ഈയടുത്ത് വന്നതില്‍ വെച്ച് ഏറ്റവും മികച്ച ടെക്‌നിക്കല്‍ ക്വാളിറ്റിയുള്ള ചിത്രമെന്ന് പേട്രിയറ്റിനെ വിശേഷിപ്പിക്കാം. സഞ്ചാര്‍ സാഥി, പെഗാസസ് പോലെ അടുത്തിടെ വലിയ ചര്‍ച്ചയായ പല വിഷയങ്ങളും പേട്രിയറ്റില്‍ പറഞ്ഞുവെക്കുന്നുണ്ട്.
പേട്രിയറ്റ് Photo: Anto Joseph Film Company
ഇതിനോടൊപ്പം തന്നെ ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയ ചുറ്റുപാടുകള്‍ തുറന്നുകാണിക്കുന്ന പല സന്ദര്‍ഭങ്ങളും പേട്രിയറ്റിലുണ്ട്. അത്തരത്തിലൊന്നാണ് സെറിന്‍ ഷിഹാബിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള ചില ഡയലോഗുകള്‍. ഇന്ത്യയില്‍ നിന്ന് നാടുവിട്ട് യു.കെയിലെത്തുന്ന ഡാനിയല്‍ ജെയിംസിന് (മമ്മൂട്ടി) എല്ലാവിധ സഹായങ്ങളും ചെയ്യുന്ന അയിഷ ഇഖ്ബാല്‍ എന്ന കഥാപാത്രത്തെയാണ് സെറിന്‍ അവതരിപ്പിക്കുന്നത്.
യു.കെയിലിരുന്നുകൊണ്ട് ഇന്ത്യയില്‍ ഗവണ്മെന്റ് കാണിച്ചുകൂട്ടുന്ന അഴിമതികളെ വ്‌ളോഗിലൂടെ തുറന്നുകാട്ടുന്നയാളാണ് ഡാനിയല്‍ ജെയിംസ്. കേന്ദ്രമന്ത്രിയെ എല്ലാ വീഡിയോയിലും കുറ്റം പറയുന്ന ഡാനിയലിനെ ഇന്ത്യയിലുള്ള ചിലര്‍ ചീത്ത വിളിക്കുന്നുണ്ട്. ഇതിനൊപ്പം ഡാനിയലിനൊപ്പമുള്ള അയിഷയെ പാകിസ്ഥാന്‍കാരി എന്നും വിശേഷിപ്പിക്കുന്നത് കേള്‍ക്കാനാകും.
പേട്രിയറ്റ് Photo: Anto Joseph Film Company
ചാവക്കാട് സ്വദേശിയാണ് അയിഷയെന്നും യു.കെയില്‍ താമസിക്കുകയാണെന്നും ഡാനിയല്‍ പിന്നീടൊരു സീനില്‍ പറഞ്ഞുപോകുന്നുണ്ട്. തട്ടമിട്ടവരെയെല്ലാം പാകിസ്ഥാന്‍ സ്വദേശികളെന്ന് വിശേഷിപ്പിക്കുന്ന സംഘപരിവാറിന്റെ മുഖത്തെ വെറും രണ്ട് ഡയലോഗില്‍ വരച്ചിടാന്‍ മഹേഷ് നാരായണന് സാധിച്ചിട്ടുണ്ട്. ഡാനിയലിനെ തെറി വിളിക്കുന്ന രാധാകൃഷ്ണന്‍ എന്ന കഥാപാത്രത്തിന്റെ വേഷവിധാനവും കൈയിലെ ചരടും വെച്ച് അയാളുടെ രാഷ്ട്രീയം എന്താണെന്ന് സംവിധായകന്‍ പറയാതെ പറയുന്നുണ്ട്.
കേന്ദ്ര ഗവണ്മെന്റിനെ വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹിയാക്കുന്ന കാലമാണ് ഇതെന്നും സിനിമയില്‍ പറയുന്നു. സാധാരണക്കാരുടെ അവകാശങ്ങളെ ഇല്ലാതാക്കി കോര്‍പ്പറേറ്റുകള്‍ക്ക് സ്തുതി പാടുന്ന സര്‍ക്കാരിനെ ആരെല്ലാം വിമര്‍ശിക്കുന്നുവോ അവരെ രാജ്യദ്രോഹിയായും ആന്റി ഇന്ത്യനായും ചിത്രീകരിക്കുന്ന കാലമാണിത്. ധ്രുവ് രാഠിയെപ്പോലുള്ള വ്‌ളോഗര്‍മാര്‍ ഇതിന് ഉദാഹരണമാണ്.
ഇത്തരം വിഷയങ്ങളെ കൃത്യമായി അഡ്രസ് ചെയ്യുക എന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍ മാസ് മസാല ടെംപ്ലേറ്റ് പ്രതീക്ഷിച്ച് ചെല്ലുന്ന ആരാധകര്‍ക്കിടയില്‍ ഇത്തരം വിഷയങ്ങള്‍ എങ്ങനെ സ്വീകരിക്കപ്പെടുമെന്ന കാര്യത്തില്‍ മാത്രമാണ് സംശയം.
Content Highlight: Politics discussed in Patriot movie is relevant to current situation
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ