തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസിന്റെ പോസ്റ്റിനെ വിമർശിച്ച് യാക്കോബായ സഭ. മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നതിനെതിരെയായിരുന്നു പരിഹാസവുമായി ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് എത്തിയത്. എന്നാൽ മുഖ്യമന്ത്രിയുടെ രോഗത്തെ മനുഷ്യത്വത്തോടെ കാണേണ്ടതിന് പകരം രാഷ്ട്രീയവൽക്കരിക്കുന്നത് ഒരു ക്രിസ്തീയ മതമേലദ്ധ്യക്ഷന് ഭൂഷണമല്ലെന്ന വിമർശനമാണ് യാക്കോബായ സഭ നടത്തിയിരിക്കുന്നത്.
കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന സംഭവത്തിന് പിന്നാലെയായിരുന്നു തൃശൂർ ഭദ്രാസനാധിപന്റെ പരിഹാസം. എന്നാൽ കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന ദുരന്തത്തെ ന്യായീകരിക്കുവാൻ സാധിക്കുകയില്ലെന്നും അതേസമയം മുഖ്യമന്ത്രിയുടെ രോഗത്തെ മനുഷ്യത്വത്തോടെ കാണേണ്ടതിന് പകരം രാഷ്ട്രീയവൽക്കരിക്കുന്നത് ഒരു ക്രിസ്തീയ മതമേലദ്ധ്യക്ഷന് ഭൂഷണമല്ലെന്നുമാണ് യാക്കോബായ സഭ വിമർശിക്കുന്നത്. ഡോ. കുര്യക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്തയാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്.
‘കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന ദുരന്തത്തെ ന്യായീകരിക്കുവാൻ സാധിക്കുകയില്ല. എങ്കിലും ആദരണീയനായ കേരള മുഖ്യമന്ത്രിയുടെ രോഗത്തെയും ചികിത്സയെയും മനുഷ്യത്വത്തോടെയും ക്രിസ്തീയ മനോഭാവത്തോടെയും കാണേണ്ടതിന് പകരം രാഷ്ട്രീയവൽക്കരിക്കുന്നത് ഒരു ക്രിസ്തീയ മത മേലദ്ധ്യക്ഷന് ഭൂഷണമല്ല,’ ഡോ. കുര്യക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത കുറിച്ചു.
ഇന്നലെയായിരുന്നു തുടർ ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തോടൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് അമേരിക്കയിലേക്ക് യാത്രതിരിച്ചത്. പിന്നാലെയായിരുന്നു തൃശൂർ ഭദ്രാസനാധിപന്റെ വിമർശനം.
‘എന്തിനാ ഇങ്ങനെ ഒച്ചപ്പാടുണ്ടാക്കുന്നത്, വല്ല മതിലും ഇടിഞ്ഞുവീണാൽ കേരള സംസ്ഥാനം അനാഥമാകില്ലേ? അതുകൊണ്ടാ ചികിത്സക്ക് അമേരിക്കയ്ക്ക് പോകുന്നത്,’ യൂഹാനോൻ മാര്‍ മിലിത്തിയോസ് പരിഹസിച്ചു. കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകര്‍ന്ന് വീണ് സ്ത്രീ മരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് ഭദ്രാസനാധിപന്‍റെ വിമര്‍ശനം.
കഴിഞ്ഞ ദിവസമായിരുന്നു കോട്ടയം മെഡിക്കൽ കോളേജിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ് തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദു മരണപ്പെട്ടത്. സംഭവത്തിൽ ഗുരുതര അനാസ്ഥയാണ് നടന്നതെന്ന വിമർശനം ഉയർന്നിരുന്നു.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ബിന്ദു കുടുങ്ങിക്കിടന്നത് ഒന്നരമണിക്കൂറാണ്. കെട്ടിടത്തിൽ ആരുമുണ്ടായിരുന്നില്ലെന്ന് മന്ത്രി വി. എൻ. വാസവനും ആരോഗ്യ മന്ത്രി വീണാ ജോർജും പറഞ്ഞതിന് പിന്നാലെയായിരുന്നു ബിന്ദുവിനെ കണ്ടെത്തിയത്.
Content Highlight: Politicizing the Chief Minister’s illness instead of treating it with humanity is not a good thing for a Christian religious leader: Dr. Kuriakose Theophilos Metropolitan