കോഴിക്കോട്: സമുദായങ്ങൾക്ക് നൽകിയ സ്ഥാപനങ്ങൾ സംബന്ധിച്ച് സർക്കാർ ധവളപത്രമിറക്കണമെന്ന് കേരളം മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ.
ഏതെങ്കിലും സമുദായങ്ങൾക്ക് അനർഹമായി സ്ഥാപനങ്ങൾ കിട്ടിയിട്ടുണ്ടോ എന്ന് പൊതുസമൂഹത്തിന് മുന്നിൽ വ്യക്തത വരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. യഥാർത്ഥ കണക്ക് പുറത്തുവരണമെങ്കിൽ ധവളപത്രം പുറത്തിറക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്.എൻ.ഡിപിക്ക് മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള അനുമതി നൽകുന്നില്ലെന്ന എസ്.എൻ.ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾക്ക് പിന്നാലെയാണ് ഖലീൽ ബുഖാരി തങ്ങളുടെ പ്രതികരണം.
വെള്ളാപ്പള്ളിയുടെ പരാമർശങ്ങളിൽ മറുപടി പറയേണ്ടത് രാഷ്ട്രീയ പാർട്ടികളും സർക്കാരുമാണെന്നും അദ്ദേഹം പറഞ്ഞു.
‘യഥാർത്ഥത്തിൽ ഞങ്ങൾക്ക് എത്ര കിട്ടി, കിട്ടിയില്ല എന്നൊക്കെയുള്ള ഒരു ധവളപത്രം സർക്കാർ പുറത്തിറക്കണം. ധവളപത്രം പുറത്തിറക്കിയാൽ അതിന്റെ യഥാർത്ഥ കണക്കുകൾ പുറത്തുവരും,’ ഖലീൽ ബുഖാരി തങ്ങൾ പറഞ്ഞു.
വെള്ളപ്പള്ളി നടേശൻ മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ചതിലും അദ്ദേഹം പ്രതികരിച്ചു. വെള്ളാപ്പള്ളിയുടെ പേര് പരാമർശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഒരു കാരണവശാലും ഒരു പത്രപ്രവർത്തകനെയും മോശമായി ചിത്രീകരിക്കുന്നത് ശരിയല്ല. കേരളം മുസ്‌ലിം ജമാഅത്തിന്റെ തീരുമാനമിതാണ്,’ ഖലീൽ ബുഖാരി തങ്ങൾ പറഞ്ഞു.
സമസ്തയിലെ രണ്ടുപക്ഷങ്ങളും തമ്മിൽ അകലം കുറഞ്ഞു വരികയാണെന്നും ഉടൻ തന്നെ ഐക്യമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലപ്പുറത്ത് ഈഴവർക്കായി തൊഴിലുറപ്പ് മാത്രമേയുള്ളൂവെന്നും പിന്നാക്കവിഭാഗക്കാർക്ക് ഒരു കോളേജുകളോ ഹയർസെക്കൻഡറി സ്‌കൂളുകളോ ഇല്ലെന്നും വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
‘വോട്ടുകുത്തിയന്ത്രങ്ങളാണ് മലപ്പുറത്തെ പിന്നാക്ക വിഭാഗക്കാർ. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി ഇത്രനാളായിട്ടും അതിന്റെ ഗുണഫലങ്ങളുടെ ഒരംശം പോലും മലപ്പുറത്തെ പിന്നാക്കവിഭാഗങ്ങൾക്ക് ലഭിച്ചിട്ടില്ല. വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ തകർന്നടിഞ്ഞത് ഇവിടുത്തെ പിന്നാക്കക്കാരുടെ സ്വപ്‌നങ്ങളാണ്,’ വെള്ളാപ്പള്ളി പറഞ്ഞു.
Content Highlight: Political parties should respond to Vellappally’s remarks: Khalil Bukhari Thangal