| Saturday, 20th December 2025, 10:28 am

സിനിമയുള്ള കാലത്തോളം ഓര്‍ക്കപ്പെടും; ശ്രീനിവാസന്റെ മരണത്തില്‍ അനുശോചനമറിയിച്ച് രാഷ്ട്രീയ കേരളം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നടന്‍ ശ്രീനിവാസന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാനും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും. മലയാള സിനിമയിലെ വിസ്മയകരമായ ഒരു പ്രതിഭയെയാണ് ശ്രീനിവാസന്റെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് സജി ചെറിയാന്‍ പറഞ്ഞു.

ശ്രീനിവാസന്റെ വിയോഗത്തില്‍ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെയും സിനിമാ പ്രേമികളുടെയും വേദനയില്‍ ആദരവോടെ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.

നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ അരനൂറ്റാണ്ടോളം മലയാള ചലച്ചിത്ര ലോകത്തെ വിസ്മയിപ്പിച്ച ശ്രീനിവാസന്‍, ഒരു ബഹുമുഖ പ്രതിഭ എന്ന വാക്കിന് അര്‍ത്ഥപൂര്‍ണമായ ഉദാഹരണമായിരുന്നുവെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

സാധാരണക്കാരന്റെ ജീവിതാനുഭവങ്ങളെ ഇത്രത്തോളം തന്മയത്വത്തോടെയും ലളിതമായും വെള്ളിത്തിരയില്‍ എത്തിച്ച മറ്റൊരു കലാകാരന്‍ നമുക്കിടയിലില്ല. ഓരോ മലയാളിയുടെയും സ്വീകരണമുറിയിലെ ഒരംഗത്തെപ്പോലെ അത്രമേല്‍ പ്രിയപ്പെട്ടവനായിരുന്നു ശ്രീനിവാസൻ അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളും. ഹാസ്യത്തെ വെറും ചിരിക്കപ്പുറം ചിന്തയ്ക്കുള്ള വഴിമരുന്നായി ഉപയോഗിച്ച അദ്ദേഹം, മലയാളിയുടെ സാമൂഹിക ബോധത്തെ സ്വാധീനിച്ച കലാകാരന്‍ കൂടിയായിരുന്നുവെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

മലയാളികളുടെ ചിന്തകളെയും ഭാവനയെയും നര്‍മബോധത്തെയും ആഴത്തില്‍ സ്പര്‍ശിച്ച ശ്രീനിവാസന്‍ കഥയെഴുത്ത് നിര്‍ത്തിയെന്നാണ് എം.വി. ഗോവിന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. കാലത്തിന്റെ അക്കരെ അക്കരെ അക്കരെ നിന്നും ഇനിയും സിനിമാ ലോകത്തിന് ആ മഹാപ്രതിഭ നിത്യ പ്രചോദനമാകുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

അവസാനം കണ്ടപ്പോഴും ശാരീരികമായ പലവിധ അവശതകള്‍ക്കിടയിലും ശ്രീനിവാസന്‍ അദ്ദേഹത്തിന്റെ ചിന്തകളെ പുതുക്കിക്കൊണ്ടിരിക്കുന്നതായി അനുഭവപ്പെട്ടിരുന്നു. നര്‍മത്തിന്റെ മേമ്പോടിയോടെ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ വെള്ളിത്തിരയിലെത്തിക്കുവാന്‍ ശ്രീനിവാസന് സവിശേഷമായ കഴിവുണ്ടായിരുന്നു.

ദശകങ്ങളോളം ചലച്ചിത്രത്തിന്റെ സര്‍വമേഖലയിലും തിളങ്ങി നിന്ന വ്യക്തിത്വമായിരുന്നു. വായനശാലകള്‍ സജീവമായ പാട്യത്തെ ബാല്യകാലമാണ് ശ്രീനിവാസനില്‍ വായനയിലും നാടകാഭിനയത്തിലും കമ്പമുണര്‍ത്തിയത്. ഉള്‍ക്കാമ്പുള്ള പ്രമേയങ്ങളെ അതീവഹൃദ്യമായി അവതരിപ്പിക്കുവാനുള്ള അദ്ദേഹത്തിന്റെ സര്‍ഗശേഷി സിനിമയുള്ള കാലത്തോളം സ്മരിക്കപ്പെടുമെന്നും എം.വി. ഗോവിന്ദന്‍ കുറിച്ചു.

സിനിമാ-രാഷ്ടീയ മേഖലയില്‍ നിന്നും നിരവധി ആളുകളാണ് ശ്രീനിവാസന്റെ വിയോഗത്തില്‍ പ്രതികരിക്കുന്നത്. മന്ത്രിമാരമായ പി.എ. മുഹമ്മദ് റിയാസ്, വി.എന്‍. വാസവന്‍, ഡോ. ആര്‍. ബിന്ദു, ഒ.ആര്‍. കേളു, കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്, എം.പിമാരായ ഹൈബി ഈഡന്‍, എ.എ. റഹീം തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

Content Highlight: Political Kerala expresses condolences on the death of Sreenivasan

We use cookies to give you the best possible experience. Learn more