ന്യൂദല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ദേശീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകളെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ട് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിംഫോസ് (എ.ഡി.ആര്‍). 20,000 രൂപയ്ക്ക് മുകളിലുള്ള രാഷ്ട്രീയ ഫണ്ടിങ് മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 161 ശതമാനം വര്‍ധിച്ചു. ലഭിച്ച ആകെ സംഭാവനകളുടെ 91 ശതമാനത്തിലധികവും ഭാരതീയ ജനതാ പാര്‍ട്ടിക്കാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. വ്യാഴാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
രാജ്യത്തെ ദേശീയ പാര്‍ട്ടികള്‍ പുറത്തുവിട്ട കണക്കുപ്രകാരം 2025 സാമ്പത്തിക വര്‍ഷത്തില്‍ 20,000 രൂപയില്‍ കൂടുതലുള്ള ആകെ സംഭാവനകള്‍ 11,343 ആണ്.
ഇതില്‍ നിന്നും 6,648.563 കോടി രൂപയാണ് ലഭിച്ചത്. ഇതിലെ 5,522 സംഭാവനകളില്‍ നിന്നായി 6,074.015 കോടി രൂപയാണ് ബി.ജെ.പിക്ക് ലഭിച്ചിരിക്കുന്നത്. 2,501 സംഭാവനകളില്‍ നിന്നായി 517.394 കോടി രൂപയാണ് കോണ്‍ഗ്രസിന് ലഭിച്ചത്. സംഭാവനയുടെ കാര്യത്തില്‍
ബി.ജെ.പിക്ക് പിന്നിലായി രണ്ടാം സ്ഥാനത്താണ് കോണ്‍ഗ്രസ്.
കോണ്‍ഗ്രസ്, എ.എ.പി, സി.പി.ഐ.എം, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നിവയ്ക്ക് ഇതേ കാലയളവില്‍ ലഭിച്ച ആകെ സംഭാവനകളുടെ പത്തിരട്ടിയിലധികമാണ് ബി.ജെ.പിക്ക് മാത്രം ലഭിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു. രാഷ്ട്രീയ ഫണ്ടിങ്ങില്‍ കൂടുതലും കോര്‍പ്പറേറ്റ് സംഭാവനകളാണ്. 3,244 സംഭാവനകളില്‍ നിന്നായി 6128.787 കോടി രൂപയും കോര്‍പ്പറേറ്റ് സംഭാവനകളാണ്. ആകെയുള്ള സംഭാവനകളുടെ 92.18 ശതമാനം വരുമിത്.
2,794 കോര്‍പ്പറേറ്റ് സംഭാവനകളില്‍ നിന്നായി ബി.ജെ.പിക്ക് 5,717.167 കോടി രൂപ ലഭിച്ചു. മറ്റ് ദേശീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച ആകെ സംഭാവന 411.62 കോടി രൂപയാണ്. ഇത് മറ്റ് പാര്‍ട്ടികള്‍ക്ക് ലഭിച്ചതിനേക്കാള്‍ 13 മടങ്ങ് കൂടുതലാണ്. 2,627 വ്യക്തിഗത ദാതാക്കളില്‍ നിന്ന് 345.94 കോടി രൂപയും ബി.ജെ.പിക്ക് ലഭിച്ചു.
2023-24 നെ അപേക്ഷിച്ച് 2024-25 ല്‍ ദേശീയ പാര്‍ട്ടികള്‍ക്കുള്ള മൊത്തം സംഭാവന 4,104.285 കോടി രൂപയായി കൂടി. മുന്‍ സാമ്പത്തിക വര്‍ഷം ബി.ജെ.പിക്ക് ലഭിച്ച സംഭാവന 2,243.947 കോടി രൂപയാണ്. ഇതില്‍ നിന്നും 171 ശതമാനം വര്‍ധനവാണ് 2024-25 കാലത്തുണ്ടായത്. കോണ്‍ഗ്രസിനുള്ള സംഭാവനയിലും വര്‍ധനവുണ്ടായി. 84 ശതമാനത്തിന്റെ വര്‍ധനവാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലുണ്ടായത്. 2023-24ല്‍ 281.48 കോടി രൂപയും 2024-25ല്‍ അത് 517.394 കോടി രൂപയുമായും ഉയര്‍ന്നു.
ആം ആദ്മി പാര്‍ട്ടിക്ക് 27.044 കോടി രൂപ ലഭിക്കുകയും സംഭാവനയില്‍ 244 ശതമാനം വര്‍ധനവ് രേഖപ്പെടുത്തുകയും ചെയ്തു. അതേസമയം എന്‍.പി.ഇപിക്ക് 1.943 കോടി രൂപയാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ 19 വര്‍ഷമായി 20,000 രൂപയില്‍ കൂടുതലുള്ള സംഭാവനകള്‍ സ്വീകരിച്ചിട്ടില്ലെന്ന് ബി.എസ്.പി അറിയിച്ചു.
വ്യക്തിഗതമായി 7,900 സംഭാവനകളാണ് ലഭിച്ചിരിക്കുന്നത്. 505.66 കോടി രൂപയാണ് വ്യക്തിഗത സംഭാവനയിനത്തില്‍ ലഭിച്ചിരിക്കുന്നത്. ഇത് മൊത്തം ഫണ്ടിങ്ങിന്റെ 7.61 ശതമാനമാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം കോണ്‍ഗ്രസിന് 112 കോര്‍പ്പറേറ്റ് സംഭാവനകളിലൂടെ 383.86 കോടി രൂപയും 2,357 വ്യക്തിഗത സംഭാവനകളിലൂടെ 132.39 കോടി രൂപയും ലഭിച്ചു. ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് പ്രൂഡന്റ് ഇലക്ടറല്‍ ട്രസ്റ്റാണ്. ഇവര്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും എ.എ.പിക്കുമായി 2413.465 കോടി രൂപയാണ് സംഭാവന നല്‍കിയത്.
പ്രോഗ്രസീവ് ഇലക്ടറല്‍ ട്രസ്റ്റ് രണ്ട് സംഭാവനകളിലൂടെ 834.97 കോടി രൂപയും, എ.ബി ജനറല്‍ ഇലക്ടറല്‍ ട്രസ്റ്റ് 16 സംഭാവനകളിലൂടെ 621 കോടി രൂപയും, ന്യൂ ഡെമോക്രാറ്റിക് ഇലക്ടറല്‍ ട്രസ്റ്റ് ഏഴ് സംഭാവനകളിലൂടെ 155 കോടി രൂപയും ബി.ജെ.പിക്കും കോണ്‍ഗ്രസിനും മാത്രമായി നല്‍കി.
2024-25 ല്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മൂന്ന് സംഭാവനകളിലായി 100 കോടി രൂപയും, രുങ്ത സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് നാല് സംഭാവനകളിലൂടെ 95 കോടി രൂപയും ബി.ജെ.പിക്ക് നല്‍കിയെന്ന് റിപ്പോര്‍ട്ട് പറയുന്നു.
Content Highlight: Political funding increased by 161 percent; 91 percent of donations went to BJP, says ADR report