തിരുവനന്തപുരം: നയപരമായ എതിർപ്പ് നിലനിർത്തികൊണ്ടും സംസ്ഥാനത്തിന്റെ താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടും ഒരു പദ്ധതി നടപ്പാക്കാൻ സാധിക്കുമെന്ന് തീരുമാനിക്കുന്നത് ഒരു നിലപാട് മാറ്റമാണെന്നും എന്നാൽ ആ നിലപാട് മാറ്റം ആദ്യം ജനങ്ങളോട് വിശദീകരിക്കണമായിരുന്നെന്നും മാധ്യമപ്രവർത്തകൻ കെ.ജെ ജേക്കബ്. പി.എം. ശ്രീ പദ്ധതിയെക്കുറിച്ച് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘നയങ്ങളിൽ മാറ്റമുണ്ടെങ്കിൽ ജനങ്ങളോടും പഴയ നയം ഇക്കാലമത്രയും പറഞ്ഞുനടന്ന പാർട്ടിക്കാരോടും മുന്നണിയോടും പറയണമായിരുന്നു. ഇതൊന്നും പറയാത്തത് കേവലമായ ജനാധിപത്യ മര്യാദകളാണ്,’ ജേക്കബ് പറഞ്ഞു.
ഇത്ര വലിയ നയം മാറ്റം നടത്തുമ്പോൾ കേന്ദ്ര സർക്കാറിന്റെ അധിനിവേശത്തെ കുറിച്ചും അതിനെ ചെറുക്കാനുള്ള സമര മാർഗങ്ങളെ കുറിച്ചും ജനങ്ങളോട് പറയണമെന്നും രാഷ്ട്രീയമായി ഇത് വലിയൊരു ഉത്തരവാദിത്തമാണെന്നതും സി. പി. ഐ.എം മറന്നതെങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.
പദ്ധതിയിൽ വിദ്യാഭ്യാസ സെക്രട്ടറി ഒപ്പിട്ടതൊക്കെ തികഞ്ഞ രാഷ്ട്രീയ മര്യാദകേടാണെന്നും ഇത്തരം നടപടികൾ സി.പി.ഐ.എം തിരുത്തണമെന്നും പ്രാഥമിക രാഷ്ട്രീയ മുന്നണി മര്യാദകൾ പാർട്ടി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിലുള്ള വിദ്യാഭ്യാസം എന്ന വിഷയത്തിൽ കേന്ദ്ര സർക്കാർ കാണിക്കുന്ന അധികാര മനോഭാവം എതിർക്കപ്പെടേണ്ടതാണെന്നും ദേശീയ വിദ്യാഭ്യാസ പദ്ധതിയിൽ എതിർക്കപ്പെടേണ്ടതായി പല ഘടകങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടന നിർമാണ സമിതി വിദ്യാഭ്യാസത്തെ സംസ്ഥാന ലിസ്റ്റിലാണ് ഉൾപ്പെടുത്തിയത്. എന്നാൽ ആർ.എസ്.എസ് ശ്രമിക്കുന്ന സംസ്ഥാനങ്ങളെ നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്നും ഒഴിവാക്കാനാണെന്നും ജേക്കബ് പറഞ്ഞു.
ത്രിഭാഷാ പദ്ധതിയും നാലുവർഷ ബിരുദപഠനവും ഇടയ്ക്കുവച്ച് പഠനം നിർത്തി വീണ്ടും തുടരാനുള്ള സൗകര്യവുമൊക്കെ കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ തമിഴ്‌നാട്ടിൽ ഒരിക്കലും അംഗീകരിക്കാത്ത വ്യവസ്ഥയാണ് ത്രിഭാഷാപദ്ധതിയെന്നും സംസ്ഥാനത്തെ വിദ്യാഭ്യാസത്തിൽ തമിഴും ഇംഗ്ലീഷും മതിയെന്നത് അവരുടെ സ്ഥിരമായ നിലപാടണെന്നും പതിനായിരം കോടി നഷ്ടപ്പെട്ടാലും അവരത് അംഗീകരിക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞതായി ജേക്കബ് പറഞ്ഞു.
കേന്ദ്ര സർക്കാർ അവരുടെ നയങ്ങൾ സംസ്ഥാനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്നത് ഇടതുപക്ഷ പാർട്ടികൾ എല്ലാ കാലവും എതിർത്തിട്ടുണ്ട്. ഇക്കാലമത്രയും പി. എം ശ്രീ പദ്ധതിയിൽ ഒപ്പുവെക്കാതിരുന്നത് ഇതേ കാരണങ്ങൾ
കൊണ്ടുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ സി. പി.ഐ. എം, സി.പി.ഐ പാർട്ടികൾക്ക് ഇതിൽ അഭിപ്രായ വ്യത്യാസമുള്ളതായി കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ 16 നായിരുന്നു സംസ്ഥാന സര്‍ക്കാരിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറി പി.എം. ശ്രീ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ഒപ്പുവെച്ചതിന് പിന്നാലെ തടഞ്ഞുവെച്ച ഫണ്ട് കേരളത്തിന് അനുവദിക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. പദ്ധതിയില്‍ ഒപ്പുവെച്ചതിലൂടെ 1500 കോടിയുടെ എസ്.എസ്.എ ഫണ്ട് കേരളത്തിന് ലഭ്യമാകും.
മൂന്ന് വര്‍ഷത്തോളം നീണ്ട എതിര്‍പ്പുകള്‍ക്കൊടുവിലാണ് സംസ്ഥാനം പി.എം ശ്രീയില്‍ ഒപ്പുവെച്ചത്. കേരളത്തിന് അര്‍ഹതപ്പെട്ട ഫണ്ട് നഷ്ടപ്പെടുത്തേണ്ടതില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ വിഷയത്തില്‍ സ്വീകരിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ദേശീയ വിദ്യാഭ്യാസ പദ്ധതി (NEP) യിൽ എതിർക്കപ്പെടേണ്ട പല ഘടകങ്ങളുണ്ട്. ഏറ്റവും പ്രധാനം ഭരണഘടനയുടെ കൺകറൻറ് ലിസ്റ്റിലുള്ള വിദ്യാഭ്യാസം എന്ന വിഷയത്തിൽ കേന്ദ്രസർക്കാർ കാണിക്കുന്ന അധികാര മനോഭാവമാണ്. പണസഞ്ചി കൈയിൽ വന്നതോടെ അതുപയോഗിച്ചു സംസ്‌ഥാനങ്ങളെ വരുതിയിൽ വരുത്താനുള്ള പല ശ്രമങ്ങളിൽ ഒന്നാണ് വിദ്യാഭ്യാസനയത്തിൽ കാണിക്കുന്നത്. ഭരണഘടന നിർമ്മാണ സമിതി വിദ്യാഭ്യാസത്തെ സംസ്‌ഥാന ലിസ്റ്റിലായിരുന്നു ഉൾക്കൊള്ളിച്ചിരുന്നത് എന്നോർക്കണം. ആ കാര്യത്തിലാണ് ഇപ്പോൾ സംസ്‌ഥാനങ്ങളെ നയപരമായ തീരുമാനങ്ങളിൽനിന്നൊഴിവാക്കാനുള്ള ശ്രമം ആർഎസ്എസ് നടത്തുന്നത്.
ത്രിഭാഷാ പദ്ധതിയും, നാലുവർഷ ബിരുദപഠനവും ഇടയ്ക്കുവച്ച് പഠനം നിർത്തി വീണ്ടും തുടരാനുള്ള (exit option) സൗകര്യവുമൊക്കെ പറയുന്നുണ്ട്. അവസാനത്തെ “സൗകര്യം” കുട്ടികളുടെ വിദ്യാഭ്യാസം മുഴുമിക്കാനുള്ള ഉത്തരവാദിത്തത്തിൽനിന്നു സ്റ്റെയ്റ്റിന് പിന്മാറാനുള്ള സൗകര്യം ഒരുക്കലാണ്; ഇക്കാര്യത്തിൽ സംസ്‌ഥാന സർക്കാരിന് ഇടപെടൽ നടത്താവുന്നതാണ്. പിന്നൊന്ന് ത്രിഭാഷാ പദ്ധതിയാണ്; അത് നമ്മൾ പണ്ടേ അംഗീകരിച്ചതാണ്. നാല് വർഷ ബിരുദപഠനം കേരളത്തിലെ യൂണിവേഴ്സിറ്റികൾ ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്.
എന്നുവച്ചാൽ ദേശീയ വിദ്യാഭ്യാസ നയത്തിൽ പ്രായാഗിക തലത്തിൽ പല കാര്യങ്ങളും ഡോ തോമസ് ഐസക് പറഞ്ഞതുപോലെ സംസ്‌ഥാന സർക്കാരിന് ഇടപെടാൻ പറ്റുന്ന കാര്യങ്ങളാണ്.
അപ്പോൾ തമിഴ്നാടോ എന്ന് ചോദിക്കും. തമിഴ്‍നാട് ഒരിക്കലും അംഗീകരിക്കാത്ത ഒരു വ്യവസ്‌ഥയാണ് ത്രിഭാഷാപദ്ധതി. തമിഴും ഇംഗ്ലീഷും മതി എന്നത് അവരുടെ സ്‌ഥിരമായി നിലപാടാണ്; ഒരു കാരണവശാലും അവരതിൽ വെള്ളം ചേർക്കില്ല. അത് മാറ്റാത്തിടത്തോളം പതിനായിരം കോടി നഷ്ടപ്പെട്ടാലും പദ്ധതി അംഗീകരിക്കില്ല എന്ന് സ്റ്റാലിൻ പറഞ്ഞിട്ടുണ്ട്. നമുക്ക് അങ്ങിനെയൊരു എതിർപ്പ് ത്രിഭാഷാ പദ്ധതിയോടില്ല എന്നോർക്കണം.
കേന്ദ്രസർക്കാർ അതിന്റെ അധികാരവും ധനപരമായ അധീശത്വവും ഉപയോഗിച്ചുകൊണ്ട് അവരുടെ നയങ്ങൾ സംസ്ഥാനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്നത് ഇടതുപക്ഷ പാർട്ടികൾ എല്ലാക്കാലത്തും എതിർത്തിട്ടുള്ളതാണ്. കടമെടുപ്പും വായ്പ പരിധിയും ആരോഗ്യ രംഗത്തെ സഹായവുമടക്കം പല പദ്ധതികളിലും ഇത് കാണാം. പി എം ശ്രീ പദ്ധതിയെ എതിർത്തതും അതേ കാരണങ്ങൾകൊണ്ടുതന്നെ. ഇതിൽ ഇക്കാലം വരെ സി പി എം, സി പി ഐ പാർട്ടികൾക്ക് അഭിപ്രായ വ്യത്യാസമുള്ളതായി കണ്ടിട്ടില്ല; എല്ലാവരും എതിർത്തുകൊണ്ടിരുന്നു. സർക്കാരിന്റെ നയമായി അത് മാറി. അതുകൊണ്ടാണ് ഇക്കാലമത്രയു ഇതുമായി ബന്ധപ്പെട്ട കരാറിൽ കേരളം ഒപ്പുവയ്ക്കാതിരുന്നത്.
നയപരമായ എതിർപ്പ് നിലനിർത്തികൊണ്ട് പ്രായോഗികമായി സംസ്‌ഥാനത്തിന്റെ താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് ഒരു പദ്ധതി നടപ്പാക്കാൻ സാധിക്കുമെന്ന് തീരുമാനിച്ചാൽ അതൊരു നിലപാട് മാറ്റമാണ്. അത് മുന്നണി ചർച്ച ചെയ്യണം, സമവായമുണണ്ടാകണം, നയമായി മാറണം. ആ നയമായിരിക്കണം സർക്കാർ നടപ്പാക്കേണ്ടത്.
നയത്തിൽ മാറ്റമുണ്ടെങ്കിൽ പഴയ നയം ഇക്കാലമത്രയും പറഞ്ഞുനടന്ന പാർട്ടിക്കാരോട് ആദ്യം അത് പറയണം, മുന്നണിയിൽ പറയണം; സമയവായമുണ്ടാക്കണം; എന്നിട്ടത് ജനങ്ങളോട് പറയണം.
അതൊക്കെ കേവലമായ ജനാധിപത്യ മര്യാദകളാണ്.
വിദ്യാഭ്യാസ സെക്രട്ടറി പോയി ഒപ്പിട്ടു എന്നതൊക്കെ തികഞ്ഞ രാഷ്ട്രീയ മര്യാദകേടാണ്. സി പി എം ആ നടപടി തിരുത്തണം. പ്രാഥമിക രാഷ്ട്രീയ മുന്നണി മര്യാദകൾ ആ പാർട്ടി പാലിക്കണം.
ഇത്ര വലിയ നയം മാറ്റം നടത്തുമ്പോൾ കേന്ദ്ര സർക്കാർ നടത്തുന്ന അധിനിവേശത്തെപ്പറ്റിയും അത് ചെറുത്തുനിക്കേണ്ട ആവശ്യകതയെയും അതിനുള്ള സമര മാർഗ്ഗങ്ങളെയും പറ്റി ജനങ്ങളോട് പറയുക എന്ന രാഷ്ട്രീയമായ ഉത്തരവാദിത്തം വളരെ വലുതാണ്. അതൊരവസരം കൂടിയാണ്. അതെങ്ങനെയാണ് സി പി എം മറന്നതെന്നു മനസിലാകുന്നില്ല.
ഭരണഘടനാ തത്വങ്ങളോടും ഫെഡറലിസത്തോടും കേന്ദ്രസർക്കാർ കാശുകൊണ്ട് നടപ്പാക്കാൻ ശ്രമിക്കുന്ന ഗുണ്ടായിസത്തെപ്പറ്റി കോൺഗ്രസിന്റെയും മാധ്യമങ്ങളുടെയും നിലപാട് പലപ്പോഴും പരിഹാസ്യമാണ്. നിയമസഭാ പാസാക്കുന്ന ബില്ലുകൾക്ക് അംഗീകാരം നൽകാതിരിക്കാൻ ഗവർണ്ണർക്ക് അധികാരം ഉണ്ടെന്നു വിശ്വസിക്കുന്ന ആളുകളാണ്; അതിനെതിരെ കേസുകൊടുത്താൽ വക്കീലിന് കൊടുത്ത ഫീസിന്റെ കണക്കു വൻ വർത്തയാക്കുന്ന കൂട്ടർ പറയുന്നതിന് അത്ര പ്രാധാന്യം കൊടുത്താൽ മതി. സർവ്വകലാശാലകളിൽ ആർഎസ്എസ്സിനു ഗവർണർ പരവതാനി വിരിച്ചു കൊടുത്തപ്പോൾ അതിനടുത്തു ഒരു തോർത്തു വിരിച്ചുകിട്ടിയാൽ മതിയെന്നായിരുന്നു കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റേയുമൊക്കെ നയം. കോൺഗ്രസ് ഭരിക്കുന്ന സംസ്‌ഥാനങ്ങളിൽ ഈ പദ്ധതി നടപ്പാക്കുന്നുമുണ്ട്. അവരിപ്പോൾ ഡീലിനെക്കുറിച്ചൊക്കെ പറയുന്നത് കേൾക്കാൻ ഒരു ശേലൊക്കെയുണ്ട്.
അതുപോലെയല്ലല്ലോ എൽ ഡി എഫ് കക്ഷികളുടെ നിലപാടുകൾ. എൽ ഡി എഫ് നിലപാടുകൾ.
അതുകൊണ്ട് നയപരമായ കാര്യങ്ങളിൽ എൽ ഡി എഫ് തീരുമാനമെടുക്കുമ്പോൾ അതിന്റെ ന്യായങ്ങൾ നാട്ടുകാരെ പറഞ്ഞു ബോധ്യപ്പെടുത്തണം. നയം മാറ്റമുണ്ടാകുമ്പോൾ അത് കൂടുതൽ വിശദീകരിക്കണം. അതൊക്കെ എൽ ഡി എഫ് ചെയ്തുകൊണ്ടിരുന്ന കാര്യമാണ്.
ഇപ്പോൾ ഒരു പുതുമയ്ക്കു ന്യായമില്ല
Content Highlight: Politeness should be maintained; the change in policy should have been explained first: K. J. Jacob