വാര്‍സോ: ഗസയില്‍ നടക്കുന്ന വംശഹത്യ, യുദ്ധക്കുറ്റങ്ങള്‍, മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ ഇസ്രഈലിലെ ഉന്നത രാഷ്ട്രീയ-സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ രണ്ട് പോളിഷ്-ഫലസ്തീന്‍ അതിജീവിതര്‍ പോളണ്ടില്‍ നിയമനടപടി ആരംഭിച്ചു.
സൗത്ത് പോളണ്ടിലെ വ്രോക്ലോ ഡിസ്ട്രിക്റ്റ് പ്രോസിക്യൂട്ടര്‍ ഓഫീസിലാണ് ഇവര്‍ പരാതി നല്‍കിയത്.
പോളിഷ് പൗരത്വമുള്ള ഫലസ്തീന്‍ വംശജരായ അംജദ് അഗ, പ്ലാസ്റ്റിക് സര്‍ജനായ അഹമ്മദ് എല്‍സാഫ്റ്റവി എന്നിവരാണ് കോടതിയെ സമീപിച്ചത്.
ഹിന്ദ് റജബ് ഫൗണ്ടേഷന്‍, പോളിഷ്-ഫലസ്തീന്‍ ജസ്റ്റിസ് ഇനിഷ്യേറ്റീവ് ‘കാക്റ്റസ്’, ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ല അംഗങ്ങള്‍ എന്നിവരുടെ സഹകരണത്തോടെയാണ് ഈ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
മുന്‍ ഇസ്രഈല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, നിലവിലെ വിദേശകാര്യ മന്ത്രി ഇസ്രഈല്‍ കാറ്റ്‌സ്, മുന്‍ വിദേശകാര്യ മന്ത്രി എലി കോഹന്‍, ഇസ്രഈല്‍ സൈനിക മേധാവികളായ ഹെര്‍സി ഹലേവി, ഇയാല്‍ സാമിര്‍ എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും എതിരെയാണ് പരാതി.
വിദേശത്ത് പോളിഷ് പൗരന്മാര്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ നടപടിയെടുക്കാന്‍ പോളിഷ് കോടതികള്‍ക്ക് അധികാരം നല്‍കുന്ന പോളണ്ട് ക്രിമിനല്‍ കോഡിലെ ആര്‍ട്ടിക്കിള്‍ 110 പ്രകാരമാണ് ഈ പരാതി സമര്‍പ്പിച്ചിരിക്കുന്നത്. യൂറോപ്പില്‍ ഇത്തരത്തില്‍ അതിജീവിതര്‍ നേരിട്ട് നല്‍കുന്ന ആദ്യ കേസുകളില്‍ ഒന്നാണിത്.
ഗസയിലെ ജനങ്ങളെ പട്ടിണിക്കിട്ടും മാനുഷിക സഹായങ്ങള്‍ ബോധപൂര്‍വം തടഞ്ഞും, സിവില്‍ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്തുമാണ് ഇസ്രഈല്‍ മാനുഷിക പ്രതിസന്ധി സൃഷ്ടിച്ചതെന്ന് പരാതിയില്‍ പറയുന്നു.
അന്താരാഷ്ട്ര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് നിയമപരമായ പരിരക്ഷ അവകാശപ്പെടാനാവില്ലെന്നും ന്യൂറംബര്‍ഗ് തത്വങ്ങള്‍ ഉദ്ധരിച്ച് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
തങ്ങളുടെ പൗരന്മാര്‍ക്കെതിരായ അന്താരാഷ്ട്ര കുറ്റകൃത്യങ്ങളെ പോളിഷ് നിയമവ്യവസ്ഥ എത്രത്തോളം ഗൗരവമായി കാണുന്നു എന്നതിന്റെ ഒരു പരീക്ഷണം കൂടിയാകും ഈ കേസ് എന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.
ഖാന്‍ യൂനിസില്‍ നടന്ന ആക്രമണത്തില്‍ അംജദ് ആഗയ്ക്ക് തന്റെ ഭൂരിഭാഗം ബന്ധുക്കളെയും നഷ്ടപ്പെട്ടിരുന്നു. ബോംബാക്രമണത്തില്‍ തകര്‍ന്ന വീട്ടില്‍ നിന്ന് അത്ഭുതകരമായാണ് അഗയും ഭാര്യയും രണ്ട് ചെറിയ കുട്ടികളും രക്ഷപ്പെട്ടത്.
അദ്ദേഹത്തിന്റെ അഞ്ചു വയസ്സുകാരനായ മകന്‍ മാലിക്കും നാലു വയസ്സുകാരിയായ മകള്‍ റസാനും ഇന്നും ആ യുദ്ധത്തിന്റെ ട്രോമയില്‍ നിന്ന് മുക്തരായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.
യുദ്ധത്തില്‍ തന്റെ സഹോദരിയുള്‍പ്പെടെയുള്ള നിരവധി ബന്ധുക്കളെ അഹമ്മദ് എല്‍സാഫ്റ്റവിയ്ക്കും നഷ്ടമായിരുന്നു. ഉപരോധം മൂലം ആഹാരവും ചികിത്സയും ലഭിക്കാതെയാണ് തന്റെ സഹോദരി മരിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
ഇത് കേവലം രാഷ്ട്രീയ പ്രകടനമല്ലെന്നും സത്യത്തിനും ഉത്തരവാദിത്തത്തിനും വേണ്ടിയുള്ള പോരാട്ടമാണെന്നും എല്‍സാഫ്റ്റവി വ്യക്തമാക്കി.
Content Highlight: Polish-Palestinian survivors file legal action in Poland against Israeli leaders over Gaza genocide