| Sunday, 16th March 2025, 3:52 pm

ഹോളി ആഘോഷത്തിനിടെ എം.എല്‍.എയുടെ ഭീഷണിപ്രകാരം നൃത്തം ചെയ്ത പൊലീസുകാരനെ സ്ഥാനത്ത് നിന്നും നീക്കി അധികൃതര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ഹോളി ആഘോഷത്തിനിടെ ആര്‍.ജെ.ഡി നേതാവിന്റെ ഭീഷണി പ്രകാരം നൃത്തം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ നേതാവിന്റെ അംഗരക്ഷക സ്ഥാനത്ത് നിന്നും പുറത്താക്കി. എം.എല്‍.എയുടെ നിര്‍ദേശപ്രകാരം യൂണിഫോമില്‍ ഡ്യൂട്ടി സമയത്ത് നൃത്തം ചെയ്തതിനെ തുടര്‍ന്നാണ് പുറത്താക്കല്‍.

ഹോളി ആഘോഷത്തിനിടെ പൊതുവേദിയില്‍ വെച്ച് എം.എല്‍.എ തേജ് പ്രതാപ് യാദവിന്റെ നിര്‍ബന്ധ പ്രകാരം കോണ്‍സ്റ്റബിളായ ദീപക് കുമാര്‍ നൃത്തം ചെയ്യുന്ന വീഡിയോ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

പട്‌നയിലെ സീനിയര്‍ പൊലീസ് സൂപ്രണ്ട് തേജ് പ്രതാപ് യാദവിന്റെ അംഗരക്ഷക സ്ഥാനത്ത് നിന്നും ദീപക് കുമാറിനെ നീക്കുകയായിരുന്നു.

വെള്ളിയാഴ്ച ആര്‍.ജെ.ഡി നേതാവ് ഹോളി ആഘോഷിക്കുന്നതിനിടെ കോണ്‍സ്റ്റബിളിനോട് പാട്ടിനൊപ്പം നൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. നൃത്തം ചെയ്യാന്‍ വിസമ്മതിച്ചാല്‍ സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

മുന്‍ മന്ത്രിയും ആര്‍.ജെ.ഡി നേതാവും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയായ ലാലു യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവ് ശനിയാഴ്ച പട്നയിലെ വസതിയില്‍ നടത്തിയ ഹോളി ആഘോഷങ്ങളുടെ വീഡിയോ ആണ് വൈറലായത്. ഹസന്‍പൂര്‍ എം.എല്‍.എയായ തേജ് പ്രതാപ് സുഹൃത്തുക്കള്‍ക്കൊപ്പം സോഫയില്‍ ഇരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.

തന്റെ അംഗരക്ഷകരിലൊരാളായ കോണ്‍സ്റ്റബിള്‍ ദീപക് കുമാറിനോട് ലൈംഗിക ചുവയുള്ള നൃത്തം ചെയ്യാന്‍ തേജ് പ്രതാപ് ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാം. ‘ഹലോ പൊലീസുകാരന്‍ ദീപക്, ഞങ്ങള്‍ ഒരു ഗാനം പ്ലേ ചെയ്യാന്‍ പോകുന്നു, അതില്‍ നിങ്ങള്‍ ഒരു ‘തുംക’ ( ലൈംഗിക ചുവയുള്ള നൃത്തം) ചെയ്യണം. നിങ്ങള്‍ ചെയ്തില്ലെങ്കില്‍ ഞാന്‍ നിന്നെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യും. ഇത് ഹോളി ആണ്. ഒന്നും കാര്യമാക്കേണ്ട,’ എന്നുമാണ് തേജ് പ്രതാപ് പറയുന്നത്.

Content Highlight: Policeman removed from post after dancing under threat from MLA during Holi celebrations

We use cookies to give you the best possible experience. Learn more