| Friday, 18th April 2025, 12:10 pm

കഞ്ചാവ് വില്പനയെക്കുറിച്ച് പൊലീസിൽ വിവരമറിയിച്ചു; സഹോദരങ്ങളെ വെട്ടി പരിക്കേൽപ്പിച്ച് ലഹരി മാഫിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കഞ്ചാവ് വില്പനയെക്കുറിച്ച് പൊലീസിൽ വിവരമറിയച്ചതിന് യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ച് ലഹരി മാഫിയസംഘം. തിരുവനന്തപുരം പോത്തൻകോട് കാട്ടായിക്കോത്താണ് സംഭവം ഉണ്ടായത്. കാട്ടായിക്കുളം സ്വദേശികളായ രതീഷ് രജനീഷ് എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

വീടിന് സമീപത്തായ ഇവർ ഒരു പശു ഫാം നടത്തിവരികയായിരുന്നു. ഈ ഫാമിനടുത്ത് ലഹരി ഉപയോഗവും വിൽപനയും സജീവമാണെന്ന് ഇവരുടെ ശ്രദ്ധയിൽപ്പെടുകയും തുടർന്ന് പോത്തൻകോട് പൊലീസിൽ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു.

ലഹരി ഉപയോഗം പൊലീസിനെ അറിയിച്ചത് ഈ സഹോദരങ്ങളാണെന്ന് പറഞ്ഞുകൊണ്ട് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇവർക്ക് നേരെ കയ്യേറ്റം നടന്നിരുന്നു.

ഇന്നലെ ഇവർ തൊഴുത്തിൽ ജോലി ചെയ്തുകൊണ്ടിരുന്നപ്പോൾ എട്ട് പേരോളം അടങ്ങുന്ന സംഘം അതിക്രമിച്ച് കയറി ഇവരെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. അക്രമികളിൽ പ്രായപൂർത്തിയാകാത്തവരുമുണ്ടെന്ന് സഹോദരങ്ങൾ പറഞ്ഞു.

രണ്ടുപേർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പോത്തൻകോട് പൊലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് പരിക്കേറ്റ സഹോദരങ്ങളും നാട്ടുകാരും പറയുന്നുണ്ട്.

വടിവാൾ പോലത്തെ ആയുധം ഉപയോ​ഗിച്ചാണ് ഇരുവരെയും ആക്രമിച്ചത്. രതീഷിനാണ് ഗുരുതരമായി പരുക്കേറ്റത്. തലയിൽ ഇരുപതോളം സ്റ്റിച്ച് ഉണ്ട്. കൈയിൽ പൊട്ടലും ഉണ്ട്. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ആദ്യം ഇരുവർക്കും നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ തന്നെ പൊലീസിൽ പരാതി നല്കിയിരുന്നെന്നും എന്നാൽ പൊലീസ് വേണ്ട നടപടിയൊന്നും എടുത്തില്ലെന്ന് മാത്രമല്ല, പ്രതികളെ പിടിച്ച് നൽകൂ എന്ന് പരിഹസിക്കുകയും ചെയ്തു.

പിന്നീട് ഇരുവരെയും ആശുപത്രിയിലെത്തിച്ചപ്പോഴും അക്രമികൾ അവിടെയെത്തിയിരുന്നു. പരിക്കേറ്റ ഇരുവരുടെയും മുന്നിൽ ഇന്ന് നൃത്തം ചെയ്യുകയും ചെയ്തു. ഈ വിവരം പോലീസിനെ അറിയിക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് ഫോൺ എടുത്തില്ലെന്നും ഇവർ പറയുന്നു. തുടർന്ന് മംഗലാപുരം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ രാത്രിയോടുകൂടെയാണ് അക്രമത്തിന് പൊലീസ് കേസെടുത്തത്.

Content Highlight: Police were informed about the sale of ganja; drug mafia attacked and injured the brothers

Latest Stories

We use cookies to give you the best possible experience. Learn more