തിരുവനന്തപുരം: അതിജീവിതയെ അപമാനിച്ചാൽ കർശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്. അപമാനിക്കാൻ ശ്രമിക്കുന്നവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ നിരീക്ഷിക്കുമെന്നും ആവശ്യമെങ്കിൽ ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കുമെന്നും പൊലീസ് അറിയിച്ചു.
ജില്ലാ പൊലീസ് മേധാവിമാർക്ക് ഡി.ജി.പി നിർദേശം നൽകിയെന്നാണ് റിപ്പോർട്ട്. യുവതിയുടെ പരാതിയിൽ കൂടുതൽ നടപടിയുണ്ടാകുമെന്നും സൈബർ ഗ്രൂപ്പുകൾക്കെതിരെ നടപടിയെടുക്കുമെന്നും എ.ഡി.ജി.പി ശ്രീജിത്ത് പറഞ്ഞു. അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിജീവിതയെ തിരിച്ചറിയുന്ന തരത്തിൽ വെളിപ്പെടുത്തൽ നടത്തിയ കേസിൽ നിലവിൽ അഞ്ച് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
രഞ്ജിത പുളിക്കൽ, അഡ്വക്കേറ്റ് ദീപ ജോസഫ്, സന്ദീപ് വാര്യർ, രാഹുൽ ഈശ്വർ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. നിലവിൽ രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അതിജീവിതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തത്.
സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണങ്ങൾ നടത്തിയെന്നും ചിത്രങ്ങളും പേരും വിവരങ്ങളും അടക്കം സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കപ്പെടുന്നതായും അതിജീവിത പരാതിയിൽ പറയുന്നു.
നിലവിൽ രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി ഒളിവിൽ കഴിയുന്ന സാഹചര്യത്തിലാണ് ഇവർക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്.
Content Highlight: Police warn of strict action against those who insult a survivor