ന്യൂദല്‍ഹി: നീറ്റ്-യു.ജി ക്രമക്കേടുകള്‍ക്കെതിരായ വിദ്യാര്‍ത്ഥി പ്രതിഷേധത്തിനിടെ ദല്‍ഹി പൊലീസ് നടത്തിയ ആക്രമണം അന്വേഷിക്കാന്‍ സുപ്രീം കോടതി രൂപീകരിച്ച ഹൈപവര്‍ എന്‍ക്വയറി കമ്മിറ്റിയെ പുനസംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജികള്‍.
നിലവിലെ സമിതിക്ക് കേന്ദ്ര സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ദല്‍ഹി പൊലീസ്, റാപിഡ് ആക്ഷന്‍ ഫോഴ്‌സ് എന്നിവരുടെ പങ്ക് പരിശോധിക്കാന്‍ മതിയായ അധികാരമില്ലെന്നാണ് ഹരജിക്കാരുടെ വാദമെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
നീറ്റ് പ്രതിഷേധത്തിനിടെ പൊലീസ് ബലപ്രയോഗം, പ്രതിഷേധക്കാരോടുള്ള അതിക്രമം തുടങ്ങിയ ആരോപണങ്ങളാണ് ഹരജികളില്‍ ഉന്നയിച്ചിരിക്കുന്നത്. ഈ ആരോപണങ്ങളില്‍ സ്വതന്ത്രവും ഫലപ്രദവുമായ അന്വേഷണം നടത്താന്‍ നിലവിലെ അന്വേഷണ സമിതിക്ക് കഴിയുമോ എന്ന കാര്യത്തിലാണ് ഹരജിക്കാര്‍ പ്രധാനമായും ആശങ്ക ഉന്നയിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതിഷേധത്തിനിടെ നടന്ന സംഭവങ്ങളില്‍ ഉത്തരവാദികളായവരുടെ പങ്ക് കൃത്യമായി അന്വേഷിക്കണമെന്നും അതിനായി കൂടുതല്‍ ശക്തവും സ്വതന്ത്രവുമായ സമിതി രൂപീകരിക്കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു. നിലവിലെ ഹൈപവര്‍ കമ്മിറ്റിയെ ‘അപര്യാപ്തമായ സംവിധാനം’ ആക്കരുതെന്നും ഉന്നതതലത്തിലുള്ളവരുടെ പങ്ക് ഉള്‍പ്പെടെ പരിശോധിക്കണമെന്നും ഹരജിയില്‍ പറഞ്ഞു.
നീറ്റ് പ്രതിഷേധവുമായി ബന്ധപ്പെട്ട പൊലീസ് നടപടികളെക്കുറിച്ചുള്ള പരാതികളില്‍ വനിതാ പ്രതിഷേധക്കാര്‍ക്കെതിരായ ലൈംഗികാതിക്രമ ആരോപണങ്ങളും ഉള്‍പ്പെടുന്നു. ഇത്തരം പരാതികള്‍ക്ക് മുന്‍ഗണന നല്‍കി പരിശോധിക്കണമെന്ന് സുപ്രീം കോടതി നേരത്തെ അന്വേഷണ സമിതിയോട് നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനാല്‍ പ്രതിഷേധത്തിനിടെ നടന്ന പൊലീസ് നടപടികളില്‍ യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്നും അതിന് ഉത്തരവാദികള്‍ ആരാണെന്നും കണ്ടെത്താന്‍ അന്വേഷണത്തിന്റെ പരിധി വിപുലീകരിക്കണമെന്ന് ഹരജിയില്‍ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യുന്നു.
സി.ജെ.പിയുടെ നേതൃത്വത്തില്‍ ജൂലൈ 20ന് നീറ്റ് യു.ജി ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച വിദ്യാര്‍ത്ഥി പ്രതിഷേധത്തെ ക്രൂരമായാണ് ദല്‍ഹി പൊലീസ് അടിച്ചമര്‍ത്തിയത്. ഇതേ തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
Content Highlights: Police violence during NEET-UG protests; petition seeks reconstitution of inquiry committee.