| Tuesday, 17th November 2026, 4:06 pm

എസ്.എഫ്.ഐ കൊൽക്കത്ത യൂണിവേഴ്സിറ്റി സംഘടിപ്പിച്ച 'സംഗ്രാമി ബോയ്‌പത്ര'പുസ്തകശാലയ്ക്ക് നേരെ പൊലീസ് അതിക്രമം

ശ്രീലക്ഷ്മി പി.പി

കൊൽക്കത്ത: നവംബർ വിപ്ലവത്തിന്റെ സ്മരണാർത്ഥം എസ്.എഫ്.ഐ കൊൽക്കത്ത യൂണിവേഴ്സിറ്റി കോളേജ് സ്ട്രീറ്റിൽ സംഘടിപ്പിച്ച ‘സംഗ്രാമി ബോയ്‌പത്ര’ (Sangrami Boipatra) പുസ്തകശാലയ്ക്ക് നേരെ പൊലീസ് അതിക്രമം.

ലാൽബസാറിലെ പൊലീസ് ആസ്ഥാനത്ത് മുൻകൂട്ടി അറിയിപ്പ് നൽകിയിരുന്നിട്ടും പുസ്തക സ്റ്റാൾ തടയുന്നതിനായി വൻ പൊലീസ് സന്നാഹത്തെയും പ്രിസൺ വാനുകളെയും വിന്യസിച്ചതായി എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ ആദർശ് എം. സജി സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചു.

പൊലീസ് ബലപ്രയോഗത്തിലൂടെ സ്റ്റാൾ തടയാൻ ശ്രമിച്ചെങ്കിലും, വിദ്യാർഥികളും കോളേജ് സ്ട്രീറ്റിലെ പുസ്തക വിൽപ്പനക്കാരും ചേർന്ന് ട്രാം ട്രാക്കിൽ പുസ്തക സ്റ്റാൾ ഒരുക്കി പ്രതിഷേധിച്ചു.

തുടർന്ന് വിദ്യാർഥികൾക്കെതിരെ പൊലീസ് അതിക്രമം നടത്തുകയും മർദിക്കുകയും ചെയ്തതായും, നേതാക്കളായ ദേബാഞ്ജൻ ഡേ, ദിധിതി റോയ് എന്നിവരടക്കമുള്ളവരെ അറസ്റ്റ് ചെയ്തതായും എസ്.എഫ്.ഐ വ്യക്തമാക്കി.

പൊലീസ് നടപടിയെ എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി ശക്തമായി അപലപിച്ചു. പുസ്തകങ്ങളെയും യുക്തിചിന്തയെയും പ്രതിഷേധങ്ങളെയും ഭരണകൂടം ഭയപ്പെടുകയാണെന്ന് കേന്ദ്ര കമ്മിറ്റി പ്രസ്താവനയിൽ വിമർശിച്ചു.

കൂടുതൽ അടിച്ചമർത്തലുകൾ ചെറുത്തുനിൽപ്പിനെ കൂടുതൽ ശക്തിപ്പെടുത്തുകയേയുള്ളൂവെന്നും, ബുൾഡോസറുകൾക്കും ജയിൽ വാനുകൾക്കുമെതിരെ പുസ്തകങ്ങൾക്കൊപ്പം അണിനിരക്കണമെന്നും എസ്.എഫ്.ഐ ആഹ്വാനം ചെയ്തു.

Content Highlight:Police violence against the ‘Sangrami Boipatra’ bookstall organized by the SFI at Calcutta University.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more