| Saturday, 10th October 2026, 1:54 pm

ദല്‍ഹിയില്‍ പൊലീസ് നരനായാട്ട്; പൊലീസിന് വഴങ്ങാതെ തെരുവിലിറങ്ങി പ്രതിഷേധക്കാര്‍

റെന്വര്‍ പി

ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പിയും ഇടത് വിദ്യാര്‍ത്ഥി സംഘടനകളും പ്രഖ്യാപിച്ച പ്രതിഷേധം അടിച്ചമര്‍ത്താന്‍ ശ്രമിച്ച് പൊലീസ്. പൊലീസിന്റെ അടിച്ചമര്‍ത്തല്‍ ശ്രമങ്ങള്‍ക്കിടയിലും പ്രതിഷേധത്തിനായി ദല്‍ഹിയില്‍ തെരുവിലിറങ്ങി പ്രതിഷേധക്കാര്‍.

പൊലീസ് ക്രൂരമായി പ്രതിഷേധക്കാരായ വിദ്യാര്‍ത്ഥികളെയും യുവാക്കളെയും മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുന്നതായി ഈ ദൃശ്യങ്ങളില്‍ കാണാം.

സി.ജെ.പി നേതാക്കളായ അഭിജിത് ദീപ്‌കെ, സൗരവ് ദാസ്, അഷുതോഷ് രങ്ക എന്നിവരെ ദല്‍ഹി വിമാനത്താവളത്തില്‍ നിന്ന് വിമാനത്തില്‍ കയറി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സി.ജെ.പി ലീഗല്‍ സെല്‍ നേതാവ് രത്‌ന സിങിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എസ്.എഫ്.ഐ നേതാവ് ഐഷെ ഘോഷ് അടക്കമുള്ളവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

സമരത്തെ പരാജയപ്പെടുത്താനായി ദല്‍ഹി മുഴുവന്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിയിട്ടുണ്ട്.
പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തുന്ന യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ദല്‍ഹി പൊലീസ് ഇന്ന് രാവിലെ മുതല്‍ തന്നെ കസ്റ്റഡിയിലെടുക്കാന്‍ ആരംഭിച്ചിരുന്നു. ദല്‍ഹിക്ക് പുറമെ മറ്റ് നഗരങ്ങളില്‍ നിന്ന് ജന്തര്‍ മന്തറിലേക്ക് യാത്ര തിരിച്ച യുവാക്കളെയും അതത് പ്രദേശങ്ങളിലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ദല്‍ഹിക്ക് സമീപം ഗുഡ്ഗാവില്‍ വെച്ച് സോഷ്യല്‍ ആക്ടിവിസ്റ്റ് ധ്രുവ് റാഠിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തില്‍ പങ്കെടുക്കാനായി എന്‍.സി.ആറില്‍ എത്തിച്ചേര്‍ന്നതിന് പിന്നാലെയായിരുന്നു ഗുഡ്ഗാവില്‍ നിന്ന് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സി.പി.ഐ.എമ്മിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജയില്‍ പോലെ അറകളുള്ള വാഹനത്തിലാണ് തങ്ങളെ കൊണ്ടുപോയതെന്ന് കസ്റ്റഡിയിലെടുത്ത സി.പി.ഐ.എം നേതാക്കള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞിരുന്നു. തങ്ങളോട് പൊലീസ് മര്യാദയില്ലാതെയാണ് പെരുമാറുന്നതെന്നും എന്താണ് തങ്ങള്‍ ചെയ്ത കുറ്റമെന്നും അവര്‍ പറഞ്ഞു.

ഒരു മണിക്കൂറോളം തങ്ങളെ നഗരത്തില്‍ റോന്ത് ചുറ്റിച്ച ശേഷം ഛത്രസാല്‍ സ്റ്റേഡിയത്തില്‍ എത്തിച്ചിരിക്കുകയാണ് പൊലീസ് ചെയ്തതെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി. പറഞ്ഞു. എന്താണ് ഞങ്ങള്‍ ചെയ്ത കുറ്റം എന്ന് അറിയില്ല. സാമാന്യ മര്യാദയില്ലാതെയാണ് പൊലീസ് പെരുമാറുന്നത്. ഫോട്ടോ എടുത്താല്‍ പേടിപ്പിക്കുന്ന അവസ്ഥയാണ്. ഇതാണ് ദല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിന്റെ ബലപ്രയോഗത്തില്‍ പലര്‍ക്കും പരിക്കേറ്റതായി പി. രാജീവ് പറഞ്ഞു. ഒരു മണിക്കൂറോളം ആയി വാഹനത്തില്‍. അറകളുള്ള വാഹനത്തിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. എങ്ങോട്ടാണെന്ന് അറിയില്ല. പൊലീസ് സ്റ്റേഷനിലേക്കാണെന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യദ്രോഹിയായ സുഹൃത്തിനെ സംരക്ഷിക്കാന്‍ ഏകാധിപതി അയാളുടെ സ്വന്തം പൗരര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നുവെന്ന് സി.ജെ.പി തങ്ങളുടെ നേതാക്കളെ കസ്റ്റഡിയിലെടുത്തതിനെ കുറിച്ച് പ്രതികരിച്ചു.
ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

ദല്‍ഹിയിലെ ഓരോ ജില്ലയിലുമായി 13 താല്‍ക്കാലിക തടങ്കല്‍ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. കസ്റ്റഡിയിലെടുക്കുന്നവരെ ഈ തടങ്കല്‍ കേന്ദ്രങ്ങളിലേക്കാണ് മാറ്റുക. ദല്‍ഹി പോലീസ് 30,000-ത്തിലധികം ഉദ്യോഗസ്ഥരെ നഗരത്തില്‍ വിന്യസിച്ചിരുന്നു.

ദല്‍ഹിയില്‍ ഗതാഗത നിയന്ത്രണവും ഇന്റര്‍നെറ്റ് റദ്ദാക്കലുമടക്കമുള്ള നടപടികളും സ്വീകരിച്ചിരുന്നു. ജന്തര്‍ മന്തറില്‍ പ്രതിഷേധം നടക്കാനിരിക്കെ ദല്‍ഹിയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിരുന്നു. ഇന്നലെ (ഒക്ടോബര്‍ ഒമ്പത്, വെള്ളി) രാത്രി 10 മുതല്‍ 24 മണിക്കൂര്‍ നേരത്തേക്കാണ് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടയുന്നത്.

ജന്തര്‍ മന്തറിലേക്ക് യാത്ര ചെയ്യുന്ന ‘സംശയാസ്പദമായ’ വ്യക്തികളെ വാഹനങ്ങളില്‍ കയറ്റുന്ന കാര്യത്തില്‍ ജാഗ്രത പാലിക്കണം എന്ന് ഊബര്‍, ഓല തുടങ്ങിയ ഓണ്‍ലൈന്‍ ക്യാബ് സേവനങ്ങളോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു.

Content Highlight: Police Violence Against Students Who Protest at Delhi

 
റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more