| Wednesday, 14th January 2026, 7:07 am

അതീവ സുരക്ഷയില്‍ തെളിവെടുപ്പ്; അന്വേഷണവുമായി ഒരു തരത്തിലും സഹകരിക്കാതെ രാഹുല്‍

ആദര്‍ശ് എം.കെ.

പത്തനംതിട്ട: പീഡനക്കേസില്‍ പ്രതിയായ പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെ തെളിവെടുപ്പിനായി തിരുവല്ലയിലെ ക്ലബ്ബ് 7 ഹോട്ടലിലെത്തിച്ച് പൊലീസ്. പ്രതിഷേധ സാധ്യതകള്‍ കണക്കിലെടുത്ത് അതിരാവിലെയാണ് അന്വേഷണ സംഘം രാഹുലുമായി തെളിവെടുപ്പിനെത്തിയത്. കനത്ത പൊലീസ് സുരക്ഷയിലാണ് തെളിവെടുപ്പ്.

കഴിഞ്ഞ ദിവസം ചീമുട്ടയേറ് ഉള്‍പ്പടെയുള്ള പ്രതിഷേധങ്ങളുണ്ടായ സാഹചര്യത്തിലാണ് അതിരാവിലെ തന്നെ തെളിവെടുപ്പ് പൂര്‍ത്തിയാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. പുലര്‍ച്ചെ ആറരയോടെ നൂറിലധികം പോലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് രാഹുലിനെ ഹോട്ടലില്‍ എത്തിച്ചത്.

മാധ്യമപ്രവര്‍ത്തകര്‍ക്കടക്കം ഹോട്ടലിനുള്ളിലേക്ക് പ്രവേശനം അനുവദിക്കാതെ അതീവ രഹസ്യമായാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

2024 ഏപ്രില്‍ 8ന് പരാതിക്കാരിയായ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ഈ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചു എന്നതാണ് രാഹുലിനെതിരെയുള്ള പ്രധാന കേസ്. പെണ്‍കുട്ടിയുടെ പേരില്‍ എടുത്ത മുറിയില്‍ ഒന്നേമുക്കാല്‍ മണിക്കൂറോളം ഇവര്‍ ചെലവഴിച്ചതായി യുവതി മൊഴി നല്‍കിയിട്ടുണ്ട്.

സ്വകാര്യമായി സംസാരിക്കാനെന്ന വ്യാജേന ഹോട്ടലിലെത്തിച്ച് ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നും, പിന്നീട് ഗര്‍ഭച്ഛിദ്രം നടത്താനും സാമ്പത്തികമായി ചൂഷണം ചെയ്യാനും രാഹുല്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു.

ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍, മറ്റ് രേഖകള്‍, സാക്ഷിമൊഴികള്‍ എന്നിവ പരിശോധിച്ച് രാഹുലിന്റെ സാന്നിധ്യം സ്ഥിരീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നിലവില്‍ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ് രാഹുല്‍ ഉള്ളത്.

കേസിന്റെ ഭാഗമായി സാധ്യമായ തെളിവുകളെല്ലാം തന്നെ ശേഖരിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. തെളിവുകളുടെ അഭാവത്തില്‍ കേസ് ദുര്‍ബലമാകാതിരിക്കാനുള്ള ജാഗ്രതയിലാണ് പൊലീസ്.

അതേസമയം, അന്വേഷണവുമായി ഒരു തരത്തിലും രാഹുല്‍ സഹകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അറസ്റ്റ് മെമ്മോയില്‍ ഒപ്പിടാനോ തന്റെ മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ പാസ്‌വേര്‍ഡ് കൈമാറാനോ രാഹുല്‍ ഇതുവരെ തയ്യാറായിട്ടില്ല,.

തെളിവെടുപ്പ് പൂര്‍ത്തിയാക്കി രാഹുലിനെ തിരികെ കൊണ്ടുപോകുമ്പോഴും പ്രതിഷേധങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് നഗരത്തിലുടനീളം കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlight: Police take Rahul Mamkootatil, accused in rape case, to hotel for evidence collection

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more