| Tuesday, 7th May 2013, 1:40 am

മന്ത്രി ജയലക്ഷ്മിയെ പിന്തുടര്‍ന്നതിന് ആസിഫലിയെ പോലീസ് 'പൊക്കി'

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം:  മന്ത്രിയുടെ കാറിന് പിറകെ പെട്ടുപോകുന്നവര്‍ ശ്രദ്ധിക്കുക. വാഹനത്തിലെ ഫോഗ് ലൈറ്റ് പ്രകാശിക്കുന്നുണ്ടെങ്കില്‍ നിങ്ങളെ പോലീസ് പൊക്കും. മന്ത്രി ജയലക്ഷ്മിയുടെ കാറിന് പിറകെ യാത്ര ചെയ്ത് പൊല്ലാപ്പിലായത് മറ്റാരുമല്ല, യുവനടന്‍ ആസിഫലിയാണ്. മലപ്പുറം പൂക്കിപ്പറമ്പില്‍ ദേശീയ പാത 17ലാണ് സംഭവുണ്ടായത്. മന്ത്രി ജയലക്ഷ്മിയുടെ വാഹനം പിന്തുടര്‍ന്നുവെന്ന് ആരോപിച്ചാണ് പരപ്പനങ്ങാടി പോലീസാണ് ആസിഫലിയെ കസ്റ്റഡിയിലെടുത്തത്. []

കോഴിക്കോട് നിന്ന് എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്നു യുവജന ക്ഷേമവകുപ്പ് മന്ത്രി കൂടിയായ പി.കെ ജയലക്ഷ്മി. മന്ത്രിയുടെ വാഹനത്തിന് പിറകെ ഒരു ആഡംബര കാര്‍ പിന്തുടരുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ബി.എം.ഡബ്ല്യു കാറായതിനാല്‍ ഫോഗ് ലൈറ്റ് പ്രകാശിക്കുന്നുണ്ട്. പോലീസിന് അതത്ര പിടിച്ചില്ല. ഫോഗ് ലൈറ്റ് പ്രകാശിപ്പിച്ച് മന്ത്രിയുടെ കാറിന് പിറകെ മറ്റൊരു കാറോ…

തുടര്‍ന്ന് വെന്നിയൂരില്‍ വെച്ച് പോലീസ് ആസിഫലിയുടെ വാഹനത്തെ തടഞ്ഞു. ലൈറ്റിട്ട് മന്ത്രിയെ പിന്തുടരുന്നത് എന്തിനാണെന്നായിരുന്നു പോലീസിന്റെ ചോദ്യം. നമ്മുടെ പോലീസ് പുതിയ ടെക്‌നോളജിയാണ് കാറില്‍ ഉപയോഗിച്ചത് എന്നൊന്നും മനസ്സിലാക്കേണ്ട. പക്ഷെ ലൈറ്റ് ഓട്ടോമാറ്റിക്കാണെന്ന് ആസിഫലി വിശദീകരിച്ചപ്പോള്‍ അത് ഉള്‍ക്കൊള്ളാനുള്ള വിവേകമെങ്കിലും കാണിക്കേണ്ടേ.

ആസിഫിന്റെ വിശദീകരണത്തിനൊന്നും ഫലമുണ്ടായില്ലെന്ന് മാത്രമല്ല, നടനാണെന്ന പരിഗണനയൊന്നും നല്‍കാതെ പോലീസ് സ്‌റ്റൈലില്‍ വിരട്ടിവിട്ടു. മന്ത്രിയെപ്പോലെ തന്നെ ആസിഫിനും എറണാകുളം ഭാഗത്തേക്കാണ് പോകേണ്ടിയിരുന്നത്. പോലീസിന്റെ വിരട്ടലൊക്കെ കഴിഞ്ഞ് യാത്ര തുടര്‍ന്ന ആസിഫിന്റെ കാറിന് മുന്നിലതാ വീണ്ടും മന്ത്രിയുടെ കാര്‍.

മന്ത്രിയുടെ കാറിന് പിറകില്‍ ആസിഫിന്റെ കാറെത്തിയതോടെ ഉടന്‍ പോലീസ് മറ്റ് സ്‌റ്റേഷനുകളിലേക്ക് വിവരം നല്‍കി. മലപ്പുറം പൂക്കിപ്പറമ്പ് ഭാഗത്ത് വെച്ച് ഹൈവേ പോലീസ് വീണ്ടും ആസിഫലിയെ തടഞ്ഞു.

ഏതാണ്ട് മുക്കാല്‍ മണിക്കൂറോളം റോഡില്‍ ആസിഫലിയും പോലീസും തമ്മില്‍ തര്‍ക്കം. ഒടുവില്‍ തന്നെ അറസ്റ്റു ചെയ്യുകയോ അല്ലെങ്കില്‍ പോകാന്‍ അനുവദിക്കുകയോ ചെയ്യണമെന്ന് നടന്‍ ആവശ്യപ്പെട്ടു.

ആസിഫലിയെയും വാഹനത്തെയും പോലീസ് കസ്റ്റഡിയിലെടുത്ത് പരപ്പനങ്ങാടി സി.ഐ ഓഫീസിലേക്ക് കൊണ്ടുപോയി. സ്‌റ്റേഷനിലെത്തിയപ്പോള്‍ പോലീസ് കൈമലര്‍ത്തി. മുകളില്‍ നിന്ന് നിര്‍ദേശമുണ്ടായതുകൊണ്ടാണ് വാഹനം തടഞ്ഞതെന്ന് പോലീസ് വിശദീകരിച്ചു.

പോലീസുമായി തര്‍ക്കിച്ച് ക്ഷീണിതനായ ആസിഫ് ഒടുവില്‍ പോലീസിന്റെ വക ഇളനീര്‍ കുടിച്ചാണ് സ്‌റ്റേഷന്‍ വിട്ടത്. സംഭവം സിനിമാ സ്പിരിറ്റെലുത്ത ആസിഫലി പോലീസിന് ഉപദേശം നല്‍കാനും മറന്നില്ല.

ഉപദേശം മറ്റൊന്നുമായിരുന്നില്ല, പോലീസ് കുറച്ച് കൂടി മാന്യമായി പെരുമാറണമെന്നായിരുന്നു.

ഒരു തെറ്റിധാരണ കൊണ്ടാണ് സംഭവം ഉണ്ടായതെങ്കിലും കേരളപോലീസിന്റെ ശരിയായ സ്വഭാവം ആസിഫിന് മനസ്സിലായിട്ടുണ്ടാകും…..

We use cookies to give you the best possible experience. Learn more