| Thursday, 15th October 2026, 8:43 am

അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ്; സംഭവം പുലര്‍ച്ചെ നാല് മണിക്ക്

നിഷാന. വി.വി

ന്യൂദല്‍ഹി: കൊല്ലപ്പെട്ട മകള്‍ക്ക് നീതി തേടി ഇന്ത്യാ ഗേറ്റില്‍ സമരം ചെയ്ത അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. പിന്നീട് ഇവരെ വിട്ടയച്ചു.

മുന്‍ ഉത്തരാഖണ്ഡ് ബി.ജെ.പി ഇന്‍ചാര്‍ജ് ദുഷ്യന്ത് കുമാര്‍ ഗൗതമിനെ സിക്കിം ഗവര്‍ണറായി നിയമിച്ചതിനെതിരെയായിരുന്നു ദല്‍ഹിയിലെ ഇന്ത്യാ ഗേറ്റിന് മുന്നില്‍ ഇവര്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. ദുഷ്യന്തിന്റെ നിയമനം റദ്ദാക്കുന്നത് വരെ തങ്ങള്‍ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് കുടുംബം വ്യക്തമാക്കി.

‘ഞങ്ങള്‍ സര്‍ക്കാരിന് 24 മണിക്കൂര്‍ സമയം നല്‍കുന്നു. സിക്കിം ഗവര്‍ണറായി ദുഷ്യന്ത് കുമാറിന്റെ നിയമനം റദ്ദാക്കണം. ഇത് പിന്‍വലിച്ചില്ലെങ്കില്‍, രാജ്യത്തുടനീളം ജനം തെരുവിലിറങ്ങും, സര്‍ക്കാര്‍ ഉത്തരവാദിയായിരിക്കും,’ അങ്കിത ഭണ്ഡാരിയുടെ പിതാവ് പറഞ്ഞു.

ഇന്നലെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇന്ത്യാ ഗേറ്റിലെത്തി ഇവര്‍ക്ക് പിന്തുണയുമായി മിന്നല്‍ സമരം നടത്തിയിരുന്നു.

കോണ്‍ഗ്രസ് നേതാക്കളായ ഇമ്രാന്‍ പ്രതാപ്ഗഢി, പവന്‍ ഖേര, ഉദയ് ഭാനു ചിബ് എന്നിവരും ഇന്ത്യ ഗേറ്റിലെത്തിയിരുന്നു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം പ്രസ്തുത പ്രദേശത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നതായി പ്രതിഷേധ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഋഷികേശിലെ വനാന്തര റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റായിരുന്ന 19കാരിയായ അങ്കിത ഭണ്ഡാരി 2022 സെപ്റ്റംബര്‍ 18ന് കൊല്ലപ്പെടുകയും മൃതദേഹം നാലുദിവസത്തിന് ശേഷം സമീപത്തുള്ള ചില്ല കനാലില്‍ നിന്നും കണ്ടെത്തുകയുമായിരുന്നു.

മുന്‍ ബി.ജെ.പി നേതാവ് വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു റിസോര്‍ട്ട്.

സംഭവത്തില്‍ പുല്‍കിത് ആര്യയെയും രണ്ട് കൂട്ടാളികളെയും അറസ്റ്റ് ചെയ്യുകയും ഇവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. കേസില്‍ ദുഷ്യന്ത് കുമാര്‍ ഗൗതമിന്റെ പേരും ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ ഗൗതമിനെതിരെ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല.

Content Highlight: Police take Ankita Bhandari’s parents into custody; incident occurred at 4 AM.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more