| Saturday, 5th September 2026, 9:59 pm

ഇത് താന്‍ ഡാ മാസ്... അരയില്‍ തോക്കും തിരുകി പൊലീസ് സ്റ്റേഷനിലേക്ക് ഒരു വരവുണ്ട്; ഒ.ടി.ടി റിലീസിന് ശേഷവും കൈയടി നേടി ചന്ദ്ര

അമര്‍നാഥ് എം.

ഈ വര്‍ഷത്തെ ഏറ്റവും മികച്ച തിയേറ്റര്‍ എക്‌സ്പീരിയന്‍സുകളിലൊന്നാണ് അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത ഡി.സി. സംവിധായകന്‍ ലോകേഷ് കനകരാജ് ആദ്യമായി നായകവേഷത്തിലെത്തിയ ചിത്രം സര്‍പ്രൈസ് ഹിറ്റായി മാറുകയായിരുന്നു. ബോക്‌സ് ഓഫീസില്‍ 100 കോടിയിലേറെ നേടിയ ചിത്രം കഴിഞ്ഞദിവസം ഒ.ടി.ടിയിലെത്തി.

സണ്‍ നെക്‌സ്റ്റിലൂടെ സ്ട്രീം ചെയ്യുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ടെംപ്ലേറ്റ് കഥയുടെ അതിഗംഭീര അവതരമാണ് ഡി.സിയുടേത്. ദേവ്ദാസ് എന്ന പ്രണയകാവ്യത്തെ വയലന്‍സിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച സംവിധായകനെ പലരും പ്രശംസിക്കുകയാണ്. സാധാരണയായി പോകേണ്ട സീനിനെ വേറെ ലെവലിലെത്തിച്ച അനിരുദ്ധിന്റെ സംഗീതവും പോസിറ്റീവ് ഫാക്ടറുകളിലൊന്നാണ്.

അങ്ങിങ്ങായി പല മാസ് സീനുകളുണ്ടെങ്കിലും തിയേറ്ററിലും ഒ.ടി.ടിയിലും ഒരുപോലെ കൈയടി ലഭിച്ചത് പൊലീസ് സ്റ്റേഷന്‍ ഷൂട്ടൗട്ടിലാണ്. ക്ലൈമാക്‌സിന് മുമ്പ് നായകനായ ദാസിനെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോള്‍ നായികയായ ചന്ദ്ര അവനെ രക്ഷിക്കാനായി പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്ന സീന്‍ അതിഗംഭീരമായാണ് എടുത്തുവെച്ചിരിക്കുന്നത്.

സെമി ക്ലാസിക്കല്‍ ടച്ചുള്ള ബി.ജി.എമ്മിന്റെ അകമ്പടിയോടെയാണ് വാമികയുടെ എന്‍ട്രി. കറുത്ത പുതപ്പും പുതച്ചുകൊണ്ട് പൊലീസ് സ്റ്റേഷനിലേക്ക് കയറുന്ന ചന്ദ്ര തന്റെ അരയില്‍ നിന്ന് രണ്ട് തോക്കെടുത്ത് ഓരോ പൊലീസുകാരെയും വെടിവെച്ച് ഇടുന്നുണ്ട്. എല്ലാവരെയും വെടിവെച്ചിട്ട ശേഷം ദാസിനെ സ്വതന്ത്രനാക്കി തന്റെ കൂടെ കൊണ്ടുപോകുന്ന ചന്ദ്രയുടെ സീനിനെ മാസെന്ന് പറഞ്ഞാല്‍ കുറഞ്ഞുപോകും.

സാധാരണയായി വില്ലന്മാരുടെ പിടിയില്‍ പെട്ട നായികയെ രക്ഷിക്കാന്‍ നായകനെത്തുന്നു എന്ന ക്ലീഷേയെ ഈ സീനില്‍ സംവിധായകന്‍ തിരുത്തിയെഴുതിയിരിക്കുകയാണ്. ഒരു നായികയുടെ ഏറ്റവും മികച്ച മാസ് സീനെന്ന് പൊലീസ് സ്റ്റേഷന്‍ ഷൂട്ടൗട്ടിനെ വിശേഷിപ്പിക്കാം. വാമികയുടെ സ്‌ക്രീന്‍ പ്രസന്‍സും ആറ്റിറ്റിയൂഡും എടുത്തുപറയേണ്ട ഒന്നാണ്.

ക്ലൈമാക്‌സ് ഫൈറ്റില്‍ ലോകേഷിനൊപ്പം ഗണ്‍ ഫയര്‍ നടത്തുന്ന സീനിലും വാമികയുടെ സ്‌ക്രീന്‍ പ്രസന്‍സ് കൈയടി നേടുന്നുണ്ട്. കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് വാമിക ഡി.സിയില്‍ പുറത്തെടുത്തത്. തമിഴ്‌നാട്ടിലൊഴികെ മറ്റെല്ലായിടത്തും ചിത്രം ഗംഭീര വിജയമാണ് സ്വന്തമാക്കിയത്. വരുംദിവസങ്ങളില്‍ ഡി.സി കൂടുതല്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.

Content Highlight: Police station shootout scene in  DC movie discussing

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more