| Saturday, 3rd May 2025, 6:23 pm

ബി.ജെ.പി നേതാവിന്റെ പൂജാ മുറിയില്‍ നിന്ന് 1.2 കിലോ ഗ്രാം കഞ്ചാവും അഞ്ച് ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്ത് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തലശ്ശേരി: കണ്ണൂരില്‍ ബി.ജെ.പി നേതാവിന്റെ വീട്ടിലെ പൂജാ മുറിയില്‍ നിന്ന് മയക്കുമരുന്ന് പിടികൂടി പൊലീസ്. കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ റനിലിന്റെ വീട്ടിലെ പൂജാ മുറിയില്‍ നിന്നാണ് 1.2 കിലോ ഗ്രാം കഞ്ചാവും അഞ്ച് ഗ്രാം എം.ഡി.എം.എയും പൊലീസ് കണ്ടെടുത്തത്.

തലശ്ശേരി ഇല്ലത്ത് സ്വദേശിയാണ് റനില്‍. ബി.ജെ.പി നേതാവായ  റനില്‍ വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിയതായി റനിലിന്റെ സഹോദരന്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.

പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ ഇയാള്‍ വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാള്‍ കഞ്ചാവ്, എം.ഡി.എം.എ വില്‍പ്പനക്കാരനാണെന്ന് പൊലീസിന് വിവരം കിട്ടിയിരുന്നു. ഇതിനെത്തുടര്‍ന്നാണ്  പൊലീസ് പരിശോധന നടത്തിയത്. മൂന്ന് ദിവസം മുമ്പ് ഇയാളുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും തന്നെ ലഭിച്ചിരുന്നില്ല.

വീട്ടുകാരുടെ മൊഴി പ്രകാരം റനില്‍ കൂടുതല്‍ സമയവും ഈ പൂജ മുറിക്കുള്ളിലായിരുന്നു ചെലവഴിച്ചിരുന്നത്. ഇതിനെത്തുടര്‍ന്നാണ് ഇയാളുടെ കിടപ്പ് മുറിയിലും പൂജ മുറിയിലും പൊലീസ് പരിശോധന നടത്തിയത്.

പൂജാ മുറിയില്‍ ഒളിപ്പിച്ച് വെച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. പിന്നീട് വീടിന്റെ മറ്റ് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്. റനിലിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Content Highlight: Police seize 1.2 kg ganja and 5 grams MDMA from BJP leader’s puja room

Latest Stories

We use cookies to give you the best possible experience. Learn more