ന്യൂദല്‍ഹി: കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ സ്റ്റിങ് ഓപ്പറേഷന്‍ നടത്താന്‍ ഉപയോഗിച്ച ഫോണ്‍ കൈമാറിയത് കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ വസതിയില്‍ വെച്ചാണെന്ന് പൊലീസ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്.
മൊബൈല്‍ ഫോണ്‍ വാങ്ങിയത് ദല്‍ഹിയില്‍നിന്നാണെന്നും അത് കൈമാറിയത് കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് ഇത് കൈമാറിയതെന്നും കല്‍ബുര്‍ഗിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയാങ്ക് ഖാര്‍ഗെ പറഞ്ഞു. ഇതിനെ ശക്തവും നിഷേധിക്കാനാകാത്തതുമായ തെളിവെന്നാണ് ഖാര്‍ഗെ വിശേഷിപ്പിച്ചത്.
കുമാരസ്വാമിയുടെ വസതിയിലേക്കും അദ്ദേഹത്തിന്റെ കൂട്ടാളികളിലേക്കും വിരല്‍ ചൂണ്ടുന്ന സാങ്കേതിക തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ടെന്നും അത് വെറും സാഹചര്യത്തെളിവുകളല്ലെന്നും ഖാര്‍ഗെ പറഞ്ഞു. സിദ്ധരാമയ്യ, ഡി.കെ.ശിവകുമാര്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങി മുതിര്‍ന്ന നേതാക്കളെ അപകീര്‍ത്തിപ്പെടുത്താന്‍ ഒരു കേന്ദ്രമന്ത്രി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ സര്‍ക്കാരിനുള്ളിലെ നിക്ഷിപ്ത താത്പര്യക്കാര്‍ നേരിട്ടോ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സി.സി.ബി) പോലുള്ള അന്വേഷണ ഏജന്‍സികള്‍ വഴിയോ കെട്ടിച്ചമച്ചതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങള്‍ തെരഞ്ഞെടുത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി വ്യാജ ആഖ്യാനങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് വെള്ളിയാഴ്ച എച്ച്.ഡി.കുമാരസ്വാമിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഒക്ടോബര്‍ ആദ്യം, 2011ല്‍ പ്രായപൂര്‍ത്തിയാകാത്ത കാലത്ത് സിദ്ധരാമയ്യയുമായി ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് ഒരു മലയാളി സംസാരിക്കുന്ന രണ്ട് വീഡിയോകള്‍ യൂട്യൂബില്‍ പ്രചരിക്കാന്‍ തുടങ്ങി. പവര്‍ ടി.വി എം.ഡി രാകേഷ് ഷെട്ടിയും, പിന്നീട് കോണ്‍ഗ്രസ് അംഗത്വത്തില്‍ നിന്ന് പുറത്താക്കപ്പെട്ട കര്‍ണാടക ബാലാവകാശ കമ്മീഷന്‍ മുന്‍ അധ്യക്ഷ കൃപ ആല്‍വയും ചേര്‍ന്നാണ് ഹിഡന്‍ ക്യാമറയില്‍ ഈ വീഡിയോ ചിത്രീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഒക്ടോബര്‍ 6ന്, ചില കണ്ടന്റ് ക്രിയേറ്റര്‍മാര്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സിദ്ധരാമയ്യ പൊലീസില്‍ പരാതി നല്‍കി. ഷെട്ടി, ആല്‍വ, പ്രതിപക്ഷമായ ജെ.ഡി(എസ്) സോഷ്യല്‍ മീഡിയ വിഭാഗവുമായി ബന്ധമുള്ളവര്‍ എന്നിവരുള്‍പ്പെടെ നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തു.
ദല്‍ഹി ആസ്ഥാനമായ ഫ്രീലാന്‍സ് സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്ററായ റിതേഷ് പാണ്ഡെയെ സംഭവത്തില്‍ ഒക്ടോബര്‍ 24ന് അറസ്റ്റ് ചെയ്തിരുന്നു.
ദല്‍ഹിയിലെ കരോള്‍ ബാഗിലുള്ള മൊബൈല്‍ ഷോപ്പില്‍ നിന്ന് താനും മറ്റൊരു കൂട്ടാളിയായ വിനോദ് ശര്‍മയും ചേര്‍ന്ന് ഹാന്‍ഡ്‌സെറ്റ് വാങ്ങിയത് കുമാരസ്വാമിയുടെ ഓഫീസുമായി ബന്ധപ്പെട്ട മീഡിയ കണ്‍സള്‍ട്ടന്റ് പ്രജ്വല്‍ പ്രസാദിന്റെ നിര്‍ദേശപ്രകാരമാണെന്ന് പാണ്ഡെ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി പൊലീസ് കമ്മീഷണര്‍ സീമന്ത് കുമാര്‍ സിങ് പറഞ്ഞിരുന്നു. തുടര്‍ന്ന് ഇരുവരും മന്ത്രിയുടെ കുശക് റോഡിലെ വസതിയിലെത്തി, അവിടെയുണ്ടായിരുന്ന പ്രസാദിന് ഫോണ്‍ കൈമാറിയെന്നും അദ്ദേഹം പറഞ്ഞു.
ഇവരുടെ മൊഴി പരിശോധിക്കുന്നതിനായി കടയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍, പാണ്ഡെയും പ്രസാദും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍, മറ്റു ഡിജിറ്റല്‍ രേഖകള്‍ തുടങ്ങിയവ പൊലീസ് പരിശോധിച്ചുവരികയാണ്. വീഡിയോ അതിന്റെ സ്രോതസില്‍ നിന്നും അപ് ലോഡ് ചെയ്തവരിലേക്ക് എങ്ങനെയെത്തി എന്ന് കണ്ടെത്താനാണ് പൊലീസ് അന്വേഷണം.
സെപ്റ്റംബര്‍ 27ന് ‘കര്‍ണാടക ഹണി ട്രാപ്പ്’ എന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് യൂട്യൂബിലും എക്‌സിലും പ്രചരിക്കുകയും ചില കന്നഡ ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യുകയും ചെയ്തു. വീഡിയോ പ്രചരിച്ചതിനെതിരെ സിദ്ധരാമയ്യ ഒക്ടോബര്‍ 6ന് പൊലീസില്‍ പരാതി നല്‍കി.
അന്വേഷണത്തിന്റെ ഭാഗമായി കര്‍ണാടക പൊലീസ് ദല്‍ഹിയിലെ തന്റെ ഔദ്യോഗിക വസതിയില്‍ പരിശോധന നടത്തുകയോ മഹസര്‍ തയ്യാറാക്കുകയോ ചെയ്തിട്ടില്ലെന്ന് കുമാരസ്വാമി പറഞ്ഞു. സ്റ്റിങ് വീഡിയോയില്‍ നിന്ന് പൊതുജനശ്രദ്ധ തിരിച്ചുവിടാനും രാഷ്ട്രീയനേട്ടത്തിനായി മാധ്യമങ്ങളെ ഉപയോഗിക്കാനും സംസ്ഥാന സര്‍ക്കാര്‍ തെറ്റായ വിവരങ്ങള്‍ പ്രചരിക്കാന്‍ അനുവദിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ഏതെങ്കിലും വകുപ്പോ അന്വേഷണ ഏജന്‍സിയോ മന്ത്രിയോ മാധ്യമങ്ങള്‍ക്ക് തെറ്റായ വിവരം നല്‍കിയിട്ടുണ്ടെങ്കില്‍ അവര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടു.
Content Highlight: Police says Phone used in Siddaramaiah sting row ‘changed hands at Kumaraswamy home’