തിരുവനന്തപുരം: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ആനന്ദ് തിരുമലയുടെ മരണത്തില്‍ പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് പൂജപ്പുര പൊലീസ് കേസെടുത്തത്. ആത്മഹത്യാക്കുറിപ്പില്‍ പേരുള്ള ബി.ജെ.പി നേതാക്കളെ ചോദ്യം ചെയ്യും. ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റി മെമ്പര്‍ കൃഷ്ണകുമാര്‍, ഏരിയാ പ്രസിഡന്റ് ഉദയകുമാര്‍, ആര്‍.എസ്.എസിന്റെ നഗര്‍ കാര്യവാഹ് രാജേഷ് എന്നിവരെയാണ് ചോദ്യം ചെയ്യുക. ആനന്ദിന്റെ ഭാര്യയെയും അച്ഛനെയും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. മരണാനന്തര ചടങ്ങുകള്‍ക്കുശേഷമായിരിക്കും ഇവരെ ചോദ്യം ചെയ്യുക.
തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തഴഞ്ഞെന്നാരോപിച്ചാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ജീവനൊടുക്കിയത്. തൃക്കണ്ണാപുരം സ്വദേശി ആനന്ദ് കെ. തമ്പിയാണ് മരിച്ചത്. ആര്‍.എസ്.എസ്, ബി.ജെ.പി നേതൃത്വത്തിനെതിരെ ആനന്ദ് ആത്മഹത്യാ സന്ദേശത്തില്‍ നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ആനന്ദ് ഉന്നയിച്ചത്.
ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കള്‍ക്ക് മണ്ണുമാഫിയയുമായി ബന്ധമുണ്ടെന്നും തൃക്കണ്ണാപുരത്ത് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച വിനോദ് കുമാര്‍ മണ്ണുമാഫിയയുടെ നോമിനിയാണെന്നും ആനന്ദ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് ശേഷമാണ് ആനന്ദ് ആത്മഹത്യ ചെയ്തത്. എന്നാല്‍ ഒരു ഘട്ടത്തിലും തൃക്കണ്ണാപുരത്ത് അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നില്ലെന്ന് ബി.ജെ.പി നേതൃത്വം പറഞ്ഞു.
പതിനാറാം വയസുമുതല്‍ താന്‍ ആര്‍.എസ്.എസിന്റെ പ്രവര്‍ത്തകന്‍ ആയിരുന്നെന്നും തന്റെ ഭൗതിക ശരീരം എവിടെ കുഴിച്ചിട്ടാലും ബി.ജെ.പിയുടെയും ആര്‍.എസ്എസിന്റെയും പ്രവര്‍ത്തകരെ കാണാന്‍ അനുവദിക്കരുതെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.
തന്റെ ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റ് ഒരു ആര്‍.എസ്.എസുകാരനായി ജീവിച്ചിരുന്നു എന്നതാണെന്നും ഈ മരണത്തിന് തൊട്ടുമുമ്പ് വരെയും താനൊരു ആര്‍.എസ്.എസ് പ്രവര്‍ത്തകനായി മാത്രമാണ് ജീവിച്ചിരുന്നതെന്നും അത് തന്നെയാണ് ഇന്ന് ആത്മഹത്യ ചെയ്യാനുള്ള അവസ്ഥയിലേക്ക് കൊണ്ട് എത്തിച്ചതെന്നും ആനന്ദ് കുറിപ്പില്‍ പറയുന്നു.
Content Highlight: Police register case in RSS activist Anand Thirumala’s death