| Monday, 13th October 2025, 3:23 pm

ബി. ആർ ഗവായിക്കെതിരായ പരാമർശം; അഞ്ച് പേർക്കെതിരെ കേസെടുത്ത് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ചീഫ് ജസ്റ്റിസ് ബി. ആർ ഗവായിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് അഞ്ച് പേർക്കെതിരെ കേസെടുത്ത് ബെംഗളൂരു സൈബർ പോലീസ്.

സമാധാനം തകർക്കാനുദ്ദേശിച്ച് മനപൂർവമായി അപകീർത്തിപ്പെടുത്താനാണ് പ്രതികൾ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 352 പ്രകാരമാണ് പൊലീസ് കേസെടുത്തത്.

കേസരി നന്ദൻ, ശ്രീധർകുമാർ, നാഗേന്ദ്ര പ്രസാദ്, രമേശ് നായിക്, മഞ്ജുനാഥ്‌ എം.സി മഞ്ജു എന്നിവർക്കെതിരെയാണ് കേസെടുത്തത്.

ഫേസ്ബുക്കിലെ അഞ്ച് അക്കൗണ്ടുകളിൽ നിന്നുള്ള അധിക്ഷേപകരമായ പരാമർശങ്ങൾ സോഷ്യൽ മീഡിയ മോണിറ്ററിങ് സെല്ലിലെ ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പോലീസ് സ്വമേധയാ കേസെടുത്തത്.

‘ഇതൊരു ഓർമപ്പെടുത്തലാണ്. ചെരുപ്പിന് പകരം മറ്റെന്തെങ്കിലും ആയിരുന്നേനെ. ഗോഡ്‌സെ ചെയ്തതുപോലെ,’ മനുനാഥ്‌ എം.സി മഞ്ജു എന്നയാൾ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതായി ഡക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.

മറ്റ് അക്കൗണ്ടുകൾ ചീഫ് ജസ്റ്റിസിനെതിരായി വ്യക്തിപരമായ പരാമർശങ്ങളാണ് നടത്തിയതെന്നും റിപ്പോർട്ടുകളുണ്ട്.

നേരത്തെ ഖജുരാഹോയിലെ ഏഴ് അടിയുള്ള മഹാവിഷ്ണു‌വിന്റെ വിഗ്രഹം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസിലെ ചീഫ് ജസ്റ്റിസിന്റെ പരാമർശങ്ങൾ വിവാദമായിരുന്നു.

‘ദൈവത്തോട് പോയി ചോദിക്കൂ’ എന്ന പരാമർശത്തിനുശേഷം സനാതന ധർമത്തെ അപമാനിക്കാൻ സമ്മതിക്കില്ലെന്ന് പറഞ്ഞുകൊണ്ട് അഭിഭാഷകനായ രാകേഷ് കിഷോർ സുപ്രീം കോടതിക്കുള്ളിൽവെച്ച് ഗവായിക്കുനേരെ ഷൂ എറിയുകയായിരുന്നു.

ആ വിധിക്കു ശേഷം തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്നും ഇത്തരമൊരു അപമാനത്തിനു ശേഷം തനിക്ക് എങ്ങനെ വിശ്രമിക്കാൻ കഴിയുന്നുവെന്ന് ദൈവം തന്നോട് ചോദിക്കുന്നുണ്ടെന്നും താൻ ജയിലിൽ പോകാൻ തയ്യാറാണെന്നും അഭിഭാഷകൻ പറഞ്ഞിരുന്നു.

വിഷ്ണു വിഗ്രഹത്തെ കുറിച്ചുള്ള പരാമർശം മാത്രമല്ല അതിക്രമത്തിന് കാരണമെന്നും മൗറീഷ്യസിൽ ചീഫ് ജസ്റ്റിസ് നടത്തിയ പ്രസംഗത്തിലും തനിക്ക് അതൃപ്തിയുണ്ടെന്ന് രാകേഷ് കിഷോർ പറഞ്ഞിരുന്നു.

സുപ്രീം കോടതിക്കുള്ളിൽ വെച്ച് ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്ക്കെതിരെ നടന്ന അതിക്രമത്തിൽ പ്രധാനമന്ത്രിയടക്കം അപലപിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.

Content Highlight: Police register case against five people for remarks against B. R. Gavai

We use cookies to give you the best possible experience. Learn more